Tuesday 19 March 2024




വ്യാപാരികള്‍ക്ക് പലിശയില്ലാതെ പത്തുലക്ഷം രൂപ ലഭ്യമാക്കും; പിണറായി വിജയൻ

By Sarath Surendran.25 Aug, 2018

imran-azhar

 

 

തിരുവനന്തപുരം: വ്യാപാരികള്‍ക്ക് പലിശയില്ലാതെ പത്തുലക്ഷം രൂപ ലഭ്യമാക്കുന്നത് പരിഗണനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചെറുകിട വ്യവസായങ്ങള്‍, കച്ചവടസ്ഥാപനങ്ങള്‍ എന്നിവ ഇല്ലാതായവര്‍ക്ക് പലിശയില്ലാതെ പത്തുലക്ഷം രൂപ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

 

മുഖ്യമന്തിരുടെ വാക്കുകൾ;

 

കാര്‍ഷിക കടങ്ങള്‍ക്ക് സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. കൃഷി പുനരാരംഭിക്കുന്നതിന് ആവശ്യമായ സഹായങ്ങളെക്കുറിച്ചും ആലോചിക്കുന്നുണ്ട്. പലിശരഹിതമായും സബ്സിഡിയായും ഈ മേഖലയില്‍ ഇടപെടുന്നത് ഗൗരവമായി ആലോചിക്കും. മൃഗങ്ങള്‍ക്ക് ഭക്ഷണം ഉറപ്പ് വരുത്താനുള്ള തീരുമാനവും എടുത്തിട്ടുണ്ട്.
വ്യവസായ സ്ഥാപനങ്ങളുടെ പുനരുജ്ജീവനത്തിനുള്ള സഹായങ്ങള്‍ നല്‍കുന്ന കാര്യവും സര്‍ക്കാര്‍ ആലോചിക്കും. പരമ്പരാഗത വ്യവസായ മേഖലയ്ക്കും തിരിച്ചടിയുണ്ടായിട്ടുണ്ട്. ഇത്തരം പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നതിന് സര്‍ക്കാര്‍ പദ്ധതികള്‍ തയ്യാറാക്കുകയാണ്.

 


സര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ച് ചെറുകിട വ്യവസായങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയുടെ നിലവിലുള്ള വായ്പാ തിരിച്ചടവിന് ഒരു വര്‍ഷം മുതല്‍ ഒന്നരവര്‍ഷം വരെ മൊറട്ടോറിയം സംസ്ഥാനതല ബാങ്കിംഗ് കമ്മിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രവര്‍ത്തന മൂലധന വായ്പ പുനഃക്രമീകരിക്കും. ഇത്തരം സ്ഥാപനങ്ങള്‍ക്ക് മാര്‍ജിന്‍ മണി കൂടാതെ പുതിയ ലോണുകള്‍ ആവശ്യാനുസരണം ലഭ്യമാക്കും. ഭവനവായ്പകള്‍ക്കും ഒരു വര്‍ഷത്തെ മൊറട്ടോറിയവും വീട് പുനര്‍നിര്‍മ്മിക്കുന്നതിനും റിപ്പയര്‍ ചെയ്യുന്നതിനും അധിക ഭവനവായ്പ നല്‍കുന്നതിനും തീരുമാനിച്ചിട്ടുണ്ട്.

 


അഞ്ചുലക്ഷം രൂപ വരെ എടുക്കുന്ന അധികലോണുകള്‍ക്ക് മാര്‍ജിന്‍ മണി ഉണ്ടാകില്ല. കാര്‍ഷിക വായ്പകള്‍ പുനഃക്രമീകരിക്കാന്‍ നേരത്തേതന്നെ തീരുമാനം എടുത്തിരുന്നു.
വാഹനങ്ങള്‍ വെള്ളത്തില്‍ കിടക്കുന്നതു മൂലം വലിയതോതില്‍ മാലിന്യംപടരുന്ന സ്ഥിതിയും വാഹനങ്ങള്‍ കേടാകുന്ന സ്ഥിതിയും പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. വാഹനങ്ങളുടെ ഇന്‍ഷ്വറന്‍സ് തുക ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തും.
സ്വകാര്യ പണിമിടപാട് സ്ഥാപനക്കാര്‍ ദുരിതബാധിത പ്രദേശങ്ങളില്‍നിന്ന് പണം പിരിച്ചെടുക്കുന്നത് അടിയന്തരമായി അവസാനിപ്പിക്കുന്നതിനുള്ള ഇടപെടല്‍ സര്‍ക്കാര്‍ നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 


പ്രളയബാധിത പ്രദേശങ്ങളില്‍ സ്‌കൂളുകളിലേക്ക് കുട്ടികള്‍ എത്തുന്ന വഴികള്‍ തകര്‍ന്നത് ശരിയാക്കാന്‍ ഇടപെടല്‍ നടത്താന്‍ പി.ടി.എകളും പൂര്‍വവിദ്യാര്‍ത്ഥികളും യോജിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ പ്രാദേശികതലത്തില്‍ ആസൂത്രണം ചെയ്യണം. തദ്ദേശസ്ഥാപനങ്ങളും ഇക്കാര്യത്തില്‍ ശ്രദ്ധിക്കണം.

