Saturday 04 April 2020




ചാക്ക ഫ്‌ളൈ ഓവറില്‍ വൈദ്യുതി ലഭിച്ചു; 10 ദിവസത്തിനകം തുറക്കും

By online desk .21 Jan, 2020

imran-azhar

 

 

തിരുവനന്തപുരം: ഏറെ ചര്‍ച്ചകള്‍ക്കും വാദങ്ങള്‍ക്കുമൊടുവില്‍ ചാക്ക ഫ്‌ളൈ ഓവറിന് കെഎസ്ഇബി വൈദ്യുതി കണക്ഷന്‍ അനുവദിച്ചതിനെ തുടര്‍ന്ന് തെരുവുവിളക്കുകള്‍ ഉടന്‍ പ്രകാശിപ്പിക്കും. ഈ സാഹചര്യത്തില്‍ ഫ്‌ളൈഓവര്‍ 10 ദിവസത്തിനകം ഗതാഗതത്തിനായി തുറക്കുമെന്ന് ദേശീയപാതാ അധികൃതര്‍ അറിയിച്ചു. വൈദ്യുതീകരണത്തിനും മറ്റുമായി നേരത്തെ വൈദ്യുതി ബോര്‍ഡ് 1.76 കോടി രൂപ ആവശ്യപ്പെട്ടതോടെ ദേശീയപാതാ അതോറിറ്റിക്ക് ഫ്‌ളൈ ഓവര്‍ ഗതാഗതത്തിനായി തുറന്നുകൊടുക്കുന്നതു സംബന്ധിച്ച് തീരുമാനമെടുക്കാനായിരുന്നില്ല. കെഎസ്ഇബി വന്‍ തുക ആവശ്യപ്പെട്ട വാര്‍ത്ത കലാകൗമുദി നേരത്തെ നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ദേശീയപാതാ അധികൃതരും കെഎസ്ഇബി ചെയര്‍മാനും ചര്‍ച്ചകള്‍ നടത്തിയതിനെ തുടര്‍ന്നാണ് വൈദ്യുതി കണക്ഷന്‍ അനുവദിക്കാന്‍ തീരുമാനമായത്.

 

കെഎസ്ഇബിയുടെ പുതുക്കിയ നിരക്ക് ദേശീയപാതാ അധികൃതര്‍ക്ക് ഇതുവരെ ലഭിച്ചിട്ടില്ല. നിരക്ക് പുതുക്കുന്നതിന്റെ ഭാഗമായി കെഎസ്ഇബി അധികൃതര്‍ കഴിഞ്ഞ വെള്ളിയാഴ്ച സ്ഥല പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന് ചേര്‍ന്ന കെഎസ്ഇബി ബോര്‍ഡ് യോഗം കുറഞ്ഞ തുകയ്ക്ക് വൈദ്യുതീകരണം നടത്താന്‍ തീരുമാനിച്ചു. 10 ദിവസത്തിനുള്ളില്‍ വൈദ്യുതി കണക്ഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ജനറേറ്റര്‍ ഉപയോഗിച്ച് തെരുവ് വിളക്കുകള്‍ക്ക് വൈദ്യുതി നല്‍കാനും ആലോചനയുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 

തിരക്കേറിയ ചാക്ക ജംഗ്ഷനിലെ ഗതാഗതം സുഗമമാക്കുന്നതിന് ഈഞ്ചയ്ക്കല്‍ ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച് ചാക്കയില്‍ അവസാനിക്കുന്ന 1.3 കിലോമീറ്റര്‍ ഫ്‌ളൈഓവറാണ് നിര്‍മ്മിച്ചത്. ഇത് എന്‍എച്ച് 66 ബൈപാസിനെ സിറ്റി റോഡുമായും എയര്‍പോര്‍ട്ടിനെയും ശംഖുംമുഖത്തെയും ബന്ധിപ്പിക്കുന്നു. വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ രണ്ടിന്റെ അപ്രോച്ച് റോഡിന് സമാന്തരമായാാണ് ഫ്‌ളൈഓവര്‍ നിര്‍മ്മിച്ചിരിക്കുന്നത്. റോഡിന്റെ നിര്‍മ്മാണം കഴിഞ്ഞ ഡിസംബറില്‍ പൂര്‍ത്തിയായെങ്കിലും കെഎസ്ഇബിയും ദേശീയപാതാ അധികൃതരും തമ്മിലുള്ള തര്‍ക്കം മൂലം ഗതാഗതത്തിനായി തുറന്നുകൊടുക്കുന്നതിന് കാലതാമസം നേരിടുകയായിരുന്നു. നേരത്തെ ഫ്‌ളൈഓവര്‍ തുറക്കുന്നതിന് സമയപരിധി 2019 ഒക്ടോബറിലായിരുന്നു. എന്നാല്‍ തുടര്‍ച്ചയായ മഴ പ്രവൃത്തികള്‍ മന്ദഗതിയിലാക്കി.