Friday 29 May 2020




കൊറോണ അനിയന്ത്രിതം: ലോകത്ത് മ​ര​ണം 53,000 ക​ട​ന്നു, 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ മരിച്ചത് നാ​ലാ​യി​ര​ത്തി​ലേ​റേ പേ​ർ

By Sooraj Surendran .03 Apr, 2020

imran-azhar

 

 

റോം: ലോകത്തെ ഭീതിയുടെ മുൾമുനയിൽ നിർത്തി കൊറോണ വൈറസ് വ്യാപനം അനിയന്ത്രിതമായി തുടരുന്നു. ലോകത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 53,000 കടന്നു. 24 മണിക്കൂറിനുള്ളിൽ ലോകത്ത് നാലായിരത്തിലേറേ മരണങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. അമേരിക്കയിലും, മറ്റ് യൂറോപ്യൻ രാജ്യങ്ങളിലും കൊറോണ വൈറസ് ഇതിനോടകം വൻ നാശമാണ് വിതച്ചിരിക്കുന്നത്.

 

ലോകത്ത് കൊറോണ ബാധിതരുടെ എണ്ണം പത്ത് ലക്ഷം കടന്നു. 204 രാജ്യങ്ങളിലായി 1,003,834 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ അമേരിക്കയിലാണ് ഏറ്റവും കൂടുതൽ കൊറോണ പോസിറ്റീവ് കേസുകൾ (245,066) റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇറ്റലിയാണ് രണ്ടാം സ്ഥാനത്ത് 115,242 പേർക്കാണ് ഇവിടെ കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. സ്പെയിനാണ് മൂന്നാം സ്ഥാനത്ത്. 112,065 പേർക്കാണ് ഇവിടെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

 

അതേസമയം ലോകത്ത് ഏറ്റവുമധികം കൊറോണ മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇറ്റലിയിലാണ്. 13,915 പേരാണ് ഇറ്റലിയിൽ കൊറോണ വൈറസ് ബാധയെ തുടർന്ന് മരണമടഞ്ഞത്. മരണനിരക്കിൽ രണ്ടാം സ്ഥാനത്ത് സ്പെയിനാണ്. 10,348 കൊറോണ മരണങ്ങളാണ് ഇവിടെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അമേരിക്കയിലും മരണസംഖ്യ കുത്തനെ ഉയരുകയാണ്. ഏറ്റവുമൊടുവിൽ ലഭിക്കുന്ന റിപ്പോർട്ടുകളനുസരിച്ച് 6,075 പേരാണ് അമേരിക്കയിൽ കൊറോണ മൂലം മരിച്ചത്. ഇന്ത്യയിൽ 2,543 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 72 പേർ രോഗബാധയെ തുടർന്ന് മരിച്ചു. 191 പേർ കൊറോണയിൽ നിന്നും പൂർണമായും മുക്തി നേടി.