Wednesday 03 June 2020




ലോക്ക്ഡൗണിനിടെ കാറപകടം; സിനിമ നടിക്കും സുഹൃത്തിനും പരിക്ക്

By Online Desk .05 Apr, 2020

imran-azhar


ബെംഗളൂരു: ലോക്ക്ഡൗണ്‍ ലംഘിച്ച് കാറില്‍ സഞ്ചരിക്കുന്നതിനിടെ കാര്‍ പാലത്തിന്റെ തൂണിലിടിച്ച് കന്നഡ നടിയ്ക്കും സുഹൃത്തിനും പരിക്കേറ്റു. നടി ഷര്‍മിള മാന്ദ്രെ (33), സുഹൃത്ത് കെ. ലോകേഷ് വസന്ത് (35) എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ശനിയാഴ്ച അര്‍ധ രാത്രിയായിരുന്നു സംഭവം. കാര്‍ പൊലീസ് പിടിച്ചെടുത്തു.
സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ഇരുവരും ജയനഗറിലാണ് അപകടം നടന്നതെന്ന് ഡോക്ടറോട് പറഞ്ഞു. ഇതുപ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയപ്പോഴാണ് വസന്ത് നഗറിലാണ് അപകടമെന്ന് മനസിലായത്. പൊലീസിനെ കബളിപ്പിച്ച് കാര്‍ കടത്താനാണ് തെറ്റായ വിവരം നല്‍കിയതെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. അശ്രദ്ധവും അപകടകരവുമായി വാഹനമോടിച്ചതിന് ഐപിസി 279, 337 വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തു. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം തകര്‍ന്നു.
ആരാണ് വാഹനമോടിച്ചത് എന്നതും ലോക്ക്ഡൗണ്‍ സമയത്ത് എന്തിനാണ് പുറത്തിറങ്ങിയത് എന്നതും അന്വേഷിക്കുന്നുണ്ടെന്ന് ജോയന്റ് പൊലീസ് കമ്മിഷണര്‍ (ട്രാഫിക്) ബി.ആര്‍ രവികാന്ത ഗൗഡ മാദ്ധ്യമങ്ങളോട് പറഞ്ഞു.