Sunday 12 July 2020




50 ഉൽപ്പന്നങ്ങൾക്ക് കേന്ദ്ര നിയന്ത്രണം വരുന്നു; പട്ടികയിൽ മൊബൈൽ ചാർജർ മുതൽ ആഭരണങ്ങൾ വരെ

By online desk .26 Jan, 2020

imran-azhar

 

 

ന്യൂ ഡൽഹി: ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കല്‍ ഗുഡ്‌സ്, കെമിക്കല്‍സ്, കരകൗശല വസ്തുക്കള്‍ എന്നിവയുള്‍പ്പെടെ 50 ലധികം ഇനങ്ങളുടെ ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിക്കാന്‍ ഇന്ത്യ പദ്ധതിയിടുന്നു. 2020 -21 ലെ വാര്‍ഷിക ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുമ്പോള്‍ സാമ്പത്തിക വളര്‍ച്ച പുനരുജ്ജീവിപ്പിക്കാനുള്ള മറ്റ് ഉത്തേജക നടപടികള്‍ക്കൊപ്പം ധനമന്ത്രി നിര്‍മ്മല സീതാരാമന് ഈ പ്രഖ്യാപനം നടത്തിയേക്കുമെന്നാണ് വിലയിരുത്തല്‍. മൊബൈല്‍ ഫോണ്‍ ചാര്‍ജറുകള്‍, വ്യാവസായിക രാസവസ്തുക്കള്‍, വൈദ്യുത വിളക്കുകള്‍, മരം കൊണ്ടുള്ള ഫര്‍ണിച്ചര്‍, മെഴുകുതിരികള്‍, ആഭരണങ്ങള്‍, കരകൗശല വസ്തുക്കള്‍ എന്നിവയ്ക്ക് ഉയര്‍ന്ന കസ്റ്റംസ് തീരുവ പ്രഖ്യാപിച്ചേക്കുമെന്ന് ഇക്കാര്യത്തില്‍ നേരിട്ട് അറിവുള്ള രണ്ട് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

 

ഇലക്ട്രിക് ചാര്‍ജറുകള്‍ ഇറക്കുമതി ചെയ്യുന്ന സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കള്‍, വൈബ്രേറ്റര്‍, റിംഗറുകള്‍ എന്നിവ ഇറക്കുമതി ചെയ്യുന്നവര്‍, ഇന്ത്യയില്‍ വിപണി വ്യാപനത്തിന് തയ്യാറെടുക്കുന്ന ഐകിയ തുടങ്ങിയവരെ പ്രഖ്യാപനം ദോഷകരമായി ബാധിച്ചേക്കാം. വാണിജ്യ -ധനകാര്യ മന്ത്രാലയ ഉദ്യോഗസ്ഥരുടെ പാനല്‍ അഞ്ച് മുതല്‍ 10 ശതമാനം വരെ ഇറക്കുമതി തീരുവ ഉയര്‍ത്താനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. അനാവശ്യ ഇറക്കുമതികള്‍ നിയന്ത്രിക്കുകയെന്ന ലക്ഷ്യം മുന്നോട്ടുവച്ചാണ് ഇറക്കുമതി തീരുവ ഉയര്‍ത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇറക്കുമതി തീരുവ ഉയര്‍ത്തുന്നതോടെ രാജ്യത്തെ വ്യാവസായിക ഉല്‍പ്പാദനം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. ആസിയാനില്‍ നിന്നും ചൈന പോലെയുളള രാജ്യങ്ങളില്‍ നിന്നും ഗുണ നിലവാരം കുറഞ്ഞ ഉല്‍പ്പന്നങ്ങള്‍ രാജ്യത്ത് എത്തുന്നത് തടയാനും സര്‍ക്കാരിന് ആലോചനയുളളതായാണ് റിപ്പോര്‍ട്ടുകള്‍.