Friday 28 February 2020
അഴിമതിക്ക് അവസരം നല്‍കാത്ത അവസ്ഥ കേരളത്തില്‍ സൃഷ്ടിക്കുക ലക്ഷ്യം; മുഖ്യമന്ത്രി പിണറായി വിജയന്‍

By Sarath Surendran.31 Oct, 2018

imran-azhar


വിജിലന്‍സ് ബോധവത്കരണ വാരാചരണത്തിന്റെയും സംസ്ഥാനതലശില്‍പശാലയുടേയും ഉദ്ഘാടനം നിര്‍വഹിച്ചു

 

 

 

തിരുവനന്തപുരം : സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിജിലന്‍സ് ബോധവത്കരണ വാരാചരണത്തിന്റെയും സംസ്ഥാനതല ശില്‍പശാലയുടേയും ഉദ്ഘാടനം നിര്‍വഹിച്ചുസംസാരിക്കുകയായിരുന്നു അദ്ദേഹം.
അഴിമതി എവിടെയായാലും കര്‍ശനനടപടിയെടുക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്. സൈര്യജീവിതത്തിനൊപ്പം ക്ഷേമജീവിതവും ഉറപ്പാക്കാനുള്ള ദൗത്യം ഏറ്റെടുക്കണം. അഴിമതി വിമുക്ത കേരളമാണ് ലക്ഷ്യം. ഇതിനായി കൃത്യമായ നിരീക്ഷണ സംവിധാനം വിജിലന്‍സ് ഉറപ്പാക്കണം. പരാതികള്‍ ഉണ്ടായാല്‍ കര്‍ശനനടപടി വേണമെന്ന് അദ്ദേഹം പറഞ്ഞു.

 


സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വിജിലന്‍സ് ഇടപെടല്‍ ഉണ്ടായത് അഴിമതിവിരുദ്ധ നടപടികളുടെ ഭാഗമായാണ്. ആയിരത്തോളം റെയ്ഡുകള്‍ ഒരുവര്‍ഷത്തിനിടെ നടത്താനായത് വിജിലന്‍സ് പ്രവര്‍ത്തനത്തിന്റെ മികവാണ് തെളിയിക്കുന്നത്. അങ്ങേയറ്റം വിശ്വാസ്യതയും മനഃശുദ്ധിയും ഉദ്യോഗസ്ഥര്‍ പുലര്‍ത്തുമ്പോഴാണ് ആസൂത്രണം ചെയ്യുന്ന പരിശോധനകള്‍ വിജയമാകുന്നത്.

 


ഇന്നത്തെക്കാലത്ത് അഴിമതി പലവിധ മാര്‍ഗങ്ങള്‍ ഉപയോഗിച്ചാണ് നടത്തുന്നതും വികസനപ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുന്നതും. നൂതനസാങ്കേതിക വിദ്യകള്‍ തട്ടിപ്പിന് ഉപയോഗിക്കുന്നതിനാല്‍ ഉദ്യോഗസ്ഥരും ഉയര്‍ന്ന സാങ്കേതികവിദ്യകള്‍ സ്വായത്തമാക്കണം. ഡിജിറ്റല്‍ തെളിവുകള്‍ സ്വീകരിക്കാനും അന്വേഷണം കൂടുതല്‍ കാര്യക്ഷമമാക്കാനും ഇത് സഹായിക്കും. ഇതിനായി വിദഗ്ധപരിശീലനം നല്‍കാന്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ സൈബര്‍ സെന്ററുകള്‍ അനുവദിച്ചിട്ടുണ്ട്.
പ്രത്യക്ഷത്തില്‍ വിജിലന്‍സിന് ഇടപെടാന്‍ കഴിയില്ലെന്ന് തോന്നുന്ന വിവിധ മേഖലകളുടെ ശുദ്ധീകരണത്തിനും ഒട്ടേറെക്കാര്യങ്ങള്‍ ചെയ്യാനാകും. സ്‌കൂള്‍ പ്രവേശനം, കലോത്സവം, പൊതുജനാരോഗ്യം, കാര്‍ഷികം, ആദിവാസി-പിന്നാക്കക്ഷേമം തുടങ്ങിയ മേഖലകളില്‍ അനഭിലഷണീയ പ്രവണതകളുണ്ട്. ചിലരംഗങ്ങളില്‍ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയത് ഫലമുണ്ടാക്കി. 

