Friday 21 February 2020




സാമൂഹ്യ മാദ്ധ്യമങ്ങളിലെ ചതിക്കുഴികളില്‍ വീഴരുത്: പൊലീസ് കമ്മീഷണര്‍

By online desk .12 Jan, 2020

imran-azhar

 

 

തിരുവനന്തപുരം: സാമൂഹ്യ മാദ്ധ്യമങ്ങളിലെ ചതിക്കുഴികളില്‍ വീഴാതെ പൊതുജനങ്ങള്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ ബല്‍റാം കുമാര്‍ ഉപാദ്ധ്യായ. ജനമൈത്രി പൊലീസിന്റെ നേതൃത്വത്തില്‍ എ.ആര്‍ ക്യാമ്പില്‍ നടത്തിയ റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികളുടെ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നഗരത്തിലെ റസിഡന്‍സ് അസോസിയേഷനുകളും വ്യാപാരി വ്യവസായികളുമായി സഹകരിച്ച് കൂടുതല്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കാന്‍ നടപടിയെടുക്കും.കൂടാതെ തലസ്ഥാന വാസികള്‍ ട്രാഫിക് നിയമങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ റസിഡന്‍സ് അസോസിയേഷനുകള്‍ അംഗങ്ങളെ ബോധവത്കരിക്കണമെന്നും പൊലീസ് കമ്മീഷണര്‍ നിര്‍ദ്ദേശിച്ചു.കൊച്ചുവേളി റെയില്‍വേ സ്റ്റേഷനില്‍ വരുന്ന യാത്രക്കാര്‍ക്ക്് കൂടുതല്‍ സൗകര്യമൊരുക്കാന്‍ പ്രിപെയ്ഡ് ഓട്ടോറിക്ഷ സ്റ്റാന്‍ഡ് സ്ഥാപിക്കുന്നതിന് ട്രാഫിക് പൊലീസ് പഠനം നടത്തി റിപ്പോര്‍ട്ട്് ഹാജരാക്കാന്‍ കമ്മീഷണര്‍ നിര്‍ദ്ദേശിച്ചു.


വിവിധ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും പങ്കെടുത്ത റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ ഉന്നയിച്ച പരാതികള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും അദ്ദേഹം മറുപടി നല്‍കി.ഡി.സി.പി ആര്‍ കറുപ്പസ്വാമി, സബ്ഡിവിഷണല്‍ എ.സിമാര്‍,ട്രാഫിക് എസിമാര്‍, പൊലീസ് സ്റ്റേഷനുകളിലെ കമ്മ്യൂണിറ്റി റിലേഷന്‍സ് ഓഫീസര്‍, മറ്റ് പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.റോഡ്ഫണ്ട് ബോര്‍ഡ്, എക്‌സൈസ്, ഭക്ഷ്യ സുരക്ഷ, വാട്ടര്‍ അതോറിറ്റി, ബി.എസ്.എന്‍.എല്‍, ട്രിഡ, മെഡിക്കല്‍ തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരും യോഗത്തില്‍ സംബന്ധിച്ചു. ചടങ്ങില്‍ പൊലീസ് സ്റ്റേഷനിലെ ജനമൈത്രി ബീറ്റ് ഓഫീസര്‍മാര്‍ക്കായി തയാറാക്കിയ പുസ്തകത്തിന്റെ പ്രകാശനം സിറ്റി പൊലീസ് കമ്മീഷണര്‍ ബല്‍റാം കുമാര്‍ ഉപാദ്ധ്യായയും ഡി.സി.പി ആര്‍ കറുപ്പ് സ്വാമിയും ചേര്‍ന്ന് നിര്‍വഹിച്ചു.