Thursday 14 December 2017

യു എ യില്‍ മദ്യപാനമാകാം, എന്നാ ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

By praveen prasannan.21 Nov, 2017

imran-azhar


ദുബായ് : വിനോദസഞ്ചാരത്തിനും തൊഴിലിനുമായി യു എ യിലെത്തുന്ന വിദേശികള്‍ രാജ്യത്തെ നിയമങ്ങളെ കുറിച്ച് അറിഞ്ഞിരിക്കേണ്ടതാണ്. മദ്യപാന ശീലമുള്ളവരാണെങ്കില്‍ പ്രത്യേകിച്ചും.

പൊതിനിരത്തുകളിലോ പൊതുസ്ഥലങ്ങളിലോ മദ്യപാനം പാടില്ല. മദ്യം വിളന്പാന്‍ ലൈസന്‍സ് ഉള്ള ഹോട്ടലുകളില്‍ നിന്ന് മദ്യപാനം ആകാം. ലൈസന്‍സുള്ള വ്യക്തിക്ക് മദ്യക്കടകളില്‍ നിന്നും മദ്യം വാങ്ങാം. ലൈസന്‍സില്ലാത്ത വ്യക്തികള്‍ മദ്യപിച്ച് പിടിയിലായാല്‍ ശിക്ഷ കടുക്കും.

മദ്യപിച്ച് വാഹനമോടിക്കാന്‍ പാടില്ല. മദ്യപിച്ച് വാഹനമോടിച്ച് പിടിക്കപ്പെട്ടാല്‍ കനത്ത ശിക്ഷയാണ് ലഭിക്കുക. ഇതിന് പരമാവധി 20000 ദിര്‍ഹം വരെ പിഴയും ആറ് മാസം ജയില്‍ ശിക്ഷയും ലഭിക്കാമെന്നാണ് യു എ യിലെ നിയമത്തിലുള്ളത്. പുറമെ ഡ്രൈവിംഗ് ലൈസന്‍സില്‍ 23 ബ്ളാക്ക് പോയിന്‍റുകളും അറുപത് ദിവസത്തേക്ക് വാഹനം തടഞ്ഞ് വയ്ക്കാനും നിയമമുണ്ട്. ഡ്രൈവറെ അറസ്റ്റ് ചെയ്യാനും കുറഞ്ഞത് മൂന്ന് മാസത്തേക്കെങ്കിലും ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കാനും നിയമമുണ്ട്.

ജോലി സ്ഥലത്ത് മദ്യപിച്ച നിലയില്‍ പിടിക്കപ്പെടുന്നയാളെ പിരിച്ചു വിടാന്‍ തൊഴിലുടമയ്ക്ക് അവകാശമുണ്ട്. തൊഴിലിടങ്ങളിലെ മദ്യപാനത്തെ വളരെ ഗൌരവമുള്ളതായാണ് കാണുന്നത്.

ദുബായ് വിമാനത്താവളത്തിലെത്തുന്ന യാത്രക്കാര്‍ക്ക് ഡ്യൂട്ടി ഫ്രീ കടകളില്‍ നിന്നും പരമാവധി നാല് ലിറ്റര്‍ മദ്യവും രണ്ട് കെയ് സ് ബിയറും വാങ്ങി യു എ യിലേക്ക് കാലുകുത്താം.


മദ്യപാനത്തിനുളള ആള്‍ക്കഹോള്‍ ലൈസന്‍സ് ഇസ്ലാം മതവിശ്വാസികളല്ലാത്തവര്‍ക്കാണ് നല്‍കുന്നത്. ഇതിനായി അപേക്ഷിക്കുന്നയാള്‍ക്ക് 21 വയസ് പൂര്‍ത്തിയായിരിക്കണം. റസിഡന്‍റ് വിസ ഉണ്ടാവണം, 3000 ദിര്‍ഹമെങ്കിലും കുറഞ്ഞ മാസശന്പളം ഉണ്ടാകണം തുടങ്ങിയ വ്യവസ്ഥകളുണ്ട്.


ഭര്‍ത്താവിന്‍റെ അനുമതിയുണ്ടെങ്കില്‍ മാത്രമേ ഭാര്യയ്ക്ക് അപേക്ഷിക്കാനാകൂ. അവിവാഹിതയാണെങ്കില്‍ സ്ത്രീക്ക് ഒരു വര്‍ഷം ലൈസന്‍സ് നല്‍കും. സ്വയം തൊഴില്‍ ചെയ്യുന്നവര്‍ അപേക്ഷയോടൊപ്പം ട്രേഡ് ലൈസന്‍സ് പകര്‍പ്പും നല്‍കണം.ഫ്രീസോണില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഫ്രീസോണ്‍ അതോറിറ്റിയുടെ സമ്മതം ആവശ്യമാണ്.