Saturday 21 October 2017

കുരിശ് നീക്കിയപ്പോള്‍ സന്തോഷിച്ചത് യേശുക്രിസ്തുവായിരിക്കുമെന്ന് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

By praveen prasannan.20 Apr, 2017

imran-azhar

 

 നിരണം: മൂന്നാറില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി സ്ഥാപിച്ച കുരിശ് പൊളിച്ചതിനെ പിന്‍തുണച്ച് യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. അവിടെ സ്ഥാപിച്ച കുരിശ് നീക്കിയപ്പോള്‍ ഏറ്റവും സന്തോഷിച്ചത് യേശുക്രിസ്തുവായിരിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഫേസ്ബുക്കിലാണ് മാര്‍ കൂറിലോസ് കുറിപ്പിട്ടത്. മൂന്നാര്‍ ദൌത്യത്തിന് അഭിവാദ്യങ്ങള്‍. നമുക്ക് അവസാനം ഒരു റവന്യു മന്ത്രി ഉണ്ടായിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ബൈബിളും കുരിശും എല്ലാം പല കാലത്തും കോളനിവത്കരണത്തിനും അടിനിവേശത്തിനുമായി ഉപയോഗിക്കപ്പെട്ടിട്ടുണ്ടെന്ന് മാര്‍ കൂറിലോസ് പറയുന്നു.

കുറെ വര്‍ഷങ്ങള്‍ക്ക് മുന്പ് കേരളത്തില്‍ ഒരു സ്ഥലത്ത് തോമാശ്ളീഹയുടെ കാലത്തെ ഒരു കുരിശ് കണ്ടെത്തിയെന്ന് പറഞ്ഞ് കുറെ നേതാക്കള്‍ പാവപ്പെട്ട വിശ്വാസികളെ സംഘടിപ്പിച്ച് ആ പ്രദേശം വെട്ടിപ്പിടിച്ചു.തോമസ് ശ്ളീഹയുടെ കാലത്ത് സിമന്‍റ് കുരിശില്ലായിരുന്നു എന്ന് ചിന്തിക്കാനുള്ള ബുദ്ധി പോലും ഉദിച്ചില്ല.

ഈ അധിനിവേശ പാരന്പര്യത്തിന്‍റെ ഏറ്റവും സമീപകാല ഉദാഹരണമാണ് മൂന്നാറിലെ കുരിശെന്നും മാര്‍ കൂറിലോസ് പറയുന്നു.