Tuesday 19 March 2024




ആരോഗ്യമേഖലയിലെ പുരോഗതി മുന്നോട്ടുകൊണ്ടുപോകാന്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിനാകും: മുഖ്യമന്ത്രി

By online desk.09 Feb, 2019

imran-azhar

 

 

തിരുവനന്തപുരം: ആരോഗ്യമേഖലയിലെ പുരോഗതി ഇനിയും മുന്നോട്ടുകൊണ്ടുപോകാന്‍ സംസ്ഥാനത്തിന് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സംഭാവനകളിലൂടെ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം തോന്നയ്ക്കല്‍ ബയോ ലൈഫ് സയന്‍സ് പാര്‍ക്കില്‍ സ്ഥാപിക്കുന്ന 'ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി'യുടെ ആദ്യഘട്ടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

നമ്മുടെ നാട്ടില്‍ ഇല്ലാതായ രോഗങ്ങള്‍ തിരിച്ചുവരികയും ചിലഘട്ടങ്ങളില്‍ പകര്‍ച്ചവ്യാധികള്‍ കടന്നാക്രമിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇത്തരമൊരു സ്ഥാപനം അനിവാര്യമാണെന്ന് തിരിച്ചറിഞ്ഞാണ് ഇതുസംബന്ധിച്ച നിര്‍ദേശം വന്നപ്പോള്‍ അംഗീകരിച്ചത്. വൈറോളജി രംഗത്തെ രോഗനിര്‍ണയത്തിനും ഗവേഷണത്തിനും സംസ്ഥാനത്തിന് മാത്രമല്ല, അഖിലേന്ത്യാതലത്തില്‍ തന്നെ ഇന്‍സ്റ്റിറ്റ്യൂട്ട് ഗുണകരമാകും. ഗ്‌ളോബല്‍ വൈറസ് നെറ്റ് വര്‍ക്കുമായുള്ള ബന്ധവും സ്ഥാപനത്തിന് ഗുണകരമാണ്.

 

പശ്ചാത്തലവികസനത്തിന് നാം ഏറെ പ്രാധാന്യമാണ് കൊടുക്കുന്നത്. പകര്‍ച്ചവ്യാധികള്‍ നമ്മെ ഇടയ്ക്കിടെ ബുദ്ധിമുട്ടിക്കുന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. അടുത്തിടെ നിപാ രോഗം വന്നതും അതു കൈകാര്യം ചെയ്ത രീതിയും ലോകശ്രദ്ധ നേടിയതാണ്. നമ്മുടെ രാജ്യത്തും അന്താരാഷ്ട്രതലത്തിലും ബന്ധപ്പെട്ട് ഇന്‍സ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ടാണ് കാര്യങ്ങള്‍ നീക്കുന്നത്. നല്ല സഹകരണമാണ് ഇക്കാര്യത്തില്‍ ലഭിക്കുന്നതും സ്ഥാപനത്തിന്റെ പ്രസക്തിയും ആധികാരികതയും വര്‍ധിപ്പിക്കുന്നുണ്ട്.

 

ആരോഗ്യമേഖലയിലെ വികസനം ഏറ്റവും പ്രധാനമായാണ് സര്‍ക്കാര്‍ കാണുന്നത്. ഇത്തരം സ്ഥാപനം വരുന്നത് ആരോഗ്യരംഗത്ത് മാറ്റങ്ങള്‍ സൃഷ്ടിക്കും. ഇതില്‍നിന്നുണ്ടാകുന്ന തൊഴിലിനപ്പുറം സാമൂഹ്യമായ പ്രസക്തി വളരെ വിലപ്പെട്ടതാണ്. അതിനാണ് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നത്. മലയാളികളായ ഡോ. എം.വി. പിള്ളയും ഡോ. ശാരധരനും ഈ ആശയം മുന്നോട്ടുവെച്ചത്. സ്ഥാപനം കൂടുതല്‍ വിപുലപ്പെടുത്തുന്നതിനും അവരുടെ സേവനം വേണം. വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആശയവും നിര്‍ദേശവും ഉയര്‍ന്നുവന്നപ്പോള്‍ എല്ലാ മേഖലകളില്‍ നിന്നും അംഗീകരിക്കുകയും സ്വാഗതം ചെയ്യുകയും ചെയ്യുന്ന അനുഭവമാണ് ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

ചടങ്ങില്‍ ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി അധ്യക്ഷത വഹിച്ചു. ആസൂത്രണബോര്‍ഡ് ഉപാധ്യക്ഷന്‍ ഡോ. വി.കെ. രാമചന്ദ്രന്‍, ഡോ. എ. സമ്പത്ത് എം.പി, യു.എസ്.എ തോമസ് ജെഫര്‍സണ്‍ യൂണിവേഴ്‌സിറ്റിയിലെ ഡോ. എം.വി പിള്ള, ഗ്‌ളോബല്‍ വൈറസ് നെറ്റ്വര്‍ക്ക് പ്രസിഡന്റ് ഡോ. ക്രിസ്റ്റിയന്‍ ബ്രെഷോ, ഡബ്‌ളിന്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഡോ. വില്യം ഹാള്‍, ബാള്‍ട്ടിമോര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ വൈറോളജി ഡയക്ടര്‍ ഡോ. ശ്യാംസുന്ദര്‍ കൊട്ടിലില്‍ തുടങ്ങിയവര്‍ വിശിഷ്ടാതിഥികളായി.

 

80,000 ചതുരശ്രഅടി വിസ്തീര്‍ണ്ണമുള്ള നൂതന സൗകര്യങ്ങളുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് മന്ദിരമാണ് നിര്‍മിക്കുന്നത്. ആദ്യഘട്ടത്തില്‍ 25,000 ചതുരശ്രഅടിയില്‍ ഒരുങ്ങുന്ന പ്രീ ഫാബ് കെട്ടിടത്തിലാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. ആദ്യഘട്ടത്തിനുള്ള 25,000 ചതുരശ്ര അടി കെട്ടിടം ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘമാണ് നിര്‍മ്മിച്ചത്. 80,000 ചതുരശ്ര അടി പ്രധാന സമുച്ചയത്തിന്റെ നിര്‍മാണചുമതല കെ.എസ്.ഐ.ഡി.സി മുഖേന എല്‍.എല്‍.എല്‍ ലൈറ്റ്‌സിനാണ് നല്‍കിയിരിക്കുന്നത്. ഈ സമുച്ചയം ആഗസ്റ്റോടെ പൂര്‍ത്തിയാകും. ആദ്യഘട്ടത്തില്‍ പൂര്‍ത്തിയായ 25,000 ചതുരശ്രഅടി മന്ദിരത്തിന്റെ പ്രവര്‍ത്തനം ഈ മാസം തന്നെ പൂര്‍ണതോതിലാകും.