Tuesday 19 March 2024




പൊലീസും ആഭ്യന്തര വകുപ്പും പരാജയം: ചെന്നിത്തല

By online desk.06 Jan, 2019

imran-azhar

 

 

തിരുവനന്തപുരം: കേരളത്തിലെ ക്രമസമാധാനനില തകര്‍ന്നുവെന്നും പൊലീസും ആഭ്യന്തരവകുപ്പും പരാജയമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആഭ്യന്തരവകുപ്പ് നാഥനില്ലാക്കളരിയായി. ഡിജിപിയുടെ നിര്‍ദ്ദേശം എസ്പിമാര്‍ നടപ്പാക്കാത്തത് കേരളാ ചരിത്രത്തില്‍ ആദ്യമാണ്. ഡിജിപിയെ അനുസരിക്കാത്ത എസ്പിമാരെ പുറത്താക്കണം. സംഘപരിവാര്‍ അക്രമം പോലിസ് നോക്കി നില്‍ക്കുകയാണ്. കലാപത്തിന് സിപിഎം പച്ചക്കൊടി കാട്ടുന്നുവെന്നും ചെന്നിത്തല പറഞ്ഞു

 

സാമുദായിക ധ്രുവീകരണമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. ഇതില്‍ യുഡിഎഫ് പ്രതിഷേധിക്കുന്നു. പാര്‍ട്ടി സെകട്ടറിയുടെ നിര്‍ദ്ദേശമാണ് എസ്പിമാര്‍ നടപ്പാക്കുന്നതെന്നും ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ശബരിമലയെ കുറിച്ച് സത്യം പറയുന്നവരെ സംഘികളാക്കി ചിത്രീകരിക്കുന്നു. ശബരിമലയിലെ യുവതി പ്രവേശനം ആസൂത്രിതമാണ്. ഇതിനായി മുഖ്യമന്ത്രിയുടെ ഓഫിസില്‍ സെല്‍ പ്രവര്‍ത്തിക്കുന്നു. വനിതാ മതിലില്‍ പങ്കെടുത്തത് 12 ലക്ഷം പേര്‍ മാത്രമാണ്. മതിലില്‍ പങ്കെടുത്തവര്‍ ഇപ്പോള്‍ സര്‍ക്കാരിനെതിരെ തിരിഞ്ഞെന്നും ചെന്നിത്തല പറഞ്ഞു. ഈ മാസം 12 ന് വിവേകാനന്ദ പ്രതിമക്കു മുന്നില്‍ യുഡിഎഫ് ഉപവാസം നടത്തുകയും 23 ന് സെക്രട്ടേറിയറ്റും കളക്ടറേറ്റുകളും വളയുമെന്നും ചെന്നിത്തല പറഞ്ഞു.