Monday 22 October 2018



അഭിപ്രായ വോട്ടെടുപ്പുകൾ ഛത്തീസ്ഗഡിൽ ഇത്തവണ ബിജെപിയെ തുടച്ചു നീക്കുമെന്ന് സൂചന; കോണ്‍ഗ്രസ് പടയൊരുക്കത്തിൽ

By Sarath Surendran.11 Oct, 2018

imran-azhar




റായ്‌പൂർ : നിലവിൽ ഒരു സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന ബിജെപി മുഖ്യമന്ത്രിയാണ് രമൺസിങ്. കഴിഞ്ഞ 14 വർഷമായി ഛത്തീസ്ഗഡിലെ ഭരണത്തിന്‍റെ തലപ്പത്തിരുന്നതും രമൺസിങ് തന്നെ. നരേന്ദ്ര മോദിയുടെ റെക്കോർഡും രമൺസിങ് മറികടന്നാണ് ഇവിടെ എത്തി നിൽക്കുന്നത്. 2003ലും 2008ലും ഒപ്പത്തിനൊപ്പമുള്ള പോരാട്ടമായിരുന്നു കാഴ്ച വച്ചത് ബിജെപിയെ അദ്ദേഹം വിജയത്തിലേക്ക് നയിച്ചിട്ടുള്ളത്. 2013 തിരഞ്ഞെടുപ്പില്‍ 90 അംഗ നിയമസഭയില്‍ 49 സീറ്റുകള്‍ ബിജെപി സ്വന്തമാക്കി. കോണ്‍ഗ്രസ്-39, ബിഎസ്പി-1 മറ്റുള്ളവര്‍-1 സീറ്റുകളും നേടിയിരുന്നു.

 


അഭിപ്രായ വോട്ടെടുപ്പുകൾ ഛത്തീസ്ഗഡിൽ ഇത്തവണ ബിജെപിയെ തുടച്ചു നീക്കുമെന്നാണ് സൂചനകൾ ചൂണ്ടിക്കാട്ടുന്നത്. കോൺഗ്രസ് ഇത്തവണ വ്യക്തമായ പദ്ധതികളോടെയാണ് പടയൊരുക്കത്തിനായി തയ്യാറെടുക്കുന്നത്. പിസിസി അധ്യക്ഷൻ, ജനറൽ സെക്രട്ടറി ഇൻ–ചാർജ് തുടങ്ങിയവരെ നിയമിച്ചതും തയ്യാറെടുപ്പിന്റെ ഭാഗമായാണ്. ദലിത്, ഗിരിവർഗ വോട്ടർമാരാണ് കോൺഗ്രസിന്‍റെ ശക്തി. പാർട്ടിക്കു ലഭിക്കുന്ന 65 ശതമാനത്തോളം വോട്ടുകളും ഈ വിഭാഗങ്ങളിൽ നിന്നാണ്. കുർമികളെയും യാദവരെയും സ്വാധീനിച്ച് ബിജെപി വോട്ട് അനുകൂലമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. അജിത് ജോഗിയുടെ സാന്നിധ്യത്തെ തുടർന്ന് കോൺഗ്രസില്‍ നിന്നും അകന്ന ഒബിസി, മുന്നാക്ക വിഭാഗങ്ങൾ കോൺഗ്രസിലേക്ക് തിരിച്ചെത്താനുള്ള സാധ്യത ബിജെപിയും ആശങ്കയോടെ കാണുന്ന ഒരു ഘടകമാണിത്.

 

എന്നാൽ പ്രതികൂല ഘടകങ്ങൾ ഏറെയാണെങ്കിലും ബിജെപിക്ക് ആത്മവിശ്വാസം പകരുന്ന ഘടകം രമൺസിങ്ങിന്റെ സാന്നിധ്യമാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് രമൺസിങ്ങിനെ തന്നെയാണ് ഇന്നും കൂടുതൽ വോട്ടർമാരും പിന്തുണയ്ക്കുന്നത്.