Friday 29 May 2020




ചൈനയില്‍ കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ യഥാര്‍ത്ഥ സംഖ്യ കണ്ടെത്താന്‍ സി.ഐ.എ

By online desk .04 Apr, 2020

imran-azhar

 

വാഷിംഗ്ടണ്‍ : ചൈനയില്‍ കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ യഥാര്‍ത്ഥ സംഖ്യ പുറത്തുകൊണ്ടു വരാന്‍ നീക്കം നടത്തുകയാണ് അമേരിക്കന്‍ ചാരസംഘടനയായ സി.ഐ.എ. രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണത്തിന്റെ യഥാര്‍ത്ഥ ചിത്രമല്ല ചൈന പുറത്തുവിട്ടതെന്ന് അമേരിക്കന്‍ ചാര സംഘടന നേരത്തേ തന്നെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അറിയിച്ചിരുന്നു.

 

രോഗം ബാധിച്ചവരുടെ എണ്ണം മരിച്ചവരുടെ എണ്ണം എന്നിവ സംബന്ധിച്ച്് കൃത്യമായ കണക്കുകള്‍ ലഭിച്ചാല്‍ മാത്രമെ വൈറസ് ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍, വൈറസ് പകരുന്ന വേഗത തുടങ്ങിയ കാര്യങ്ങള്‍ മനസിലാക്കാനാകൂ. കൃത്യമായ കണക്ക് ലഭിക്കുന്നത് വൈറസിനെക്കുറിച്ച് കൃത്യമായ ധാരണ ഉണ്ടാക്കുന്നതിനും കോവിഡ് 19 അമേരിക്കയെ ബാധിക്കുന്നതെങ്ങനെ എന്നതിനെ കുറിച്ച് മനസിലാക്കുന്നതിനും സഹായിക്കും. നിലവിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും കൃത്യമായ കണക്കുകള്‍ സഹായിക്കും.



വൈറസിന്റെ വ്യാപ്തി എത്രയാണെന്ന് ചൈനീസ് സര്‍ക്കാരിന് തന്നെ നിശ്ചയമില്ലെന്നാണ് സി.ഐ.എ കരുതുന്നത്.പ്രഭവകേന്ദ്രമായ വുഹാനിലെയും മറ്റിടങ്ങളിലെയും ഉദ്യോഗസ്ഥര്‍ രോഗബാധ നിരക്ക്, പരിശോധന, മരണം എന്നിവ സംബന്ധിച്ച് കള്ളക്കണക്കുകളാണ് പറയുന്നതെന്നാണ് അമേരിക്കന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെ പക്ഷം. വര്‍ദ്ധിച്ച സംഖ്യകള്‍ പുറത്തുവന്നാല്‍ ശിക്ഷിക്കപ്പെടുമെന്നും സ്ഥാനം നഷ്ടപ്പെടുമെന്നമുളള ഭയം കാരണമാണ് ഉദ്യോഗസ്ഥര്‍ കളളക്കണക്കുകള്‍ പുറത്തുവിടുന്നത്.



ഔദ്യോഗിക കണക്കുകളേക്കാള്‍ ഇരട്ടിയായിരിക്കാം വുഹാനിലെ മരണസംഖ്യയെന്ന് ചില മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടരുന്നു.