By Online Desk .02 Apr, 2020
ബീജിങ്: കോവിഡ് 19 പടര്‍ന്നുപിടിച്ചതിന്റെ പശ്ചാത്തലത്തില്‍ ചൈനീസ് നഗരമായ ഷെന്‍സെനില്‍ വന്യജീവികളുടെ ഇറച്ചി വില്‍പ്പനയ്ക്ക് പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തി. കോവിഡുള്പ്പെടെ ഭാവിയില്‍ വരാന്‍ സാധ്യതയുള്ള മഹാമാരികളെ തടയുന്നതിന്റെ ഭാഗമായാണ് നടപടി. കോവിഡ് പടര്‍ന്നു പിടിച്ച ഘട്ടത്തില്‍ ഷെന്‍സെന്‍ നഗരത്തില്‍ വന്യജീവികളുടെ ഇറച്ചി വില്‍പ്പന താല്‍ക്കാലികമായി നിരോധിച്ചിരുന്നു. തുടര്‍ന്ന് ഇപ്പോഴാണ് പൂര്‍ണമായും നിരോധനം ഏര്‍പ്പെടുത്തിയത്. നിരോധനം മറികടന്ന് വന്യജീവി മാസം വില്‍പ്പന നടത്തിയാല്‍ 150000 യുവാന്‍ പിഴയായി ഈടാക്കും. അതേസമയം മരുന്ന് നിര്‍മ്മാണത്തിനായി ഇവിടെ വന്യജീവികളെ ഉപയോഗിക്കുന്നതില്‍ വിലക്കില്ല.
കോവിഡ്-19, സാര്‍സ് എന്നീ രണ്ടു വൈറസ് ബാധയും ആദ്യം റിപ്പോര്‍ട്ട് ചെയ്തത് ചൈനയില്‍ നിന്നാണ്. ഈ രണ്ടു രോഗങ്ങള്‍ക്കും ചൈനയിലെ വന്യജീവി മാംസ വില്‍പ്പനയുമായി ബന്ധമുണ്ടായിരുന്നു.
വുഹാന്‍ നഗരത്തിലെ ഒരു ഇറച്ചിക്കടയില്‍ നിന്നാണ് കോവിഡിന് കാരണമായ കൊറോണ വൈറസിന്റെ ഉത്ഭവമെന്ന് കണ്ടെത്തിയിരുന്നു. ഈ കടയില്‍ പല്ലിവര്‍ഗത്തിലെ ജീവികള്‍, മരപ്പട്ടിയുടെ തുടങ്ങിയ വന്യജീവികളുടെ മാംസ വില്‍പ്പന നടന്നിരുന്നു. വുഹാന്‍ നഗരത്തിലെ പോലെ തന്നെ വന്യജീവികളുടെ ഇറച്ചിക്ക് പ്രശസ്തമാണ് ഷെന്‍സന്‍ നഗരം ഉള്‍പ്പെടുന്ന തെക്കന്‍ ഭാഗവും. ചൈനയുടെ തെക്കന്‍ ഭാഗത്താണ് 2002 പടര്‍ന്ന് പിടിച്ച സാര്‍സ് വൈറസ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.