Tuesday 02 June 2020




കൊറോണ: ഇറ്റലിയില്‍ 24 മണിക്കൂറിനിടെ മരിച്ചത് 969 പേര്‍, അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു

By Sooraj Surendran.28 Mar, 2020

imran-azhar

 

 

ന്യൂയോര്‍ക്ക്: കൊറോണ വൈറസ് ബാധയെ തുടർന്ന് സ്‌പെയിൻ, ഇറ്റലി, അമേരിക്ക എന്നീ രാജ്യങ്ങളുടെ നിലവിലെ സ്ഥിതി അതീവ ഗുരുതരം. അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. 24 മണിക്കൂറിനിടെ അമേരിക്കയില്‍ 17,133 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അമേരിക്കയിലെ ആകെ മരണസംഖ്യ 1700 ആയി. വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെയുള്ള കണക്കനുസരിച്ച് ലോകത്ത് രോഗബാധിതരുടെ എണ്ണം 595,800 ആയി. ഇറ്റലിയിലെയും സ്ഥിതി ഗുരുതരമായി തുടരുകയാണ്. കൊറോണ വൈറസ് ബാധയെ തുടർന്ന് ഇറ്റലിയിൽ മരിച്ചവരുടെ എണ്ണം 9,134ആയി. 24 മണിക്കൂറിനിടെ 969 പേരാണ് മരിച്ചത്. സ്‌പെയിനിലെ സ്ഥിതിയും സമാനമാണ്. വെള്ളിയാഴ്ച മാത്രം 769 പേരാണ് സ്‌പെയിനിൽ മരിച്ചത്. കൊറോണ മരണനിരക്കിൽ ഇറ്റലിക്ക് തൊട്ടുപിന്നിലാണ് സ്‌പെയിൻ.

 

കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ലഭ്യമാകുന്ന ഏറ്റവും പുതിയ വിവരമനുസരിച്ച് ലോകത്ത് 597,185 പേർക്കാണ് നിലവിൽ കൊറോണ സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. 27,359 പേർ മരണത്തിന് കീഴടങ്ങി. 133,360 പേർ രോഗബാധയിൽ നിന്നും പൂർണമായും മുക്തി നേടി. 436,466 പേരാണ് ലോകത്തിന്റെ വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. ഇതിൽ 23,523 (5%) പേരുടെ ആരോഗ്യ നില ഗുരുതരമാണ്. ഇന്ത്യയിൽ 887 പേർക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. 73 പേർ രോഗത്തിൽ പൂർണ മുക്തി നേടി ആശുപത്രി വിട്ടു. 794 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. 20 പേരാണ് ഇന്ത്യയിൽ ആകെ മരിച്ചത്.