 

1,31,683 വീടുകള്‍ താമസയോഗ്യമാക്കി


വെള്ളിയാഴ്ചവരെ പ്രളയക്കെടുതിയില്‍പ്പെട്ട 1,31,683 വീടുകള്‍ താമസയോഗ്യമാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മുങ്ങിപ്പോയ വീടുകളില്‍ 31 ശതമാനമാണ് വാസയോഗ്യമാക്കിയത്.
സ്‌ക്വാഡുകള്‍ തുടര്‍ദിനങ്ങളിലും വീടുവൃത്തിയാക്കല്‍ തുടരും. നല്ല രീതിയിലുള്ള ഈ ജനകീയപ്രവര്‍ത്തനം നാടിന്റെ സാംസ്‌കാരികബോധത്തെയും സാമൂഹ്യനിലവാരത്തെയും കൂടിയാണ് വ്യക്തമാക്കുന്നത്.
തകരാറിലായിരുന്ന 25.6 ലക്ഷംവൈദ്യുതി സര്‍വീസ് കണക്ഷനുകളില്‍ 23.36 ലക്ഷം കണക്ഷന്‍ നല്‍കാനായി.

 


ദുരിതബാധിത വീടുകളുടെ സ്ഥിതി രേഖപ്പെടുത്താന്‍ മൊബൈല്‍ ആപ്പ്

 


ദുരിതബാധിതമായ എല്ലാ വീടുകളുടെയും നിലവിലെ സ്ഥിതി സന്നദ്ധസംഘടനകളുടെ കൂടി സഹായത്തോടെ ഒരു മൊബൈല്‍ ആപ്പ് വഴി രേഖപ്പെടുത്തി ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. വിവരശേഖരണങ്ങള്‍ കൂട്ടിച്ചേര്‍ത്ത് തദ്ദേശസ്ഥാപനത്തിന്റെ കീഴില്‍ ആവശ്യമായ സാങ്കേതികപിന്തുണ ഏര്‍പ്പെടുത്തി അതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന നഷ്ടപരിഹാരം നല്‍കും. പ്രാദേശിക സോഷ്യല്‍ ഓഡിറ്റിംഗായി സംവിധാനം മാറും. പ്രളയബാധിത പ്രദേശമല്ലെങ്കിലും മഴക്കെടുതി നാശം വിതച്ച എല്ലാ സ്ഥലങ്ങളിലും ഈ സംവിധാനം ഉപയോഗപ്പെടുത്തും.
പ്രാഥമിക കണക്കുപ്രകാരം 7000 ത്തോളം വീടുകള്‍ പൂര്‍ണമായും 50,000 ത്തോളം വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ട്. ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പമുണ്ട്.


ക്യാമ്പുകളില്‍നിന്ന് വീടുകളില്‍ പോകുന്നവര്‍ക്ക് അത്യാവശ്യകാര്യങ്ങള്‍ക്കായി 10,000 രൂപ ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.ഇതില്‍ 6200 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും 3800 രൂപ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ വിഹിതവുമാണ്. 14 ജില്ലകളിലായി 391494 കുടുംബങ്ങള്‍ക്ക് പതിനായിരം രൂപ വീതം അനുവദിക്കും. ദുരന്തനിവാരണ അതോറിറ്റിയുടെ 3800 രൂപ ജില്ലാ കലക്ടര്‍മാര്‍ക്ക് പിന്‍വലിക്കാന്‍ നിലവില്‍ അനുമതിയുണ്ട്. ബാക്കിയുള്ള തുകയായ 242.73 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ അനുവദിച്ച് ഉത്തരവായിട്ടുണ്ട്.


കൂടുതല്‍പേര്‍ ക്യാമ്പുകളില്‍നിന്ന് വീടുകളിലേക്ക്

 

കൂടുതല്‍പേര്‍ ദുരിതാശ്വാസക്യാമ്പുകളില്‍ നിന്ന് വീടുകളിലേക്ക് മടങ്ങിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. വെള്ളിയാഴ്ച 2287 ക്യാമ്പുകളിലായി 2,18,104 കുടുംബങ്ങളില്‍നിന്ന് 8,69,224 പേരാണ് ഉള്ളത്. വ്യാഴാഴ്ച ഇത് 2774 ക്യാമ്പുകളിലായി 2,78,781 കുടുംബങ്ങളില്‍നിന്ന് 10,40,688 പേരാണ് ഉണ്ടായിരുന്നത്. വെള്ളിയാഴ്ച മാത്രം മടങ്ങിയത് 1,71,464 പേരാണ്.

