Tuesday 19 January 2021




ചൈനയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് കുറയും; 1.10 കോടി ആളുകള്‍ ദാരിദ്ര്യത്തിലാകുമെന്ന് ലോകബാങ്ക്

By Online Desk .31 Mar, 2020

imran-azhar


ന്യൂയോര്‍ക്ക്: വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട കോവിഡ് 19 വൈറസ് ഭീതിയില്‍ ലോക രാജ്യങ്ങളുടെ അടച്ച് പൂട്ടലിനെ തുടര്‍ന്ന് ആഗോള സമ്പദ് വ്യവസ്ഥ വന്‍ പ്രതിസന്ധിയിലേക്ക്. സമ്പദ് വ്യവസ്ഥ സ്തംഭനാവസ്ഥയിലേയ്ക്ക് നീങ്ങുന്നതിന്റെ പശ്ചാത്തലത്തില്‍ കിഴക്കന്‍ ഏഷ്യയിലെ 1.10 കോടി ആളുകള്‍ കടുത്ത ദാരിദ്ര്യത്തിലാകുമെന്ന് ലോക ബാങ്കിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ വര്‍ഷം 6.1ശതമാനമായിരുന്നു ചൈനയിലെ വളര്‍ച്ച നിരക്ക് 2.3 ശതമാനമായി കുറയുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ അനുമാനം. കോവിഡ് വ്യാപകമാകുന്നതിനും രണ്ടുമാസം മുമ്പ് ചൈന 5.9 ശതമാനം വളര്‍ച്ച നേടുമെന്നായിരുന്നു ലോക ബാങ്കിന്റെ സാമ്പത്തിക വിദഗ്ദ്ധര്‍ പ്രവചിച്ചിരുന്നത്.
ലോക ജനസംഖ്യയുടെ അഞ്ചില്‍ രണ്ടുപേരും ഏതെങ്കിലും തരത്തിലുള്ള അടച്ചിടലിന്റെ ആഘാതം അനുഭവിക്കുന്നവരാണ്. വ്യാപാര സ്ഥാപനങ്ങള്‍ പൂട്ടിയിട്ടതും ഗതാഗതം നിര്‍ത്തിവെച്ചതും കാര്യമായിതന്നെ ബാധിക്കും. കോവിഡ് പൊട്ടിപുറപ്പെട്ട ചൈന താല്‍ക്കാലികമായി ഉയര്‍ത്തെഴുന്നേറ്റാലും മാന്ദ്യത്തെ നേരിടേണ്ടിവരുമെന്ന് ലോക ബാങ്ക് മുന്നറിയിപ്പ് നല്‍കുന്നു. വ്യാപാരം, വിനോദസഞ്ചാരം, ചരക്കുനീക്കം എന്നിവയെ കൂടുതലായി ആശ്രയിക്കുന്ന രാജ്യങ്ങളാകും കടുത്ത ഭീഷണി നേരിടേണ്ടിവരികയെന്നും ലോക് ബാങ്ക് ചീഫ് ഇക്കണോമിസ്റ്റ് ആദിത്യ മാറ്റോ വ്യക്തമാക്കി.