Friday 14 December 2018


ബിജെപി ദേശീയപാത ഉപരോധം ചിലയിടങ്ങളില്‍ അക്രമം

By Online Desk.18 Nov, 2018

imran-azhar

 

 

തിരുവനന്തപുരം : ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി നടന്ന ദേശീയപാത ഉപരോധം ജനങ്ങളെ വലച്ചു. പലസ്ഥലങ്ങളിലും ഉപരോധം മണിക്കൂറുകള്‍ നീണ്ടു. മിക്കയിടങ്ങളിലും വാക്കേറ്റവും സംഘര്‍ഷവുമുണ്ടായി. എല്ലാ ജില്ലകളിലും ബിജെപി പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചു

 

തമ്പാനൂര്‍ ഓവര്‍ ബ്രിഡ്ജില്‍ നടന്ന ഉപരോധസമരത്തിന് എംഎസ് കുമാര്‍ നേതൃത്വം നല്‍കി. ജില്ലയില്‍ ആറ്റിങ്ങള്‍, നെയ്യാറ്റിന്‍കര എന്നിവിടങ്ങളിലും ദേശീയപാത ഉപരോധിച്ചു. രണ്ടിടത്തും ഒന്നരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. വാഹനങ്ങള്‍ തടയുന്നതിനിടയില്‍ യാത്രക്കാരും സമരക്കാരും വാക്കേറ്റവും സംഘട്ടനവുമുണ്ടായി. എറണാകുളം ജില്ലയില്‍ അങ്കമാലി, വെറ്റില, മൂവാറ്റുപുഴ എന്നിവടങ്ങളിലും ഉപരോധം നടന്നു. അതിനിടെ പൊലീസ് വഴിതിരിച്ചുവിട്ട വാഹനങ്ങള്‍ പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. വൈറ്റിലയില്‍ നടന്ന പ്രതിഷേധ പരിപാടികള്‍ ബി.ജെ.പി നേതാവ് എ.എന്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. തൃശൂര്‍ ആമ്പലൂരിലെ ഉപരോധം സംഘര്‍ഷത്തിന് ഇടയായി. കെഎസ്ആര്‍ടിസി ബസ് ഉപരോധത്തെ മറികടന്ന് സര്‍വീസ് നടത്താന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് വഴിതെളിച്ചത്. പാലക്കാട്, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഒരു മണിക്കൂര്‍ നേരമായിരുന്നു ഉപരോധം. കോട്ടയത്ത് പൊന്‍കുന്നം ,കാഞ്ഞിരപ്പള്ളി ,മുണ്ടക്കയം എന്നിവടങ്ങളില്‍ റോഡ് ഉപരോധിച്ചു. കൊച്ചി- സേലം കൊല്ലം -തേനി ദേശീയപാതയില്‍ വിവിധ സ്ഥലങ്ങളിലും വാഹനങ്ങള്‍ ഉപരോധിച്ചു.


കോഴിക്കോട് താമരശ്ശേരിയില്‍ നടന്ന റോഡ് ഉപരോധത്തിനിടെ യാത്രക്കാരന് മര്‍ദ്ദനമേറ്റു. പൊലീസ് ഇടപെട്ടാണ് ബൈക്ക് യാത്രക്കാരെ രക്ഷപ്പെടുത്തിയത്. വടകരയില്‍ കെ.എസ്.ആര്‍.ടിസി. ബസിന് നേരെ കല്ലേറുണ്ടായി. മലപ്പുറത്ത് 7 ഇടങ്ങളിലും കണ്ണൂരില്‍ 2 ഇടങ്ങളിലും റോഡ് ഉപരോധം നടന്നു. വയനാട്ടിലും കാസര്‍ഗോട്ടും പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചു. ഉപരോധം നടന്ന ഇടങ്ങളിലെല്ലാം പൊലീസ് ഗതാഗതം വഴിതിരിച്ചുവിട്ടു.