Sunday 31 May 2020




കൊറോണ ബാധിത ദമ്പതികള്‍ക്ക് ആണ്‍കുഞ്ഞ്

By online desk .04 Apr, 2020

imran-azhar

 

 

ന്യൂഡല്‍ഹി: രാജ്യമൊട്ടാകെ കൊറോണ ഭീതി നിലനില്‍ക്കെ ഡല്‍ഹി എയിംസിലെ കൊറോണ ബാധിതനായ ഡോക്ടറുടെ ഭാര്യ പ്രസവിച്ചു. പ്രസവിച്ച യുവതിയും കൊറോണ ബാധിതയാണ്.

അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. എയിംസിലെ ഫിസിയോളജി വിഭാഗത്തിലെ ഡോക്ടര്‍ക്ക് കൊറോണ സ്ഥിരീകരിച്ച് ഏതാനും മണിക്കൂറുകള്‍ക്കുളളില്‍ തന്നെ ഗര്‍ഭിണിയായ ഭാര്യയ്ക്കും രോഗം സ്ഥിരീകരിക്കുകയായിരുന്നു.

വെളളിയാഴ്ച രാത്രി സിസേറിയനിലൂടെയാണ് യുവതി ആണ്‍കുഞ്ഞിന് ജ•ം നല്‍കിയത്. മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചാണ് പ്രസവമെടുത്തതെന്ന് എയിംസ് സൂപ്രണ്ട് ഡോ.ഡി.കെ ശര്‍മ്മ പറഞ്ഞു. സുരക്ഷയ്ക്കായി പ്രത്യേക വസ്ത്രങ്ങള്‍ ധരിച്ചാണ് ഡോക്ടര്‍മാരുടെ സംഘം പ്രസവമെടുത്തത്. ഡോ. നീരജ ഭാട്ടിയയുടെ നേതൃത്വത്തിലുളള ഡോക്ടര്‍മാരുടെ സംഘമാണ് യുവതിയുടെ പ്രസവശുശ്രൂഷകള്‍ നടത്തിയത്.

ഗര്‍ഭിണിക്ക് രോഗം സ്ഥിരീകരിച്ചതോടെ അവരെ ഉടന്‍ തന്നെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിരുന്നു. പ്രസവത്തിനായി താത്കാലിക ഓപ്പറേഷന്‍ തിയേറ്ററും സജ്ജമാക്കി.

അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. കുഞ്ഞിന്റെ സാമ്പിള്‍ ശേഖരിക്കണോ എന്ന് ഇനിയാകും തീരുമാനിക്കേണ്ടതെന്ന് ഡോ.നീരജ ഭാട്ടിയ പറഞ്ഞു. കുഞ്ഞിന് അമ്മയുടെ പാല്‍ നല്‍കുന്നതില്‍ പ്രശ്‌നമില്ലെന്നും പാലിലൂടെ വൈറസ് പകരില്ലെന്നും ഡോക്ടര്‍ പറഞ്ഞു. പ്രസവശേഷം അമ്മയെയും കുഞ്ഞിനെയും ക്വാറന്റൈനിലാക്കി.