Sunday 07 June 2020




കോവിഡ് 19 പ്രതിരോധം: 80 കോടി ഡോളര്‍ സഹായം നല്‍കുമെന്ന് ഗൂഗിള്‍

By online desk .01 Apr, 2020

imran-azhar

 

 

ന്യൂയോര്‍ക്ക്: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 80 കോടി ഡോളര്‍ സഹായം നല്‍കുമെന്ന് ഗൂഗിള്‍. ചെറുകിട, ഇടത്തരം വാണിജ്യ സംരംഭങ്ങള്‍, ആരോഗ്യ സംഘടനകള്‍,ആരോഗ്യ പ്രവര്‍ത്തകര്‍, സര്‍ക്കാരുകള്‍, എന്നിവയ്ക്കാണ് തുക ലഭിക്കുക. കമ്പനിയുടെ സി.ഇ.ഒ സുന്ദര്‍ പിച്ചൈ ആണ് ഇക്കാര്യം അറിയിച്ചത്. ഔദ്യോഗിക ബ്ലോഗിലൂടെയാണ് സുന്ദര്‍ പിച്ചൈയുടെ പ്രഖ്യാപനം. കോവിഡ് 19 ലോകമെമ്പാടും പടര്‍ന്ന് പിടിക്കുകയാണ്. ഈ വെല്ലുവിളികള്‍ നേരിടാനാണ് വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മുന്‍നിരയിലുള്ള ചെറുകിട, ഇടത്തരം വാണിജ്യസംരംഭങ്ങള്‍ക്കും ആരോഗ്യ സംഘടനകള്‍, സര്‍ക്കാരുകള്‍ ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവയ്ക്കുമായി തങ്ങള്‍ 80 കോടി ഡോളര്‍ ധനസഹായം പ്രഖ്യാപിക്കുന്നതെന്ന് സുന്ദര്‍ പിച്ചൈ പറഞ്ഞു. ലോകാരോഗ്യ സംഘടനയെ സഹായിക്കാനും ലോകവ്യാപകമായി വൈറസ് വ്യാപനം തടയുന്നതെങ്ങനെ എന്നതില്‍ നിര്‍ണായക വിവരം നല്‍കുന്നതും പ്രാദേശിക സമൂഹത്തെ സഹായിക്കുന്നതിനായി നടപടികള്‍ കൈക്കൊള്ളുന്നതുമായ നൂറിലേറെ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും വേണ്ടി 25 കോടി ഡോളറിന്റെ പരസ്യ ഗ്രാന്റ്ും ഗൂഗിള്‍ നല്കും.



ദുരിതാശ്വാസ ഫണ്ടുകളെയും മറ്റു സ്രോതസുകളെ കുറിച്ചും ചെറുകിട, ഇടത്തരം വാണിജ്യ സംരഭങ്ങള്‍ക്കായി പൊതുസേവന പ്രഖ്യാപനങ്ങള്‍ നടത്തുന്നതിന് കമ്മ്യൂണിറ്റി ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ഗൂഗിള്‍ രണ്ട് കോടി ഡോളറിന്റെ പരസ്യ ഗ്രാന്റ് നല്‍കും. ലോകമെമ്പാടുമുള്ള ധനകാര്യ സ്ഥാപനങ്ങളെയും എന്‍.ജി.ഒയെയും പിന്തുണയ്ക്കുന്നതിനായി 200 ദശലക്ഷം ഡോളറിന്റെ നിക്ഷേപ ഫണ്ടിനും രൂപം നല്‍കും. ചെറുകിട ബിസിനസുകള്‍ക്ക് മൂലധനം കണ്ടെത്താന്‍ സഹായമേകുന്നതിനാണിത്. കൊറോണ വൈറസിനെ ചെറുക്കുന്നതിനായി പുതിയ കണ്ടെത്തല്‍ നടത്തുക, രോഗപ്രതിരോധത്തിന് സാദ്ധ്യതയുള്ള ചികിത്സ, വാക്‌സിനുകള്‍ എന്നിവയെ കുറിച്ചുള്ള പഠനം നടത്തുന്ന ഗവേഷക അക്കാദമിക് സ്ഥാപനങ്ങള്‍ക്കായി 20 ദശലക്ഷം ഡോളറും പ്രഖ്യാപിച്ചിട്ടുണ്ട്.