Tuesday 19 March 2024




ഭ​യ​പ്പെ​ടു​ത്തി ജ​ന​രോ​ഷം ഇ​ല്ലാ​താ​ക്കാമെന്ന് കരുതേണ്ട; രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി

By Sooraj Surendran.19 Dec, 2019

imran-azhar

 

 

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരായി രാജ്യത്താകമാനം ശക്തമായ പ്രക്ഷോഭം അഴിച്ചുവിട്ട പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത പോലീസ് നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഭയപ്പെടുത്തി ജനരോഷം ഇല്ലാതാക്കാമെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിച്ച ഇടതു നേതാക്കളായ സീതാറാം യെച്ചൂരിയെയും ഡി. രാജയെയും ഉൾപ്പെടെയുള്ള നിരവധി പേരെയാണ് പോലീസ് ഇന്ന് അറസ്റ്റ് ചെയ്തത്. ഉത്തര്‍പ്രദേശ്, കര്‍ണാടക, ഡല്‍ഹി, ഹൈദരാബാദ്, തിരുവനന്തപുരം, ഗുജറാത്ത്, തെലങ്കാന എന്നിവിടങ്ങളിൽ കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ കനത്ത പ്രതിഷേധമാണ് നടക്കുന്നത്. വിദ്യാർഥികൾ ഉൾപ്പെടെ നൂറുകണക്കിനു ആളുകളാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. ചെങ്കോട്ടയിലേക്ക് ജാമിയ മില്ലിയ സർവകലാശാലയിലെ വിദ്യാർഥികളും പ്രതിഷേധ മാർച്ച് നടത്തി. പ്രതിഷേധക്കാർ പോലീസ് വാനുകൾ കത്തിച്ചു. പ്രതിഷേധം ശക്തിപ്പെട്ടതോടെ കെഡി സിങ് ബാബു സിങ് സ്റ്റേഡിയം മെട്രോ സ്റ്റേഷന്‍ ഇന്ന് വൈകുന്നേരം 5 മണി വരെ അടച്ചിട്ടു.