Sunday 09 August 2020




'കാണുന്നവന്റെ കണ്ണിലാണു സൗന്ദര്യവും, അശ്ലീലവും'; മക്കൾക്ക് ചിത്രം വരക്കാൻ ന​ഗ്നശരീരം വിട്ടുനൽകി രഹ്ന ഫാത്തിമ

By online desk.23 Jun, 2020

imran-azhar

 

 

സ്ത്രീ ശരീരത്തെക്കുറിച്ചുള്ള കപട സദാചാര ബോധത്തെ കുറിച്ചും, ലൈംഗികതയെക്കുറിച്ചുള്ള മിഥ്യ ധാരണകൾക്കുമെതിരെ തുറന്നെഴുത്തുമായി രംഗത്തെത്തിയിരിക്കുകയാണ് ആക്ടിവിസ്റ് രഹ്ന ഫാത്തിമ. മക്കൾക്ക് ചിത്രം വരയ്ക്കാനായി സ്വന്തം നഗ്ന ശരീരം വിട്ടുനല്കിക്കൊണ്ട് രഹ്‌ന പങ്കുവെച്ച വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാകുകയാണ്. രഹ്‌നയുടെ സ്ത്രീ ശരീരത്തെക്കുറിച്ചും, ലൈംഗിക അവബോധത്തെയും കുറിച്ചുള്ള തുറന്നെഴുത്തിന് രൂക്ഷ വിമർശനങ്ങളാണ് ഉയരുന്നത്. വീഡിയോ പങ്കുവെച്ചുകൊണ്ട് രഹ്‌ന പറയുന്നതിങ്ങനെ: 'സെക്ഷ്വലി ഫ്രസ്‌ട്രേറ്റഡ് ആയ സമൂഹത്തിൽ കേവലം വസ്ത്രങ്ങൾക്കുള്ളിൽ സ്ത്രീ സുരക്ഷിതയല്ല. സ്ത്രീശരീരം എന്താണെന്നും ലൈംഗികത എന്താണെന്നും തുറന്നു പറയുകയും കാട്ടുക തന്നെയും വേണം. അത് വീട്ടിൽ നിന്ന് തന്നെ തുടങ്ങിയാലേ സമൂഹത്തിൽ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയൂ'. "കണ്ണിന് അസുഖം വന്ന് റസ്റ്റ് ചെയ്യുന്ന സമയത്ത് സ്വന്തം അമ്മയെ കൂൾ ആക്കാൻ മക്കൾ ശരീരത്തിൽ ഒരു ഫീനിക്സ് പക്ഷിയെ വരച്ചു കൊടുക്കുന്നു" ഇതാണ് വീഡിയോയുടെ ഇതിവൃത്തം.

 

'പുരുഷശരീരത്തെ അപേക്ഷിച്ച് സ്ത്രീശരീരവും അവളുടെ നഗ്‌നതയും കേവലം 55 കിലോ മാംസം നിറച്ച ലൈംഗികത മാത്രമാകുന്നത് ഈ സമൂഹം നൽകുന്ന തെറ്റായ ലൈംഗിക വിദ്യാഭ്യാസത്തിൽ നിന്നാണ്. ലെഗ്ഗിൻസ് ഇട്ട കാലുകൾ കാണുമ്പോൾ ഉദ്ദാരണം സംഭവിക്കുകയും അതേസമയം, നെഞ്ചിലെ രോമവും കാട്ടി അർദ്ധനഗ്‌നനായി കാലുകളും കാണിച്ച് മുണ്ടുകുത്തിയുടുത്ത് നിൽക്കുന്ന പുരുഷനെ കാണുമ്പോൾ ഇറക്ഷൻ തോന്നാത്ത രീതിയിൽ സ്ത്രീപുരുഷ ശരീരങ്ങളെ വ്യത്യസ്ഥമായി സമീപിക്കുവാൻ പ്രേരിപ്പിക്കുന്നത്'. സ്വന്തം അമ്മയുടെ നഗ്‌നതയും ശരീരവും കണ്ടുവളർന്ന ഒരു കുട്ടിക്കും സ്ത്രീശരീരത്തെ അപമാനിക്കാനാവില്ല. അതുകൊണ്ടുതന്നെ സ്ത്രീ ശരീരത്തെ കുറിച്ചും ലൈംഗികതയെകുറിച്ചുമുള്ള തെറ്റായ ബോധത്തിനെതിരെയുള്ള വാക്‌സിനുകൾ വീടുകളിൽ നിന്നുതന്നെയാണ് എടുത്തു തുടങ്ങേണ്ടത്. നഗ്‌നതയും ലൈംഗികതയും അല്ലെങ്കിൽ ചുംബനം പോലും പോൺ സൈറ്റുകളിൽനിന്നും പഠിക്കേണ്ടിവരുന്ന സാഹചര്യമാണെന്നും രഹ്‌ന ഫാത്തിമ പറയുന്നു.