Friday 29 May 2020




കോവിഡ് 19:കോട്ടയത്ത് ചികിത്സയിലായിരുന്ന വൃദ്ധ ദമ്പതികള്‍ രോഗമുക്തരായി

By Online Desk .30 Mar, 2020

imran-azhar

 

തിരുവനന്തപുരം: കോവിഡ് 19 ബാധയെത്തുടര്‍ന്ന് കോട്ടയം ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന വൃദ്ധ ദമ്പതികള്‍ രോഗമുക്തരായിയ. ഇറ്റലിയില്‍ നിന്ന് വന്ന സ്വന്തം കുടുംബാംഗങ്ങളില്‍ നിന്നും രോഗം പിടിപെട്ട പത്തനംതിട്ടയിലെ തോമസ് (93) മറിയാമ്മ (88) ദമ്പതികള്‍ക്കാണ് രോഗം ഭേദമായത്. ഇതോടെ പത്തനംതിട്ടയിലെ 5 അംഗ കുടുംബം രോഗമുക്തരായി.
ഫെബ്രുവരി 29ന് ഇറ്റലിയില്‍ നിന്നെത്തിയ പത്തനംതിട്ട ജില്ലയിലുള്ള മൂന്നംഗ കുടുംബത്തിനും അവരുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയ ഈ വൃദ്ധ ദമ്പതികള്‍ക്കുമാണ് മാര്‍ച്ച് 8ന് കോവിഡ് 19 സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇവരെ പത്തനംതിട്ട ജനറല്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു ചികിത്സ നല്‍കി.
ആദ്യ പരിശോധനയില്‍ പ്രായാധിക്യമുള്ള അവശതകളോടൊപ്പം ഡയബെറ്റിക്സും ഹൈപ്പര്‍ ടെന്‍ഷനും ഉള്ളതായി മനസിലാക്കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ചികിത്സ.
ആരോഗ്യനില മെച്ചപ്പെട്ടതിന് ശേഷം ഒരിക്കല്‍ക്കൂടി കൊറോണ ടെസ്റ്റ് എടുക്കുകയും ടെസ്റ്റ് നെഗറ്റീവ് ആവുകയും ചെയ്തു. ഇപ്പോള്‍ രണ്ടുപേരുടെയും നില പ്രായാധിക്യമുള്ള അവശതകള്‍ ഒഴിച്ചാല്‍ തൃപ്തികരമാണ്. എത്രയും വേഗം ഇവരെ ഡിസ്ചാര്‍ജ് ചെയ്യുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ഏഴംഗ ഡോക്ടര്‍മാരുടെ സംഘമാണ് ചികിത്സയ്ക്ക് നേതൃത്വം നല്‍കിയത്. 25 നഴ്സുമാരുള്‍പ്പെടെ 40 അംഗ മറ്റ് ജീവനക്കാരും ചികിത്സയില്‍ സജീവ പങ്കാളികളായി. കോട്ടയം മെഡിക്കല്‍ കോളേജില്‍ കോവിഡ് ചികിത്സയ്ക്കായി വിപുലമായ സജ്ജീകരണമാണ് ഒരുക്കിയത്.