Thursday 27 February 2020
യൂറോപ്യൻ പര്യടനം കേരളത്തിന് ഏറെ ഗുണം ചെയ്യുമെന്ന് മുഖ്യമന്ത്രി

By Online Desk .20 May, 2019

imran-azhar

 

 

തിരുവനന്തപുരം: യൂറോപ്യന്‍ പര്യടനം കേരളത്തിന് ഏറെ ഗുണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സന്ദര്‍ശനം ഫലപ്രദമായിരുന്നു. പ്രളയ നിയന്ത്രണത്തിനും പ്രളയാനന്തര പുനരധിവാസത്തിനും മികച്ച മാതൃകകള്‍ വിദേശ രാജ്യങ്ങളിലുണ്ട്. പ്രളയം തടയാനും പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിനും നെതര്‍ലാന്റ് മികച്ച പദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കിയിട്ടുണ്ട്. നെതര്‍ലാന്റ്‌സിന്റെ മാതൃകകള്‍ കേരളം ഉള്‍ക്കൊള്ളുമെന്നും വിദേശ പര്യടനം കഴിഞ്ഞെത്തിയ ശേഷം നടത്തിയ വാര്‍ത്താ സമ്മേളത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

 

പ്രളയ പുനര്‍ നിര്‍മ്മാണത്തിന് അഡിഷണല്‍ ചീഫ് സെക്രട്ടറി ഉടന്‍ യോഗം വിളിച്ചു ചേര്‍ക്കും. കൃഷി വന പരിപാലനം മുതല്‍ പരിസ്ഥിതി മുന്‍നിര്‍ത്തിയുള്ള ടൂറിസം പദ്ധതികള്‍ക്ക് വരെയുള്ള വിവിധ സാധ്യതകളാണ് ചര്‍ച്ച ചെയ്തത്. നെതര്‍ലാന്‍ഡ്സില്‍ നിന്നുള്ള വ്യവസായികളുടെയും മറ്റ് സംരംഭകരുടേയും യോഗത്തില്‍ വ്യവസായ പ്രതിനിധികളുമായും ചര്‍ച്ച നടത്തി. കേരളത്തിലെ വ്യവസായ മേഖലയുമായി സഹകരിക്കാനുള്ള സന്നദ്ധത അവര്‍ അറിയിച്ചിട്ടുണ്ട്. പുഷ്പ ഫല മേഖലയില്‍ സെന്റര്‍ ഓഫ് എക്സലന്‍സ് സ്ഥാപിക്കുന്നതിന് കേന്ദ്ര കൃഷി മന്ത്രാലയമായും, ഡച്ച് എംബസിയുമായും ബന്ധപ്പെടാന്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.

 

ജല കാര്‍ഷിക സമുദ്രതല സംരംഭങ്ങളില്‍ ഡച്ച് കമ്പനികളുടെ സഹായത്തോടെ വന്‍ കുതിച്ചുചാട്ടമാണ് കേരളം ലക്ഷ്യമിടുന്നത്. ലോകത്തിലെ തന്നെ വലിയ തുറമുഖങ്ങളിലൊന്നായ റോട്ടര്‍ഡാം തുറമുഖം 460 മില്ല്യണ്‍ ടണ്‍ ചരക്കുനീക്കമാണ് ഒരുവര്‍ഷം നടത്തുന്നത്. അവിടം സന്ദര്‍ശിച്ചതിലൂടെ കേരളത്തിന്റെ വികസനത്തിന് സഹായകമായ പലകാര്യങ്ങളും മനസ്സിലാക്കാന്‍ സാധിച്ചു. റോട്ടര്‍ഡാം തുറമുഖ അധികൃതരുമായി മാരിടൈം രംഗത്തെ സഹകരണം സംബന്ധിച്ച് ജൂലായില്‍ കേരളം ചര്‍ച്ച നടത്തും. ഒക്ടോബറില്‍ ധാരണാപത്രം ഒപ്പിടാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി ചീഫ് സെക്രട്ടറിയെയും എംബസിയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

 

നെതര്‍ലാന്‍ഡ്സില്‍ വ്യവസായികളുടെയും തൊഴില്‍ ദായകരുടെയും കോണ്‍ഫെഡറേഷന്‍ യോഗത്തിലും പങ്കെടുത്തു. വ്യവസായ പ്രതിനിധികളുമായി ചര്‍ച്ച നടത്തി. അവര്‍ക്ക് കേരളത്തിന്റെ വികസനത്തില്‍ പങ്കാളികളാകാന്‍ താല്‍പ്പര്യമുണ്ട്. അതിനായി ഡച്ച് പ്രതിനിധികളെ കേരളത്തിലേക്ക് ക്ഷണിക്കും. സംസ്ഥാനത്തിനും ജനങ്ങള്‍ക്കും സമഗ്രമായ വികസനത്തിന് അടിത്തറയൊരുക്കാന്‍ ഉതകുന്ന നിരവധിക കാര്യങ്ങളാണ് സന്ദര്‍ശനത്തില്‍ ചര്‍ച്ച ചെയ്യാനായത്. എല്ലാ രാജ്യങ്ങളിലെ എംബസികളും അംബാസിഡര്‍മാരും വളരെയധികം സഹായിച്ചു. പ്രത്യേക ശ്രദ്ധയോടെ ഇടപെട്ടു.

 

നെതര്‍ലാന്‍ഡ്സിലെ അംബാസിഡര്‍ വേണു രാജാമണിയുടെ പുസ്തകം 'വാട്ട് കാന്‍ വീ ലേണ്‍ ഫ്രം ദ ഡച്ച്, റീബിള്‍ഡിങ് കേരള' പുസ്തകം വെള്ളപ്പൊക്കത്തെ അതിജീവിക്കാനുള്ള ഡച്ച് മാതൃക മനസ്സിലാക്കാന്‍ ഉപകരിച്ചു. അവിടത്തെ 'റൂം ഫോര്‍ ദ റിവര്‍' മാതൃക പദ്ധതിയാണ്. തീരവാസികളുടെ സുരക്ഷ ഉറപ്പാക്കി വെള്ളപ്പൊക്കം നിയന്ത്രിക്കുന്ന പദ്ധതി കുട്ടനാട് പോലുള്ള പ്രദേശങ്ങളില്‍ ഉപകാരപ്രദമാണ്. അത് കേരളത്തില്‍ ഉപകാരപ്പെടുത്തുന്നതിന് ബന്ധപ്പെട്ടവരുടെ യോഗം അഡീഷണല്‍ ചീഫ് സെക്രട്ടറി വിളിക്കും മുഖ്യമന്ത്രി പറഞ്ഞു.