Sunday 07 June 2020




പൗരത്വ ബില്ലിൽ ആളിക്കത്തി രാജ്യതലസ്ഥാനം; 19 വിമാനങ്ങള്‍ റദ്ദാക്കി, ജനങ്ങൾ പെരുവഴിയിൽ

By online desk .20 Dec, 2019

imran-azhar

 

 

ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധം ശക്തമായതോടെ തലസ്ഥാനനഗരമായ ന്യൂഡല്‍ഹി ഇന്നലെ നിശ്ചലമായി. പ്രതിഷേധം നേരിടാന്‍ പൊലീസ് സ്വീകരിച്ച നടപടികളെത്തുടര്‍ന്ന് ഡല്‍ഹി കനത്ത ഗതാഗതക്കുരുക്കിലായി. പ്രതിഷേധക്കാര്‍ കൂടുതല്‍ തലസ്ഥാനത്തേയ്ക്ക് എത്താതിരിക്കാന്‍ പൊലീസ് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ വിവിധ ഭാഗങ്ങളില്‍ ലക്ഷക്കണക്കിന് വാഹനങ്ങളാണ് പെരുവഴിയില്‍ക്കുടുങ്ങിയത്. ഇതോടെ എയര്‍ഹോസ്റ്റസുമാരും പൈലറ്റുമാരും അടക്കമുള്ള ജീവനക്കാര്‍ ഗതാഗതക്കുരുക്കില്‍പ്പെട്ടതോടെ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ 19 വിമാനങ്ങള്‍ റദ്ദാക്കി. മറ്റ് വിമാനക്കമ്പനികളുടെ 16 വിമാനങ്ങള്‍ സര്‍വ്വീസ് ആരംഭിക്കാന്‍ വൈകി.


പ്രതിഷേധം നിയന്തിക്കാനായി ഡല്‍ഹി പൊലീസ് ചെങ്കോട്ടയിലും മധ്യഡല്‍ഹിയിലെ ചില ഭാഗങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. പിന്നാലെ ഇവിടെ പ്രതിഷേധത്തിനെത്തിയവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പ്രതിഷേധക്കാരെ കണ്ടെത്താന്‍ വാഹനങ്ങള്‍ തടഞ്ഞ് പരിശോധന നടത്തി. എന്നിട്ടും പ്രതിഷേധക്കാരുടെ വരവ് തുടര്‍ന്നതോടെ വിവിധ റോഡുകള്‍ പൊലീസ് അടച്ചു. മെട്രോ റെയില്‍വേയുടെ 17 സ്റ്റേഷനുകളും പൊലീസ് അടപ്പിച്ചു. ഇതോടെ ജനം പെരുവഴിയിലായി. തെക്കന്‍ മേഖലകളില്‍ നിന്നും ദില്ലിയിലേക്കുള്ള പാതകളെല്ലാം സ്തംഭിച്ചതോടെ ദില്ലിയില്‍ നിന്നുള്ള വിവിധ വിമാനങ്ങളും റദ്ദാക്കി. പ്രതിഷേധവും ഗതാഗത തടസവും കണക്കിലെടുത്ത് വിമാനയാത്രികര്‍ നേരത്തെ വിമാനത്താവളത്തില്‍ എത്തണമെന്ന് വിമാനക്കമ്പനികള്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ യാത്രക്കാരെ അറിയിക്കുന്നുണ്ട്.