By സൂരജ് സുരേന്ദ്രന്.06 Jan, 2022
ന്യൂ ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പഞ്ചാബ് സന്ദര്‍ശനത്തിനിടെ സുരക്ഷാ വീഴ്ച ഉണ്ടായ സംഭവത്തിൽ വിശദീകരണവുമായി പ്രതിഷേധം നയിച്ച കര്‍ഷക നേതാവ്. ഹുസൈനിവാലയ്ക്ക് 30 കിലോമീറ്റര്‍ അകലെ എത്തിയത് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹമാണെന്ന് അറിയില്ലായിരുന്നു.
പോലീസ് വിവരം ധരിപ്പിച്ചപ്പോൾ കള്ളം പറയുകയാണെന്നാണ് കരുതിയത്. പിന്നീട് ഗ്രാമവാസികൾ പറഞ്ഞപ്പോഴാണ് ഫ്ളൈ ഓവറിൽ കുടുങ്ങിക്കിടക്കുന്നത് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹമാണെന്ന് വ്യക്തമായതെന്നും കർഷക നേതാവ് പറഞ്ഞു.
"പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തില്‍ നിന്ന് കുറഞ്ഞത് 10 കിലോമീറ്ററോളം അകലെയായിരുന്നു ഞങ്ങള്‍. പ്രധാനമന്ത്രി റോഡ് മാര്‍ഗമാണ് വരുന്നതെന്ന് അറിയില്ലായിരുന്നു. മേല്‍പ്പാലത്തില്‍ കുടുങ്ങിക്കിടക്കുന്നത് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹമാണെന്ന് പിന്നീട് ഗ്രാമവാസികളാണ് ഞങ്ങളോട് പറഞ്ഞത്", സുര്‍ജീത്ത് സിങ് ഫൂല് പറഞ്ഞു.
20 മിനിറ്റോളമാണ് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം ഫ്ളൈഓവറില്‍ കുടുങ്ങിയത്. ഫിറോസ്പുരിലെ സമ്മേളന പരിപാടിയിൽ പങ്കെടുക്കാനായുള്ള യാത്രക്കിടെയാണ് സംഭവം. സംഭവത്തെ തുടർന്ന് പരിപാടി റദ്ദ് ചെയ്ത് പ്രധാനമന്ത്രി മടങ്ങി.
യാത്ര റോഡ് മാര്‍ഗമാക്കുന്നതിന് മുന്‍പ് പഞ്ചാബ് പോലീസുമായി സംസാരിച്ച് പ്രശ്നങ്ങളില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷമായിരുന്നു യാത്ര ആരംഭിച്ചത്. എന്നാൽ ഹുസൈനിവാലയ്ക്ക് 30 കിലോമീറ്റര്‍ അകലെ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം എത്തിയപ്പോള്‍ പ്രതിഷേധക്കാര്‍ റോഡ് തടയുകയായിരുന്നു.
ഇതോടെയാണ് പ്രധാനമന്ത്രിയുടെ യാത്ര പാതിവഴിയിൽ മുടങ്ങിയത്. നേരത്തെ ഹെലികോപ്റ്റററില്‍ ഹുസൈനിവാലയിലേക്ക് പോകാനാണ് തീരുമാനിച്ചതെങ്കിലും പ്രതികൂലമായ കാലാവസ്ഥയെ തുടര്‍ന്ന് യാത്ര റോഡ് മാര്‍ഗമാക്കുകയായിരുന്നു.