Monday 23 October 2017

എറണാകുളത്തെ യോഗ കേന്ദ്രത്തിനെതിരെ വീണ്ടും കേസ്

By online desk.29 Sep, 2017

imran-azhar

കൊച്ചി: എറണാകുളം കണ്ടനാടുള്ള യോഗ കേന്ദ്രത്തിനെതിരെ പൊലീസ് വീണ്ടും കേസേടുത്തു. കണ്ണൂര്‍ സ്വദേശിനി ശ്രുതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണിത്.

അന്യായമായി തടന്‍കലില്‍ പാര്‍പ്പിച്ചു, ശാരീരകമായി ഉപദ്രവിച്ചു, മാനസിക പീഢനം തുടങ്ങിയ കേസുകളാണ് എടുത്തിരിക്കുന്നത്.

അനീസ് എന്ന യുവാവിനെ ശ്രുതി വിവാഹം കഴിച്ചിരുന്നു. ഇതിന് ശേഷമാണ് യോഗ കേന്ദ്രത്തിലെത്തിച്ചത്. ഇതിനിടെ അനീസ് ഹൈക്കോടതിയെ സമീപിച്ച പ്രകാരം ശ്രുതിയെ കോടതിയിലെത്തിച്ച് വിട്ടയയ്ക്കുകയായിരുന്നു.

നേരത്തേ ശ്വേത ഹരിദാസ് എന്ന ഹിന്ദു യുവതി ക്രിസ്ത്യന്‍ യുവാവിനെ പ്രണയിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ഈ യോഗ കേന്ദ്രത്തിലെത്തിച്ചിരുന്നു. ഇവിടെ സ്വധര്‍മ്മത്തിലേക്ക് മടങ്ങാനുള്ള ക്ളാസുകള്‍ നല്‍കിയെങ്കിലും യുവതി പുറത്തുചാടി കേസ് നല്‍കി. ശാരീരിക, മാനസിക പീഢനം ഏല്‍പ്പിച്ചെന്ന പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു. ശ്വേതയെ കാമുകനൊപ്പം പോകാനും കോടതി അനുവദിക്കുകയുണ്ടായി.


തുടര്‍ന്ന് യോഗ കേന്ദ്രത്തിന് നഗരസഭയുടെ ലൈസന്‍സ് ഇല്ലെന്നതിന്‍റെ പേരില്‍ അടച്ചുപൂട്ടാന്‍ നോട്ടീസ് നല്‍കി. യോഗ കേന്ദ്രം ഹൈക്കോടതിയെ സമീപിച്ച പ്രകാരം അടച്ചു പൂട്ടേണ്ടെന്നും എന്നാല്‍ ക്ളാസുകള്‍ പോലുള്ള പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്നും നിര്‍ദ്ദേശിച്ചു. അവിടെ താമസിക്കുന്നവര്‍ ഒഴിയേണ്ടെന്നും കോടതി പറഞ്ഞു.


നേരത്തേ ഇസ്ളാമിലേക്ക് മാറിയ കാസര്‍കോഡ് സ്വദേശി ആതിര ഈ യോഗ കേന്ദ്രത്തില്‍ വച്ച് ഹിന്ദുമതത്തിലേക്ക് മടങ്ങിയിരുന്നു. മതം മാറാന്‍ മുസ്ളീം സംഘടനകളുടെ സഹായം ഉണ്ടായിരുന്നെന്ന് ഈ പെണ്‍കുട്ടി വെളിപ്പെടുത്തുകയും ചെയ്തിരുന്നു.


ഇതിന് ശേഷമാണ് യോഗ കേന്ദ്രത്തിനെതിരെ പരാതികള്‍ ഉയര്‍ന്നതെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. അഭ്യസ്തവിദ്യരായ മുസ്ളീം ഇതര മതങ്ങളില്‍ നിന്നുളള പെണ്‍കുട്ടികളെ മഞ്ചേരിയിലെ സത്യസരണിയിലെത്തിച്ച് മതം മാറ്റത്തിന് പ്രേരിപ്പിക്കുന്നുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു. സത്യസരണി വഴി നിരവധി പെണ്‍കുട്ടികളെ ഇസ്ളാമിലേക്ക് പരിവര്‍ത്തനം ചെയ്യിപ്പിച്ചിട്ടുണ്ടെന്നും വാര്‍ത്തയുണ്ട്.

പെണ്‍കുട്ടികളെ മതപരിവര്‍ത്തനം ചെയ്യിപ്പിച്ച് മുസ്ളീം യുവാക്കളെ കൊണ്ട് വിവാഹം കഴിപ്പിക്കുകയാണ് രീതി. സംസ്ഥാനത്ത് പലഭാഗങ്ങളിലും ഉള്ള പെണ്‍കുട്ടികള്‍ അടുത്ത കാലങ്ങളില്‍ മതപരിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

കോട്ടയം സ്വദേശി ഹാദിയ ഇസ്ളാമിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ട് ഇസ്ളാം മത വിശ്വാസിയായ യുവാവിനെ വിവാഹം ചെയ്തെങ്കിലും ഹൈക്കോടതി വിവാഹം റദ്ദാക്കി. ഈ സംഭവത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി അന്വേഷണം നടത്താനും കോടതി ആവശ്യപ്പെട്ടു.

മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ച ഹാദിയയെ വീട്ടുതടന്‍കലില്‍ പീഡിപ്പിക്കുകയാണെന്ന വാദമുയര്‍ത്തിയിരിക്കുകാണ് ഇപ്പോള്‍ ചില മുസ്ളീം സംഘടനകള്‍. ചില ഇടതുപക്ഷ, മനുഷ്യാവകാശ പ്രവര്‍ത്തകരും ഈ അരോപണം ഉയര്‍ത്തുന്നുണ്ട്.സംസ്ഥാനത്ത് ചില തീവ്ര മുസ്ളീം സംഘടനകള്‍ മതപരിവര്‍ത്തനം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് രഹസ്യാന്വേഷണ  വിവരം  ഉണ്ടായിരുന്നുവെന്നാണ്  റിപ്പോര്‍ട്ട്.