Thursday 12 December 2019




സ്‌കൂള്‍ അദ്ധ്യാപകനെ വൈസ് ചാന്‍സിലറായി നിയമിക്കാന്‍ ശ്രമിച്ചവരാണ് യു.ഡി.എഫ്: മുഖ്യമന്ത്രി

By Sooraj Surendran .04 Dec, 2018

imran-azhar

 

 

തിരുവനന്തപുരം: സര്‍വകലാശാല വൈസ് ചാന്‍സിലറായി സ്‌കൂള്‍ അദ്ധ്യാപകനെ പോലും നിയമിക്കാന്‍ പുറപ്പെട്ടവരാണ് യോഗ്യതയെയും നിയമനത്തെയും കുറിച്ച് പറയാന്‍ നില്‍ക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനിലെ ജനറല്‍ മാനേജര്‍ നിയമനം സംബന്ധിച്ച് കെ. മുരളീധരന്റെ അടിയന്തര പ്രമേയ നോട്ടീസിനു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് ശുപാര്‍ശ ചെയ്ത് നിയമിച്ച വൈസ് ചാന്‍സിലറെ ഗവര്‍ണ്ണര്‍ അയോഗ്യനാക്കി പുറത്താക്കിയ ചരിത്രവുമുണ്ട്. ഇത്തരത്തില്‍ അക്കാദമിക് യോഗ്യതയുടെയും ശേഷിയുടെയും നിറകുടമായി നില്‍ക്കേണ്ട സര്‍വകലാശാല വൈസ് ചാന്‍സിലര്‍ നിയമനങ്ങള്‍ പോലും അട്ടിമറിക്കാന്‍ ശ്രമിച്ചവരാണ് യു.ഡി.എഫുകാര്‍.

 

ആ ഘട്ടങ്ങളിലെല്ലാം അക്കാദമിക് സമൂഹത്തിന്റെ താത്പര്യമുയര്‍ത്തിപ്പിടിച്ച് ജനാധിപത്യ കേരളത്തിന്റെ സംസ്‌കാരത്തെ മുന്നോട്ടുവെച്ച് പ്രതിരോധിച്ചത് എല്‍.ഡി.എഫാണെന്ന് ഓര്‍ക്കണം. നിയമന കാര്യങ്ങളില്‍ യു.ഡി.എഫിന്റെ ശീലമല്ല എല്‍.ഡി.ഫിന്റേത്. യോഗ്യത മറികടന്ന് ബന്ധുക്കളെയും മറ്റും നിയമിച്ചതിന്റെ ചരിത്രം വിശദീകരിക്കാന്‍ പുറപ്പെട്ടാല്‍ കഴിഞ്ഞ യു.ഡി.എഫ് കാലത്തെ നിരവധി ഉദാഹരണങ്ങള്‍ കാണാനാവും. അത്തരം ചരിത്രങ്ങള്‍ എണ്ണിയാല്‍ ഒടുങ്ങില്ല. അതിന്റെ വിശാദാംശങ്ങളിലേക്ക് ഇപ്പോള്‍ കടക്കുന്നില്ല. വേണമെങ്കില്‍ ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ബുദ്ധിമുട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷനിലെ ജനറല്‍ മാനേജരായി വനിതാ വികനസ കോര്‍പ്പറേഷനിലെ റീജയണല്‍ മാനേജരായിരുന്ന ഫൈസല്‍ മുനീറിനെ ധനകാര്യ, ആസൂത്രണ സാമ്പത്തിക കാര്യവകുപ്പുകളുടെ അഭിപ്രായങ്ങള്‍ മറികടന്ന് മന്ത്രിസഭ, കോര്‍പ്പറേഷനില്‍ സ്ഥിരനിയമനം നല്‍കിയ പ്രശ്നമുണ്ടായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചതിനാല്‍ തീരുമാനം നടപ്പാക്കാന്‍ കഴിയാതെ പോയതാണ്. തെറ്റായ തീരുമാനം നടപ്പാക്കാന്‍ കഴിയാതെ പോയത് ജനങ്ങള്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെ പേരില്‍ യു.ഡി.എഫിനെ ഭരണത്തില്‍ നിന്ന് താഴെയിറക്കിയതു കൊണ്ടാണ്.