Tuesday 19 March 2024




ആറിടങ്ങളില്‍ ഹൈവേ നിര്‍മ്മാണം ആരംഭിച്ചു: മുഖ്യമന്ത്രി

By Online Desk .22 Jan, 2019

imran-azhar

 

 

തിരുവനന്തപുര: മലയോര മേഖലയുടെ വികസനത്തിന് സഹായകരമാകുന്ന മലയോര ഹൈവേ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂടിയെന്നും സംസ്ഥാനത്ത് ആറിടങ്ങളില്‍ ഹൈവേ നിര്‍മ്മാണപ്രവൃത്തി ആരംഭിച്ചതായും മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍ഗോഡ് നന്ദാരപടവു നിന്നും തിരുവനന്തപുരം പാറശാല വരെ 1251 കിലോ മീറ്റര്‍ നീളത്തിലാണ് മലയോര ഹൈവെ നിര്‍മ്മിക്കുന്നത്. ഇതില്‍ കാസര്‍ഗോഡ്, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ പ്രവൃത്തികളാണ് ആരംഭിച്ചത്. സംസ്ഥാനത്തെ മലയോര മേഖലയുടെ ദീര്‍ഘകാലത്തെ കാത്തിരിപ്പിന് കൂടിയാണ് ഇതോടെ വിരാമമാകുന്നത്

 

കാസര്‍ഗോഡ് നന്ദാരപടവ് മുതല്‍ ചോവാര്‍ വരെയുള്ള 23 കിലോ മീറ്റര്‍ ദൂരത്തെ റോഡ് നിര്‍മ്മാണം നാല്‍പ്പത് ശതമാനത്തോളം പൂര്‍ത്തിയായി. 53.93 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന ഈ മേഖലയിലെ പ്രവൃത്തിക്ക് 2018 ജൂണിലാണ് കരാര്‍ നല്‍കിയിരുന്നത്. കാസര്‍ഗോഡ്- കോളിച്ചാല്‍- എടപ്പറമ്പ് മേഖലയില്‍ മുപ്പത് ശതമാനത്തോളം പണി ഇതിനകം പൂര്‍ത്തീകരിച്ചു. 24 കിലോ മീറ്റര്‍ ദൂരത്തില്‍ 84.65 കോടി രൂപ ചെലവു കണക്കാക്കിയ പ്രവൃത്തിക്ക് 2018 ജൂലൈയിലാണ് കരാര്‍ ഒപ്പു വെച്ചത്. കൊല്ലം ജില്ലയിലെ കൊല്ലായില്‍ പുനലൂര്‍ മേഖലയിലെ ജോലിയും ആരംഭിച്ചു.

 

42 കിലോ മീറ്ററില്‍ 200 കോടി രൂപ ചെലവഴിച്ചാണ് നിര്‍മ്മാണം. പാറശാല മുതല്‍ കള്ളിക്കാട് വരെയുള്ള 15 കിലോ മീറ്റര്‍ പ്രവൃത്തിക്കും തുടക്കമായി. കൊല്ലായില്‍ -വിതുര - കള്ളിക്കാട്, കൊളിച്ചാല്‍- ചെറുപുഴ റൂട്ടുകളില്‍ ടെണ്ടര്‍ നടപടികള്‍ അന്തിമഘട്ടത്തിലെത്തി.

 

കിഫ്ബിയില്‍ നിന്നുള്ള 3500 കോടി രൂപ ചെലവഴിച്ചാണ് മലയോര ഹൈവേ നിര്‍മ്മാണം. 13 ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന മലയോര ഹൈവെ 42 പദ്ധതികളിലൂടെ പൂര്‍ത്തീകരിക്കും. 656 കിലോമീറ്റര്‍ നീളം വരുന്ന 24 പദ്ധതികളുടെ വിശദമായ രൂപരേഖ ഇതിനകം തയ്യാറാക്കി കഴിഞ്ഞു. ഇതില്‍ 17 പദ്ധതികള്‍ക്ക് അനുമതിയായി. വേഗതയില്‍ പദ്ധതി പൂര്‍ത്തീകരിക്കുന്നതിനാണ് സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.