 

മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ പ്രത്യേകശ്രദ്ധ വേണം -മുഖ്യമന്ത്രി
ശുചീകരണപ്രവര്‍ത്തനത്തിനിടെ മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ പ്രത്യേകശ്രദ്ധ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അഴുകിയ മാലിന്യങ്ങളെ വേര്‍തിരിച്ച് സ്വന്തംസ്ഥലത്തുതന്നെ സംസ്‌കരിക്കണം. ചെളിയും മണ്ണും പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും തള്ളാതെ ഒരിടത്തു സൂക്ഷിച്ചാല്‍ പുനര്‍നിര്‍മാണത്തിന് ഉപയോഗപ്പെടും. പഞ്ചായത്തുതലത്തില്‍ ഇതിന് സംവിധാനം വേണം.

 

പ്ലാസ്റ്റിക്, ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍, അപകടകരമായ മറ്റു വസ്തുക്കള്‍ തുടങ്ങിയ അഴുകാത്ത മാലിന്യങ്ങള്‍ ജലാശയത്തിലോ പൊതുസ്ഥലങ്ങളിലോ നിക്ഷേപിക്കരുത്. പുനഃചംക്രമണം ചെയ്യാന്‍ കഴിയുന്നവ ഏറ്റെടുക്കാന്‍ ഏജന്‍സികള്‍ക്ക് നല്‍കുന്നതിന് ശ്രദ്ധിക്കണം.


ഇത്തരം വസ്തുക്കള്‍ സംസ്‌കരിക്കുന്നതിന് ഏജന്‍സികളെ ഏല്‍പ്പിക്കുന്നതിന് അല്‍പ്പം സമയം വേണ്ടിവന്നേക്കാം. അതുവരെ ഇവ ശേഖരിച്ച് സൂക്ഷിക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ താല്‍ക്കാലിക സംവിധാനങ്ങളുണ്ടാക്കണം. പുനഃചക്രമണം നടത്താന്‍ കഴിയുന്നതും നടത്താന്‍ കഴിയാത്തതുമായ അജൈവമാലിന്യങ്ങള്‍ ഏറ്റെടുത്ത് വിവിധ ഏജന്‍സികള്‍ വഴി അവയെ സംസ്‌കരിക്കുന്നതിനുള്ള ചുമതല ക്ലീന്‍ കേരള കമ്പനിക്കായിരിക്കും. ശുചീകരണപ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവര്‍ ഇത്തരം സാധനങ്ങള്‍ പ്രത്യേകമായി തരംതിരിച്ച് സൂക്ഷിക്കണം. ശരിയായ ശുചീകരണം നടത്തിയില്ലെങ്കില്‍ ഭാവിയില്‍ ഗുരുതരപ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് മനസിലാക്കണം പ്രവര്‍ത്തനങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു.


വിദഗ്ദ്ധരായ തൊഴിലാളികളുടെ സഹായം പുനരധിവാസത്തിന് ഒഴിച്ചുകൂടാനാവാത്തതാണ്. ഈരംഗത്ത് പ്രവര്‍ത്തിക്കുന്ന തൊഴിലാളി സംഘടനകള്‍ക്ക് ഇക്കാര്യത്തില്‍ സജീവമായി ഇടപെടാന്‍ കഴിയണം. പ്രാദേശികതലത്തില്‍ ഇത്തരം സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

 


രേഖകള്‍ വീണ്ടെടുക്കാന്‍ സര്‍ക്കാര്‍ സംവിധാനം

 


പ്രളയക്കെടുതിയില്‍ ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് തുടങ്ങിയ പ്രധാന രേഖകളും സര്‍ട്ടിഫിക്കറ്റുകളും നഷ്ടപ്പെട്ടവര്‍ക്ക് ഒരൊറ്റ കേന്ദ്രത്തില്‍നിന്ന് ഇവ നല്‍കാന്‍ സംവിധാനം സര്‍ക്കാര്‍ ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

വിവരസാങ്കേതികവിദ്യാ വകുപ്പ് മറ്റു വകുപ്പുകളുമായി സഹകരിച്ചു നടപ്പാക്കുന്ന പദ്ധതി നിര്‍വഹണത്തിനുള്ള സോഫ്റ്റ്വെയര്‍ ധൃതഗതിയില്‍ തയാറാക്കുകയാണ്. 

