Tuesday 19 March 2024




ഉത്തരേന്ത്യയിൽ സംഘപരിവാർ പരീക്ഷിച്ച തന്ത്രം കേരളത്തിൽ നടപ്പാകില്ല: കോടതി വിധി നടപ്പാക്കും: മുഖ്യമന്ത്രി

By Sooraj Surendran .06 Jan, 2019

imran-azhar

 

 

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ ബിജെപിയെയും സംഘപരിവാറിനെയും രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. യുവതി പ്രവേശത്തിനെതിരെ നടത്തിയ ഹർത്താലിൽ വ്യാപക അക്രമമാണ് ബിജെപിയും സംഘപരിവാറും അഴിച്ചുവിട്ടതെന്നും നൂറിലേറെ കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ തകര്‍ത്തു. സര്‍ക്കാര്‍ വാഹനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും സ്വകാര്യ വാഹനങ്ങള്‍ക്കും കടകള്‍ക്കും വീടുകള്‍ക്കും നേരെ വ്യാപകമായ അക്രമങ്ങളുണ്ടായെന്നും പിണറായി പ്രതികരിച്ചു. അതേസമയം ആരാധനയുടെ കാര്യത്തില്‍ സ്ത്രീകളും പുരുഷന്‍മാരും തുല്യരാണെന്ന സുപ്രീം കോടതി വിധി നടപ്പാക്കേണ്ട ചുമതല സർക്കാരിനുണ്ടെന്നും അത് നടപ്പാക്കുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമല വിഷയത്തിൽ നിലവിൽ ബി.ജെ.പിയും ആര്‍.എസ്.എസ്സും ആസൂത്രിതമായും സംഘടിതമായും നടത്തുന്ന അക്രമങ്ങളല്ലാതെ സംസ്ഥാനത്ത് ക്രമസമാധാന പ്രശ്നങ്ങളൊന്നുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം സംഘപരിവാർ ഉത്തരേന്ത്യയിൽ പരീക്ഷിച്ച തന്ത്രമാണ് കേരളത്തിൽ നടപ്പാക്കാൻ ശ്രമിക്കുന്നതെന്നും, എന്നാൽ ഇത് കേരളത്തിൽ വിലപ്പോകില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. സാമൂഹ്യമാധ്യമ കുറിപ്പിലൂടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.