By Sooraj Surendran.07 Aug, 2019
തിരുവനന്തപുരം: യുവ മാധ്യമപ്രവർത്തകൻ കെ എം ബഷീർ മരിക്കാനിടയായ വാഹനാപകടത്തിന് കാരണക്കാരനായ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെതിരായ അന്വേഷണത്തിൽ വെള്ളം ചേർക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയോ എന്നതടക്കമുള്ള കാര്യങ്ങളും അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി മന്ത്രിസഭായോഗ തീരുമാനങ്ങൾ വിശദീകരിച്ച് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അപകടം നടന്നയുടൻ ശ്രീറാമിന്റെ രക്തപരിശോധന നടത്തുന്നതിൽ വീഴ്ച വരുത്തിയ എസ്ഐയെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രക്തത്തിൽ മദ്യത്തിന്റെ അളവ് ഇല്ലാതാക്കുന്നതിനായി ശ്രീറാം മരുന്ന് കഴിച്ചിട്ടുണ്ടോ എന്ന് മനസിലാക്കാൻ താൻ വിദഗ്ധനല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ എം ബഷീറിന് നീതി ഉറപ്പാക്കുമെന്നും ആരും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.