Saturday 24 June 2017

പാപ്പാത്തിച്ചോലയില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി കുരിശു സ്ഥാപിച്ച ടോം സ്കറിയക്കെതിരെ കേസ്

By Subha Lekshmi B R.21 Apr, 2017

imran-azhar

ഇടുക്കി: മൂന്നാര്‍ ചിന്നക്കനാല്‍ വില്ളേജില്‍ സൂര്യനെല്ളിക്കു സമീപം പാപ്പാത്തിച്ചോലയില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി കുരിശു സ്ഥാപിച്ച ടോം സ്കറിയയ്ക്കെതിരെ കേസെടുത്തു. ശാന്തന്‍പാറ പൊലീസാണ് കേസെടുത്തിരിക്കുന്നത്.

 

തൃശൂര്‍ ആസ്ഥാനമായുള്ള പ്രാര്‍ഥനാ സംഘമായ സ്പിരിറ്റ് ഇന്‍ ജീസസ് മേധാവിയാണ് ടോം സ്കറിയ. സ്പിരിറ്റ് ഇന്‍ ജീസസ് പ്രാര്‍ഥനാ ഗ്രൂപ്പ് സ്ഥാപകന്‍ കൂടിയായ വെള്ളൂക്കുന്നേല്‍ ടോം സക്കറിയയ്ക്കെതിരെ ഭൂസംരക്ഷണ നിയമ പ്രകാരം കേസെടുക്കണമെന്നു ഉടുന്പന്‍ചോല അഡീഷനല്‍ തഹസില്‍ദാര്‍ എം.കെ. ഷാജി ശാന്തന്‍പാറ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണു ടോം സക്കറിയയ്ക്കെതിരെ കേസെടുത്തത്.

 

സര്‍ക്കാര്‍ ഭൂമിയില്‍ അതിക്രമിച്ചു കയറുകയും കുരിശു നാട്ടി സ്ഥലം കയ്യേറിയതിനുമാണു കേസെടുത്തത്. കയ്യേറ്റമൊഴിപ്പിക്കാനെത്തിയ റവന്യു ഉദ്യോഗസ്ഥരെ വാഹനം ഉപയോഗിച്ച് തടഞ്ഞ സംഭവത്തില്‍ മണ്ണുത്തി സ്വദേശി പൊറിഞ്ചുവിനെതിരെയും പൊലീസ് കേസെടുത്തു. ടോം സക്കറിയയും പൊറിഞ്ചുവും ഒളിവിലാണ്.

 

വ്യാഴാഴ്ചയാണ് റവന്യൂ ഉദ്യോഗസ്ഥരും ഭൂസംരക്ഷണസേനയും ചേര്‍ന്ന് സ്പിരിറ്റ് ഇന്‍ ജീസസ് പ്രാര്‍ഥനാ സംഘത്തിന്‍റെ ഉടമസ്ഥതയിലുള്ള താല്‍ക്കാലിക ആരാധനാലയവും കോണ്‍ക്രീറ്റ് തറയില്‍ സ്ഥാപിച്ചിരുന്ന കുരിശും പൊളിച്ചുമാറ്റിയത്. ഒരു ടണ്‍ ഭാരമുള്ള ഇരുന്പു കുരിശാണ് സ്ഥാപിച്ചിരുന്നത്. മൂന്നു ഷെഡുകള്‍ പൊളിച്ച ശേഷം കത്തിച്ചു. കെട്ടിടങ്ങളും കുരിശും കയ്യേറ്റ ഭൂമിയിലായിരുന്നുവെന്നും നടപടിയില്‍ 30 ഏക്കര്‍ കയ്യേറ്റം ഒഴിപ്പിച്ചുവെന്നുമാണ് ഔദ്യോഗിക വിശദീകരണം. ടോം സക്കറിയ സ്പിരിറ്റ് ഇന്‍ ജീസസിന്‍െറ പേരില്‍ 30 ഏക്കര്‍ ഭൂമി കയ്യേറിയെന്ന റവന്യു റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു ഉദ്യോഗസ്ഥരുടെ നടപടി.

 

കുരിശ് നീക്കിയതിനെ അനുകൂലിച്ച് സഭാംഗങ്ങള്‍ രംഗത്തെത്തിയിരുന്നു.എന്നാല്‍, സിപിഎമ്മും മുഖ്യമന്ത്രിയും ഇതിനെ വിമര്‍ശിക്കുന്ന നിലപാടാണ് എടുത്തത്. ഇത് വിവാദമായിരിക്കുകയാണ്.