 


വിജിലന്‍സ് പ്രവര്‍ത്തനങ്ങളില്‍ ജനങ്ങളെ ഒപ്പം നിര്‍ത്തണമെന്നത് പ്രധാനമാണ്. കൃത്യമായ വിവരങ്ങള്‍ ലഭിക്കാന്‍ ഇത് സഹായിക്കും.

 


രണ്ടരവര്‍ഷമായി വിജിലന്‍സിന്റെ മതിപ്പും വിശ്വാസ്യതയും നല്ലരീതിയില്‍ വര്‍ധിപ്പിക്കാനായി. അഴിമതിക്കെതിരായ പ്രവര്‍ത്തനങ്ങളില്‍ രാജ്യത്തിന് തന്നെ കേരളം മാതൃകയാണെന്നാണ് വിവിധ ഏജന്‍സികള്‍ വിലയിരുത്തിയിട്ടുള്ളത്. അനാവശ്യതടസ്സങ്ങള്‍ ഉണ്ടാവാതെ സര്‍ക്കാര്‍ ഓഫീസുകളില്‍ കാര്യങ്ങള്‍ വേഗം നടക്കണം. ഇ ഓഫീസ് സംവിധാനവും ബയോമെട്രിക് പഞ്ചിംഗും വ്യാപകമാക്കുന്നതോടെ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് പണ്ടുമുതലേയുള്ള അഴിമതി കുറയ്ക്കാനും കാര്യക്ഷമത വര്‍ധിപ്പിക്കാനും സഹായിക്കും. വിജിലന്‍സിലെ ഫയല്‍നീക്കം വേഗത്തിലാക്കാനും ഇ ഗവേണന്‍സ് ഉപയോഗിക്കും. വകുപ്പിലെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തും. മുട്ടത്തറയില്‍ വകുപ്പിന് ആസ്ഥാനമന്ദിര നിര്‍മാണവും പുരോഗമിക്കുന്നുണ്ട്. 
കൈക്കൂലി കൊടുക്കുന്നതും വാങ്ങുന്നതും കുറ്റകരമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണം. അഴിമതിക്കെതിരായ അവബോധം സംസ്‌കാരമായി വളര്‍ത്തിയെടുക്കണം. അഴിമതി കണ്ടാല്‍ ധൈര്യപൂര്‍വം ഇടപെടാനും വിജിലന്‍സിനെ അറിയിക്കാനും ജനങ്ങള്‍ക്കാകണം. ഒരുകോടി രൂപയിലധികമുള്ള അഴിമതി കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ വിസില്‍ ബ്‌ളോവര്‍ പുരസ്‌കാരം നല്‍കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

 


ചടങ്ങില്‍ ആഭ്യന്തര-വിജിലന്‍സ് അഡീ. ചീഫ് സെക്രട്ടറി സുബ്രതാ ബിശ്വാസ് അധ്യക്ഷത വഹിച്ചു. കേരള ഹൈക്കോടതി മുന്‍ ജഡ്ജ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി. നിയമസെക്രട്ടറി ബി.ജി. ഹരീന്ദ്രനാഥ്, അഡീ. ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ (വിജിലന്‍സ്) കെ.ഡി ബാബു എന്നിവര്‍ ആശംസയര്‍പ്പിച്ചു. വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡയറക്ടര്‍ ബി.എസ്. മുഹമ്മദ് യാസിന്‍ സ്വാഗതവും ഐ.ജി എച്ച്. വെങ്കിടേഷ് നന്ദിയും പറഞ്ഞു. സെമിനാറില്‍ റിട്ട. ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍, ബി.ജി. ഹരീന്ദ്രനാഥ് തുടങ്ങിയവര്‍ ക്ലാസുകളെടുത്തു.