By Sooraj Surendran .16 Jan, 2020
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി എൽഡിഎഫ് നേതാക്കൾ രംഗത്ത് വന്നതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും രൂക്ഷ വിമർശനവുമായി രംഗത്ത്. സർക്കാരിന് മീതെയല്ല ഗവർണറുടെ സ്ഥാനമെന്നും, പണ്ടു നാട്ടുരാജ്യങ്ങൾക്കു മേൽ റഡിസന്റ് എന്നൊരു പദവിയുണ്ടായിരുന്നു, എന്നാൽ ഇപ്പോൾ ആ പദവി ഇല്ലെന്നും മുഖ്യമന്ത്രി ഗവർണർക്ക് മറുപടി നൽകി. മലപ്പുറത്ത് സിപിഎമ്മിന്റെ നേതൃത്വത്തില്‍ നടന്ന ഭരണഘടനാ സംരക്ഷണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡുകളുടെ എണ്ണം കൂട്ടാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിനെതിരെ ഗവർണർ രംഗത്തെത്തിയിരുന്നു. മന്ത്രിസഭാ ഇറക്കിയ ഓർഡിനൻസ് ഗവർണർ ഒപ്പിട്ടിരുന്നില്ല. ഇതേ തുടർന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള എൽഡിഎഫ് നേതാക്കൾ ഗവർണർക്കെതിരെ പ്രതികരണവുമായി രംഗത്ത് വന്നത്. രാജ്യവ്യാപകമായി പ്രതിഷേധം നടക്കുന്ന പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതിനെതിരെയും ഗവർണർ രംഗത്ത് വന്നിരുന്നു.