രേഖ നഷ്ടപ്പെട്ടയാളുടെ പേര്, മേല്‍വിലാസം, പിന്‍കോഡ്, വയസ്, ഫോണ്‍നമ്പര്‍, വിരലടയാളം പോലുള്ള ബയോമെട്രിക് വിവരങ്ങള്‍ തുടങ്ങിയവ ഉപയോഗിച്ച് പ്രധാനരേഖകള്‍ സര്‍ക്കാരിന്റെ വിവിധ സംവിധാനങ്ങളില്‍നിന്ന് വീണ്ടെടുക്കാനുള്ള പദ്ധതിയാണ് വികസിപ്പിക്കുന്നത്. പേരിലും മറ്റും അന്തരം ഉണ്ടെങ്കിലും കണ്ടുപിടിക്കാന്‍ കഴിയുന്ന രീതിയിലാണ് സംവിധാനത്തിന്റെ രൂപകല്‍പന.

 


സെപ്റ്റംബര്‍ ആദ്യവാരംമുതല്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിക്കുന്ന അദാലത്തുകള്‍വഴി പൗരന്റെ നഷ്ടപ്പെട്ട രേഖകള്‍ വീണ്ടെടുത്ത് വിതരണം ചെയ്യാനാണ് ഉദ്ദേശ്യം. പ്രാരംഭമായി എല്ലാ സര്‍ക്കാര്‍ വകുപ്പുകളും അവരുടെ ഡാറ്റാബേസുകള്‍ വിവര സാങ്കേതികവിദ്യാ വകുപ്പുമായി പങ്കുവയ്ക്കാനുള്ള നിര്‍ദ്ദേശിച്ചിട്ടുണ്ട്. പരീക്ഷാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനം ഈ മാസം 30ന് തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് വാര്‍ഡില്‍ നടക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 


സഹായങ്ങള്‍ തുടരുന്നു..

 


ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ മേഖലയില്‍ നിന്നുള്ള സഹായങ്ങള്‍ ലഭിക്കുന്നത് തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.


റഷ്യ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് സംസ്ഥാനത്തിന്റെ ഇടപെടലുകളെ അഭിനന്ദിച്ച് കത്തുകള്‍ ലഭിച്ചിട്ടുണ്ട്. സുപ്രീംകോടതി രജിസ്ട്രാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത് സുപ്രീംകോടതി ജീവനക്കാര്‍ കേരളത്തിലെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നുണ്ടെങ്കില്‍ അത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായിരിക്കണമെന്നാണ്. ഇതിനുള്ള നന്ദി രേഖപ്പെടുത്തുന്നു. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ സാധാരണ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് നല്‍കാറുള്ളത് എന്നതിനാലാണ് ഇങ്ങനെ നിര്‍ദേശിച്ചത്.


തിരുവോണ ദിവസവും മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവര്‍ത്തനം എല്ലാ ദിവസത്തെയുമെന്നപോലെ നടക്കും. ദുരിതാശ്വാസവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സവുമില്ലാത്തവിധം ഓഫീസുകളുടെ പ്രവര്‍ത്തനം നടത്തണമെന്ന തീരുമാനവും സര്‍ക്കാര്‍ എടുത്തിട്ടുണ്ട്.


മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കഴിഞ്ഞദിവസം വൈകുന്നേരം വരെയുള്ള കണക്കുകള്‍ പ്രകാരം 535 കോടി രൂപ ലഭിച്ചിട്ടുണ്ട്. പൊതുമേഖലാസ്ഥാപനങ്ങളും പ്രളയക്കെടുതിയില്‍ നമ്മെ സഹായിക്കാന്‍ മുന്നോട്ടുവരുന്നു. ഭാരത് പെട്രോളിയം 25 കോടി രൂപ സംഭാവന നല്‍കി. ഇന്ത്യന്‍ ബാങ്ക് നാലുകോടി രൂപയും നല്‍കി.

 

വഴിയില്‍ ആളുകളെ തടഞ്ഞു അനധികൃതമായി നടത്തുന്ന പിരിവുകള്‍ നിരുത്സാഹപ്പെടുത്തുന്നതിന് കര്‍ശനനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. യു.എ.ഇ യില്‍ നിന്നുള്ള സഹായം സംബന്ധിച്ച് യു.എ.ഇ ഭരണാധികാരിയാണ് പ്രധാനമന്ത്രിയെ വിവരം അറിയിച്ചത്. അത് പ്രധാനമന്ത്രി ട്വിറ്ററിലൂടെ പ്രധാനമന്ത്രി സ്ഥിരീകരിച്ചിട്ടുമുണ്ടെന്ന് ഒരു ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.