Wednesday 20 June 2018

ബഡ്ജറ്റിന്‍റെ അണിയറപ്രവര്‍ത്തനങ്ങള്‍

By praveen prasannan.31 Jan, 2018

imran-azhar

 


ന്യൂഡല്‍ഹി: 2018~19 വര്‍ഷത്തെ ബഡ്ജറ്റ് വ്യാഴാഴ്ച അവതരിപ്പിക്കുകയാണ്. ജനങ്ങള്‍ വളരെ പ്രതീക്ഷയോടും എന്നാല്‍ തെല്ലൊരാശങ്കയോടുമാണ് ബഡ്ജറ്റിനെ ഉറ്റുനോക്കുന്നത്.

ഈ സാഹചര്യത്തില്‍ ബഡ്ജറ്റ് തയാറാക്കുന്നതിന്‍റെ ചില ഘട്ടങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത്.

ആചാരങ്ങളും അനുഷ്ഠാനങ്ങളുമൊക്കെ മുറുകെ പിടിക്കുന്നവരാണ് പൊതുവെ ഇന്ത്യാക്കാര്‍. അതിനാല്‍ തന്നെ സുപ്രധാനമായ ബഡ്ജറ്റ് തയാറാക്കുന്പോഴും ആചാരങ്ങള്‍ കൈവിടാന്‍ സര്‍ക്കാര്‍ ഒരുക്കമല്ല.

ഇന്ത്യയുടെ ധനമന്ത്രാലയം റൈസിന കുന്നിലെ നോര്‍ത്ത് ബ്ളോക്കിലാണ്. ഇവിടെ ഉദ്യോഗസ്ഥര്‍ പുറം ലോകവുമായി ബന്ധമില്ലാതെയാണ് ബഡ്ജറ്റിന്‍റെ പ്രവര്‍ത്തങ്ങളില്‍ ഏര്‍പ്പെടുന്നത്.

ഹല്‍വ തയാറാക്കല്‍

ശുഭമുഹൂര്‍ത്തങ്ങളില്‍ മധുരവിതരണം പതിവാണല്ലോ. അതിനാല്‍ ബഡ്ജറ്റ് രൂപപ്പെടുത്തും മുന്പ് ഹല്‍വ തയാറാക്കി വിതരണം ചെയ്യുന്നത് രീതിയുണ്ട്. ധനമന്ത്രാലയത്തിലെ ജീവനക്കാര്‍ക്കെല്ലാം ഹല്‍വ നല്‍കും. ഇതിന് ശേഷം മന്ത്രാലയത്തിലെ നൂറിലധികം ഉദ്യോഗസ്ഥര്‍ നോര്‍ത്ത് ബ്ളോക്കിലെ നിലവറയിലേക്ക് പോകും.


ബഡ്ജറ്റ് തയാറാക്കുന്നത് അതീവ രഹസ്യമായാണ്. അതിനാല്‍ ഒരു രേഖ പോലും ചോരാതെ അതീവ ശ്രദ്ധപുലര്‍ത്തിയാണ് ഇതിന് രൂപം നല്‍കുന്നത്.

ഹല്‍വ വിതരണത്തിന് ശേഷം ധനമന്ത്രാലയത്തിലെ ബഡ്ജറ്റുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഉദ്യോഗസ്ഥര്‍ പത്ത് ദിവസത്തോളം നോര്‍ത്ത് ബ്ളോക്കിലെ നിലവറിയിലായിരിക്കും. ധനമന്ത്രി ബഡ്ജറ്റ് അവതരിപ്പിക്കും വരെ ഇവര്‍ നിലവറയില്‍ തന്നെയാകും കഴിയുക.

ഈ വേളയില്‍ ഉദ്യോഗസ്ഥര്‍ക്ക് മൊബൈല്‍ഫോണോ മറ്റ് ആശയവിനിമയ ഉപകരണങ്ങളോ ഉപയോഗിക്കാന്‍ കഴിയില്ല. നിലവറയില്‍ ഒരു ടെലിഫോണ്‍ മാത്രമേ ഉണ്ടാകൂ. അതില്‍ ഫോണ്‍വിളികള്‍ സ്വീകരിക്കാന്‍ മാത്രമേ കഴിയൂ. പുറത്തേക്ക് വിളിക്കാന്‍ സാധിക്കില്ല. നിലവറയിലെ ഉദ്യോഗസ്ഥര്‍ക്ക് കുടുംബവുമായി പോലും ബന്ധപ്പെടാന്‍ അനുവാദമില്ല.


ബ്ളൂ ഷീറ്റ്

ബഡ്ജറ്റിന്‍റെ ഏറ്റവും സുപ്രധാന ഭാഗം ബ്ളൂ ഷീറ്റെന്നാണ് അറിയപ്പെടുന്നത്. ഏറ്റവും പ്രധാനപ്പെട്ട വിവരങ്ങളാകും ഇതില്‍ ഉണ്ടാവുക. സാന്പത്തിക ആസൂത്രണത്തിന്‍റെ വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഇത് തയാറാക്കുക. ബഡ്ജറ്റ് തയാറാക്കുന്നതിന് ചുമതലപ്പെട്ട ജോയിന്‍റ് സെക്രട്ടറിയുടെ ചുമതലയിലാണ് ബ്ളൂ ഷീറ്റ്. ഇത് നോര്‍ത്ത് ബ്ളോക്കിന് പുറത്ത് കൊണ്ടു പോകാന്‍ ധനമന്ത്രിക്ക് പോലും അനുവാദമില്ല. ധനമന്ത്രാലയത്തിലെ ഏറ്റവും ഉന്നതരായ ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ ബ്ളൂ ഷീറ്റ് കാണാന്‍ അവകാശമുള്ളൂ.

ബ്രീഫ് കേസ്

ധനമന്ത്രി ബഡ്ജറ്റ് പാര്‍ലമന്‍റിലേക്ക് കൊണ്ടു വരുന്നത് പതിവായി ബ്രീഫ് കേസിലാണ്. തുടര്‍ന്ന് അദ്ദേഹം പാര്‍ലമന്‍റില്‍ ബഡ്ജറ്റ് അവതരിപ്പിക്കുന്നു.