Thursday 04 June 2020
കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും വ്യാപകം; പച്ചക്കറികള്‍ക്ക് കൃത്രിമ ക്ഷാമമുണ്ടാക്കാന്‍ ശ്രമം

By ബി.വി. അരുണ്‍ കുമാര്‍.28 Mar, 2020

imran-azhar

 

 

തിരുവനന്തപുരം: കോവിഡ് പടരുന്ന പശ്ചാത്തലത്തില്‍ ജില്ലയില്‍ കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും വ്യാപകം. നേരത്തേ നൂറുരൂപയ്ക്ക് വാങ്ങിയിരുന്ന സാധനങ്ങള്‍ക്ക് ഒറ്റ ദിവസം കൊണ്ട് 400 രൂപയായി. ഇതോടെ ജില്ലയിലെ പല ഭാഗങ്ങളിലും വ്യാപാരികളും ഉപഭോക്താക്കളും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഇന്നലെ രാവിലെ വെള്ളനാട്, നെടുമങ്ങാട്, ബാലരാമപുരം, നെയ്യാറ്റിന്‍കര, പാറശാല, ആറ്റിങ്ങല്‍, കഴക്കൂട്ടം, ശ്രീകാര്യം, ചാല, പാളയം, മണക്കാട് തുടങ്ങിയ സ്ഥലങ്ങളിലാണ് സാധനങ്ങള്‍ക്ക് ഒറ്റയടിക്ക് വിലകൂടിയത്. നേരത്തേ ഉണ്ടായിരുന്നതിലും ഇരട്ടിയിലധികം വില ഈടാക്കിയാണ് അവശ്യവസ്തുക്കളുടെ വില്‍പ്പന. വാങ്ങാനെത്തുന്നവരോട് ആദ്യം വിലപറയാതെ വ്യാപാരികള്‍ സാധനങ്ങള്‍ നല്‍കുകയാണ് ചെയ്യുന്നത്. എല്ലാ സാധനങ്ങളും വാങ്ങി അവസാനം ബില്‍ നല്‍കുമ്പോഴാണ് പലരും ഞെട്ടുന്നത്. നൂറും ഇരുന്നൂറും രൂപയുമായി സാധനം വാങ്ങാന്‍ കടയില്‍ ആര്‍ക്കും ചെല്ലാന്‍ പറ്റാത്ത അവസ്ഥയാണ്. തക്കാളി കിലോയ്ക്ക് 150 രൂപവരെയായി. പച്ചമുളകാകട്ടെ 50ഉം 60ഉം രൂപയ്ക്കാണ് വില്‍ക്കുന്നത്. ചെറിയ ഉള്ളിയും സവാളയും നൂറു കടന്നു.

 

ചരക്ക് ലോറികള്‍ വരുന്നില്ലെന്നും അതിനാല്‍ സ്‌റ്റോക്ക് വിറ്റുതീര്‍ക്കാനാണ് നോക്കുന്നതെന്നുമാണ് വ്യാപാരികളുടെ ന്യായീകരണം. എന്നാല്‍ ഇത്രയധികം വില കൂട്ടിയത് എന്തിനെന്ന ചോദ്യത്തിന് ആര്‍ക്കും മറുപടിയില്ല. പലവ്യഞ്ജനങ്ങള്‍ക്കും വിലകൂടിയിട്ടുണ്ട്. പല വ്യാപാര സ്ഥാപനങ്ങളിലും വിലവിവര പട്ടിക എടുത്തുമാറ്റി. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകളില്‍ വില വിവര പട്ടിക പ്രദര്‍ശിപ്പിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. അമിത വില ഈടാക്കിയതിന്് സിറ്റി പൊലീസ് കമ്മിഷണര്‍ ബല്‍റാം കുമാര്‍ ഉപാദ്ധ്യായയുടെ നേതൃത്വത്തില്‍ റെയ്ഡ് നടത്തി ചാലയിലെ ചില കടകള്‍ പൂട്ടിച്ചിരുന്നു. മഹാമാരി പടര്‍ന്നുപിടിക്കുമ്പോള്‍ പൊതുജനങ്ങളെ ചൂഷണം ചെയ്യുന്ന നടപടി അംഗീകരിക്കാനാകില്ലെന്ന് സര്‍ക്കാരും പറഞ്ഞിട്ടുണ്ട്. ചരക്കു ഗതാഗതം ഒരിടത്തും തടഞ്ഞിട്ടില്ല. തമിഴ്‌നാട്ടില്‍ നിന്നും പച്ചക്കറിയും മറ്റ് അവശ്യ സാധനങ്ങളും ചെക്ക്‌പോസ്റ്റുകളിലൂടെ കടന്നുവരുന്നുണ്ട്. എന്നിട്ടും കൃത്രിമ ക്ഷാമമുണ്ടാക്കി സാധനങ്ങള്‍ വിലകൂട്ടി വില്‍ക്കുകയാണ് വ്യാപാരികള്‍. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ വ്യാപാരികളുടെ സംഘടനകളുമായി മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ ചര്‍ച്ച നടത്തിയിരുന്നു. എല്ലാവരും സര്‍ക്കാര്‍ നടപടിക്ക് പൂര്‍ണ പിന്തുണയായിരുന്നു നല്‍കിയത്. എന്നാല്‍ അതൊന്നും വിപണിയില്‍ പ്രതിഫലിക്കുന്നില്ല.