By Sooraj Surendran .07 Jan, 2020
തിരുവനന്തപുരം: രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കപ്പെടേണ്ടതാണെന്ന പൊതുബോധം വളര്‍ത്തിയെടുക്കുന്നതിനായി സ്കൂള്‍- കോളേജ് അസംബ്ലികളില്‍ ഭരണഘടനയുടെ ആമുഖം വായിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട് ഫാറൂഖ് കോളെജ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചീഫ് മിനിസ്റ്റേഴ്സ് സ്റ്റുഡന്റ് ലീഡേഴ്സ് കോണ്‍ക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോളെജ് വിദ്യാര്‍ഥി യൂണിയനുകളില്‍ 50 ശതമാനം വനിതാ സംവരണം പ്രാവര്‍ത്തികമാക്കാന്‍ കഴിയുമോ എന്ന കാര്യം ഗൗരവമായി പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കും. കാമ്പസ് രാഷ്ട്രീയവുമായി ബന്ധപ്പെട്ട് നിയമ നിര്‍മ്മാണത്തിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പാരിസ്ഥിതിക വിഷയങ്ങള്‍, ജലസംരക്ഷണം, മാലിന്യ നിര്‍മ്മാര്‍ജനം, നൂതന കൃഷി രീതികള്‍, ദുരന്ത നിവാരണം തുടങ്ങിയ വിഷയങ്ങള്‍ക്ക് പാഠ്യപദ്ധതികളില്‍ സ്കൂള്‍ തലം മുതല്‍ മതിയായ പ്രാധാന്യം നല്‍കണമെന്ന വിദ്യാര്‍ഥികളുടെ ആവശ്യങ്ങളെ തുറന്ന മനസ്സോടെ അംഗീകരിക്കുന്നുവെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.