Friday 05 June 2020




സംസ്ഥാനത്ത് 7 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; രോഗ ബാധിതരുടെ എണ്ണം 215 ആയി

By Sooraj Surendran .31 Mar, 2020

imran-azhar

 

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴ് പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് 2, കാസർഗോഡ് 2, കൊല്ലം 1, തൃശൂർ 1 കണ്ണൂർ 1 എന്നിവിടങ്ങളിലാണ് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗ ബാധിതരുടെ എണ്ണം 215 ആയി. 1,63,129 പേർ നിലവിൽ നിരീക്ഷണത്തിലാണ്. ഇന്ന് മാത്രം 150 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പത്തനംതിട്ടയിലും, കണ്ണൂരിലും രണ്ട് പേർ വീതം രോഗ മുക്തി നേടി. കാസർഗോഡിനായി പ്രത്യേക ആക്ഷൻ പ്ലാനും, ടെസ്റ്റിന് പ്രത്യേക സംവിധാനവും രൂപീകരിച്ചു. 7485 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 6381 എണ്ണത്തിന് രോഗബാധയില്ല എന്നു കണ്ടെത്തി. നിസാമുദീനിലെ തബ്‌ലീഗ് സമ്മേളനത്തിൽ കേരളത്തിൽ നിന്നുള്ളവരും പങ്കെടുത്തതായി മുഖ്യമന്ത്രി അറിയിച്ചു. പങ്കെടുത്തവരെ ജില്ലാ ഭരണകൂടം കണ്ടെത്തി നിരീക്ഷണത്തിലാക്കും.

 

സംസ്ഥാനത്ത് നാളെ മുതൽ സൗജന്യ റേഷൻ ലഭ്യമാക്കും. നേരിട്ട് റേഷൻ വാങ്ങാൻ എത്താനാവാത്തവർക്കായി വീടുകളിലെത്തിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ടോക്കൺ അടിസ്ഥാനത്തിലായിരിക്കും റേഷൻ വിതരണം. ഉച്ചവരെ മുൻഗണന വിഭാഗങ്ങൾക്കും, ഉച്ചയ്ക്ക് ശേഷം മുൻഗണനേതര വിഭാഗങ്ങൾക്കും റേഷൻ വാങ്ങാം. ഏപ്രിൽ ഒന്നിന് 0,1 അക്കങ്ങളിൽ അവസാനിക്കുന്ന കാർഡ് ഉടമകൾക്കും, ഏപ്രിൽ രണ്ടിന് 2,3 അക്കങ്ങളിൽ അവസാനിക്കുന്ന കാർഡ് ഉടമകൾക്കും, ഏപ്രിൽ മൂന്നിന് 4,5 അക്കങ്ങളിൽ അവസാനിക്കുന്ന കാർഡ് ഉടമകൾക്ക് എന്നീ ക്രമത്തിലാണ് റേഷൻ വിതരണം ചെയ്യുക. ഒരേ സമയം അഞ്ച് പേർ മാത്രമായിരിക്കണം വരിയിൽ.