Tuesday 19 March 2024




ഒളിമ്പിക്‌സ് മെഡല്‍ ലക്ഷ്യമിട്ട് ഒന്നിച്ചു നീങ്ങണം; മുഖ്യമന്ത്രി

By Sarath Surendran.10 Oct, 2018

imran-azhar

 

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കി

 

 

തിരുവനന്തപുരം : ഒളിമ്പിക്‌സ് മെഡല്‍ ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നുണ്ടെന്നും ആ ലക്ഷ്യത്തിലേക്ക് ഒന്നിച്ചു നീങ്ങണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയ മലയാളി കായിക താരങ്ങള്‍ക്ക് ക്യാഷ് അവാര്‍ഡ് സമ്മാനിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

സംസ്ഥാനം പ്രളയ ദുരന്തം നേരിട്ട വേളയില്‍ ഏഷ്യന്‍ ഗെയിംസില്‍ മികച്ച വിജയം നേടാന്‍ കായികതാരങ്ങള്‍ക്ക് കഴിഞ്ഞത് ഉത്തേജനം പകരുന്നതാണ്. പരിശ്രമിച്ചാല്‍ ഇനിയും നേട്ടം കൈവരിക്കാനാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

 

ജിന്‍സണ്‍ ജോണ്‍സന്‍, വിസ്മയ വി.കെ, നീന വി, മുഹമ്മദ് അനസ്, കുഞ്ഞുമുഹമ്മദ്, ജിത്തു ബേബി, പി. യു. ചിത്ര എന്നിവര്‍ മുഖ്യമന്ത്രിയില്‍ നിന്ന് ക്യാഷ് അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. ദീപിക പള്ളിക്കല്‍, സുനൈന കുരുവിള, ശ്രീജേഷ് എന്നിവരുടെ അവാര്‍ഡ് രക്ഷകര്‍ത്താക്കള്‍ ഏറ്റുവാങ്ങി. സ്വര്‍ണ മെഡല്‍ നേടിയവര്‍ക്ക് 20ഉം വെള്ളി നേടിയവര്‍ക്ക് 15ഉം വെങ്കലം നേടിയവര്‍ക്ക് 10ഉം ലക്ഷം രൂപയാണ് നല്‍കിയത്. 14 മെഡലുകളാണ് പത്ത് താരങ്ങള്‍ നേടിയത്. മികച്ച പരിശീലകരെയും ആദരിച്ചു. ധ്യാന്‍ചന്ദ് പുരസ്‌കാരം നേടിയ മുന്‍ താരം ബോബി അലോഷ്യസിനെ ചടങ്ങില്‍ ആദരിച്ചു.


ഈ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം 157 കായിക താരങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കിയതായും 249 പേര്‍ക്കു കൂടി ഉടന്‍ നല്‍കുമെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച വ്യവസായ കായിക മന്ത്രി ഇ. പി. ജയരാജന്‍ പറഞ്ഞു. പോലീസില്‍ കൂടുതല്‍ കായികതാരങ്ങള്‍ക്ക് ജോലി നല്‍കി പോലീസ് ടീം മെച്ചപ്പെടുത്തും. എല്ലാ ജില്ലകളിലും മെച്ചപ്പെട്ട ഇന്‍ഡോര്‍, ഔട്ട് ഡോര്‍ സ്‌റ്റേഡിയങ്ങള്‍ നിര്‍മ്മിക്കാന്‍ നടപടിയായിട്ടുണ്ട്. കിഫിബിയില്‍ നിന്ന് 700 കോടി രൂപ ഉപയോഗിച്ചാണ് സ്‌റ്റേഡിയങ്ങള്‍ നിര്‍മ്മിക്കുന്നത്. പലതും ഉദ്ഘാടനത്തിന് തയ്യാറായിട്ടുണ്ട്. കായിക മേഖലയ്ക്ക് തിരുവനന്തപുരത്ത് ആസ്ഥാന മന്ദിരം നിര്‍മിക്കാന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നടപടി സ്വീകരിക്കും. അന്താരാഷ്ട്ര നിലവാരമുള്ള കോച്ചുകളെ കേരളത്തിലെത്തിച്ച് കേരള താരങ്ങളെ വളര്‍ത്താനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.


ഒ. രാജഗോപാല്‍ എം. എല്‍. എ, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി. പി. ദാസന്‍, കായിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ. ജയതിലക്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അഡ്മിനിസ്‌ട്രേറ്റീവ് ബോര്‍ഡ് അംഗങ്ങളായ എം. ആര്‍. രഞ്ജിത്ത്, ഡി. വിജയകുമാര്‍, ഒ. കെ. വിനീഷ്, സെക്രട്ടറി സഞ്ജയന്‍ കുമാര്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഡി. മോഹനന്‍ എന്നിവര്‍ സംസാരിച്ചു.