By Sooraj Surendran .28 Jan, 2019
തിരുവനന്തപുരം: തൃശൂരിൽ നടന്ന ചടങ്ങിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നരേന്ദ്ര മോഡി രാജ്യത്തിൻറെ സാംസ്കാരിക പൈതൃകം തകർക്കാൻ കൂട്ടുനിന്നയാളാണ് ആ വ്യക്തിയാണ് കേരള സർക്കാരിനെ വിമർശിക്കുന്നതെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി. മോദിക്ക് ഇപ്പോഴും സംഘപരിവാർ പ്രചാരകന്റെ മനസാണെന്നും പിണറായി വിജയൻ പറഞ്ഞു. ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്റെ ദേശീയ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതനിരപേക്ഷത സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ശരിയായി നിറവേറ്റിയോയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പരിശോധന നടത്തണമെന്നും പിണറായി വിജയൻ പ്രതികരിച്ചു. കഴിഞ്ഞ ദിവസം തൃശൂർ തേക്കിൻകാട് മൈതാനിയിൽ നടന്ന ബിജെപി യുവമോർച്ച സംസ്ഥാന സമ്മേളനത്തിൽ പ്രസംഗിക്കവെയാണ് മോദി സർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചത്.