Sunday 22 September 2019




ശബരിമലയില്‍ 144 പ്രഖ്യാപിക്കാന്‍ സംസ്ഥാനത്തോട് ആവശ്യപ്പെട്ടത് കേന്ദ്ര സര്‍ക്കാര്‍: പിണറായി

By online desk.14 Apr, 2019

imran-azhar

 

 

കൊല്ലം:അയ്യപ്പന്റെ പേര് പറയുന്നവരെ കേരളത്തില്‍ അറസ്റ്റ് ചെയ്യുന്നു എന്ന പച്ചകള്ളം പ്രചരിപ്പിക്കുകയാണ് പ്രധാനമന്ത്രിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ പ്രസ്താവനവഴി രാജ്യത്തെ തെറ്റ് ധരിപ്പിക്കുകയാണ് മോദി. അറസ്റ്റ് ചെയ്തത് നിയമവിരുദ്ധ പ്രവര്‍ത്തനത്തിനാണെന്നും പിണറായി വിജയന്‍ വിശദീകരിച്ചു. ആര് തെറ്റ് ചെയ്താലും നടപടി ഉണ്ടാക്കും. കൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെഎന്‍ ബാലഗോപാലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

 

ശബരിമലയിലേക്ക് ഉള്ള കാണിക്ക തടസപ്പെടുത്താന്‍ ആഹ്വാനം ചെയ്തത് മോദിയുടെ അനുയായികളാണ്. ശബരിമലയിലേക്ക് എത്തുന്ന വിശ്വാസികളെ ആക്രമിക്കാന്‍ ഇവര്‍ ആളെ അയച്ചു. 144 പ്രഖ്യാപിക്കാന്‍ സംസ്ഥാനത്തോട് ആവശ്യപ്പെട്ടത് മോദി സര്‍ക്കാരാണെന്നും പിണറായി തുറന്നടിച്ചു. എന്നിട്ട് ഇപ്പോള്‍ കേരളത്തിലെ മോദിയുടെ അനുയായികള്‍ തന്നെ 144 പ്രഖ്യാപിച്ചതിന് എതിരെ രംഗത്ത് വരുന്നുവെന്നും പിണറായി പരിഹസിച്ചു.


മോദി തിരഞ്ഞെടുപ്പ് കമ്മീഷനെ ഭീഷണിപ്പെടുത്തുകയാണ് എന്നും പിണറായി കുറ്റപ്പെടുത്തി.ശബരിമലയില്‍ മോദിയുടെ ഉപദേശം സംസ്ഥാനത്തിന് വേണ്ട, ശബരിമലയില്‍ ആക്രമികളെത്തിയത് മോദിയുടെ അനുഗ്രഹാശിസുകളോടെയാണെന്നും പിണറായി വിജയന്‍ പറഞ്ഞു. തിരുസന്നിധിയില്‍ വരെ അക്രമികളെത്തി. പൊലീസുകാരെ തേങ്ങയെടുത്ത് അടിച്ചു. അക്രമികളെ നിലയ്ക്ക് നിലനിര്‍ത്താന്‍ പൊലീസ് പാടുപെട്ടു. കൂടുതല്‍ ഒന്നും പറയാത്തത് തിരഞ്ഞെടുപ്പ് ആയതിനാലാണെന്നും തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം പ്രധാനമന്ത്രിക്കും ബാധകമാണെന്നും പിണറായി വിജയന്‍ ഓര്‍മ്മിപ്പിച്ചു.


തിരഞ്ഞെടുപ്പ് പ്രചരണത്തിന് ശബരിമല വിഷയം പരസ്യമായി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസവും രംഗത്ത് എത്തിയിരുന്നു. കോണ്‍ഗ്രസും മുസ്ലിം ലീഗും ശബരിമലയെ വച്ച് അപകടകരമായി കളിക്കുകയാണെന്നായിരുന്നു തേനിയിലെ രാമാനാഥപുരത്ത് മോദിയുടെ പരാമര്‍ശം. വെള്ളിയാഴ്ച കോഴിക്കോട്ട് നടന്ന പ്രചാരണപരിപാടിയില്‍ ശബരിമല എന്ന വാക്ക് എടുത്തു പറയാതെ പ്രസംഗിച്ച മോദി സംസ്ഥാനത്തിന് പുറത്ത് ശബരിമലയെച്ചൊല്ലി പ്രചാരണം കടുപ്പിക്കുകയാണ്. വിശ്വാസങ്ങളെയും ആചാരങ്ങളെയും തകര്‍ക്കാനുള്ള അപകടകരമായ നീക്കമാണ് നടക്കുന്നത്. ബിജെപി അധികാരത്തിലുള്ളിടത്തോളം ഇത് നടക്കില്ലെന്നും തിരഞ്ഞെടുപ്പ് പരിപാടിയില്‍ മോദി പറഞ്ഞു. കേരളത്തിനകത്ത് ശബരിമലയെച്ചൊല്ലി പ്രചാരണം നടത്തരുതെന്ന് വിലക്കുള്ളതിനാല്‍ കേരള - തമിഴ്നാട് അതിര്‍ത്തിയായ തേനിയിലാണ് മോദിയുടെ പരാമര്‍ശം.കേരളത്തിലെ ആദ്യ പ്രചാരണപരിപാടിയായ കോഴിക്കോട്ടെ 'വിജയ് സങ്കല്‍പ്' റാലിയിലും ആചാരസംരക്ഷണം ഉറപ്പാക്കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിച്ചത്.