Friday 24 September 2021




ന്യൂനപക്ഷ സ്കോളർഷിപ്പ്; അപ്പീൽ നൽകാൻ ഉള്ള തീരുമാനത്തിൽ സർക്കാർ, നിയമോപദേശം ലഭിച്ചെന്ന് മുഖ്യമന്ത്രി

By Preethi.04 Aug, 2021

imran-azhar

 


ന്യൂനപക്ഷ സ്കോളർഷിപ്പ് അനുപാതം സംബന്ധിച്ച ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതു സംബന്ധിച്ച് സർക്കാരിന് നിയമോപദേശം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പില്‍ അനുപാതം നിശ്ചയിക്കുന്നതിനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനില്ലെന്ന ഹൈക്കോടതി വിധിക്കെതിരെയാണ് അപ്പീല്‍ പോകുന്നത്.


ന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് ഇപ്പോൾ ലഭിക്കുന്ന എല്ലാ സ്കോളർഷിപ്പ് ആനുകൂല്യങ്ങളും തുടരുമെന്നും, അതിന് വേണ്ടി അധിക തുക അനുവദിച്ചതായും അപേക്ഷകർക്ക് ആനുകൂല്യങ്ങൾ ലഭിക്കാത്ത സാഹചര്യമുണ്ടാവില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് സംബന്ധിച്ച് വര്‍ഗീയമായ ചേരിതിരിവുണ്ടാക്കാന്‍ ചിലര്‍ ഇപ്പോഴും ശ്രമിക്കുന്നുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


നേരത്തെ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിവാദം സംബന്ധിച്ച് യു.ഡി.എഫില്‍ രണ്ടഭിപ്രായമുണ്ടായിരുന്നു. വിധിയും സംസ്ഥാനസര്‍ക്കാര്‍ തീരുമാനവും കോണ്‍ഗ്രസ് ആദ്യം സ്വാഗതംചെയ്തിരുന്നു. പിന്നീട് ലീഗിന്റെ എതിര്‍പ്പ് ശക്തമായതോടെ കക്ഷി നേതാക്കളുടെ യോഗം വിളിക്കുകയും സഭയില്‍ ഒറ്റ നിലപാട് മതി എന്ന തീരുമാനത്തിലേക്ക് എത്തുകയുമായിരുന്നു.