By Online Desk .31 Mar, 2020
മനില: ഏഷ്യാ-പസഫിക് മേഖലയില്‍ നിന്ന് കോവിഡ് 19 രോഗഭീതി പെട്ടെന്ന് ഒഴിയാന്‍ സാധ്യതയില്ലെന്ന് ലോകാരോഗ്യ സംഘടന. നിലവില്‍ പടിഞ്ഞാറന്‍ യൂറോപ്പ്, വടക്കേ അമേരിക്ക എന്നിവിടങ്ങളിലാണ് രോഗഭീതി നിലനില്‍ക്കുന്നത്. ഈ മേഖലകളിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഉടനെ അവസാനിപ്പിക്കാനാകില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ റീജിയണല്‍ ഡയറക്ടര്‍ തകേഷി കസായ് പറഞ്ഞു.
രോഗ ബാധ ഉള്ളവരെ എത്രയും വേഗത്തില്‍ കണ്ടെത്തുക, ഐസൊലേഷനില്‍ പാര്‍പ്പിക്കുക, രോഗിയുമായി ബന്ധപ്പെട്ടവരെ വേഗത്തില്‍ കണ്ടെത്തി നിരീക്ഷിക്കുക, വ്യപാനം തടയുക തുടങ്ങി ചില പൊതുവായ രീതികളാണ് രോഗപ്രതിരോധത്തിനായി നിലവിലുള്ളത്. ഇത്തരം നടപടികള്‍ സ്വീകരിച്ചാലും ഭീഷണി ഒഴിയുന്നില്ല. വന്‍തോതിലുള്ള സാമൂഹ്യ വ്യാപനത്തെ നേരിടുന്നതിനുള്ള തയ്യാറെടുപ്പുകള്‍ എല്ലാ രാജ്യങ്ങളും അടിയന്തരമായി സ്വീകരിക്കേണ്ടതുണ്ടെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.
കുറഞ്ഞ സാമ്പത്തികാവസ്ഥകളും പരിമിതമായ ആരോഗ്യപരിപാലന സംവിധാനങ്ങളുമുള്ള പസഫിക് മേഖലയിലെ രാജ്യങ്ങള്‍ക്കാണ് ഇപ്പോള്‍ കൂടുതല്‍ സഹായം ആവശ്യമുള്ളത്. അവിടേയ്ക്ക് പരിശോധനാ സംവിധാനങ്ങളും മരുന്നുകളും എത്തിക്കേണ്ടതുണ്ടെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.