Thursday 04 June 2020
കോവിഡ് 19: പ്രമേഹരോഗികള്‍ സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട

By online desk .01 Apr, 2020

imran-azhar

 

 

ചൈനയിലെ വുഹാനില്‍ നിന്ന് 2019 ഡിസംബറില്‍ പറന്നുയര്‍ന്ന അതിസൂക്ഷ്മമായ ഒരു വൈറസ്, ചൈനീസ് വന്‍കരയുടെ അതിരുകളും കടന്ന് മിക്കവാറും എല്ലാ രാഷ്ട്രങ്ങളിലും മനുഷ്യരാശിക്ക് നാശങ്ങള്‍ വിതച്ച് ജൈത്രയാത്ര തുടരുകയാണ്. കിരീടധാരിയായ ഈ വൈറസിന് പേരിട്ടിരിക്കുന്നത് 'കൊറോണ'എന്നാണ്. ചെറിയ പനി, തൊണ്ടവേദന, ചുമ, ശാരീര ക്ഷീണം, ശാരീര വേദന, വയറിളക്കം ഇവയൊക്കെയാണ് രോഗ ലക്ഷണങ്ങള്‍. സാധാരണ പനിയുടെ ലക്ഷണങ്ങള്‍ മാത്രമുള്ള ഈ ചെറിയ അസ്വസ്ഥതകള്‍ 80 -85 ശതമാനം പേരിലും മുന്ന് നാല് ദിവസങ്ങള്‍ കൊണ്ട് മാറും. എന്നാല്‍, ഒരു ചെറിയ ശതമാനം പേരില്‍ നല്ല പനിയും കഫത്തോടു കൂടിയ ചുമയും ശ്വാസം മുട്ടലും പ്രകടമാകുകയാണെങ്കില്‍ ന്യുമോണിയ ആകുവാനുള്ള സാദ്ധ്യത ഏറെയാണ്. കോവിഡ് 19 മൂലമുണ്ടാകുന്ന ന്യുമോണിയ വളരെ മാരകമാണ്. ചുരുക്കം ചിലരില്‍ വൃക്കകള്‍ പ്രവര്‍ത്തന രഹിതമാകുന്നതായും കാണുന്നു. സാധാരണ വൈറല്‍ പനികളില്‍ നിന്ന് വ്യത്യസ്തമായി കോവിഡ് 19 ന്റെ അപകടം പതിയിരിക്കുന്നത് അതിവേഗതയിലുള്ള അതിന്റെ വ്യാപനത്തിലാണ്. ന്യൂയോര്‍ക്ക് ഗവര്‍ണര്‍ പറഞ്ഞതു പോലെ ഒരു ബുള്ളറ്റ് ട്രെയിനിന്റെ വേഗതയില്‍ ആണ് കോവിഡ് പടരുന്നത്. ചൈനയില്‍ നിന്ന് കോവിഡ് 19 ശരീരത്തില്‍ പേറി ഒന്നോ രണ്ടോ പേര്‍ മറ്റൊരു രാജ്യത്ത് എത്തുന്നു. പിന്നെയെല്ലാം അമ്പരിപ്പിക്കുന്ന വേഗത്തിലാണ്. ഏറെ ദിവസങ്ങള്‍ വേണ്ടി വരുന്നില്ല. രോഗബാധിതരുടെ എണ്ണം രണ്ടക്കവും മൂന്നക്കവും കടന്ന് നാലക്കത്തിലേക്കുള്ള പ്രയാണം അതിവേഗം. പതിനായിരങ്ങള്‍ രോഗബാധിതരാകുന്നു. ആയിരങ്ങള്‍ ആരോരുമറിയാതെ ഈ ലോകത്തോടു വിട പറയുന്നു. ആരെപ്പോള്‍ മണ്മറഞ്ഞു എന്ന് ഉറ്റവരോ സുഹൃത്തുക്കളോ അറിയുന്നില്ല.

 

പ്രമേഹരോഗികള്‍ക്കു പിടിപെട്ടാല്‍

 

സ്വാഭാവികമായ രോഗപ്രതിരോധശക്തി മനുഷ്യശരീരത്തിന് ഒരു അനുഗ്രഹമാണ്. അതു വൈറസായാലും ബാക്ടീരിയ ആയാലും. പ്രകൃത്യാ ഉള്ള ഈ പ്രതിരോധശക്തി അഥവാ ഇമ്മ്യൂണിറ്റി ആണ് രോഗങ്ങളില്‍ നിന്ന് നമ്മെ രക്ഷിച്ചു നിര്‍ത്തുന്നത്. എന്നാല്‍, ചില കാരണങ്ങളാല്‍ ഈ പ്രതിരോധശക്തിക്ക് കുറവു സംഭവിക്കുന്നു. അറുപതു വയസിനു മുകളിലുള്ളവര്‍, കരള്‍, വൃക്ക സംബന്ധമായ രോഗമുള്ളവര്‍ തുടങ്ങിയവരെല്ലാം പ്രതിരോധശക്തി കുറഞ്ഞവരുടെ ഗണത്തില്‍പ്പെടുന്നു. പ്രമേഹരോഗികള്‍ക്ക് കോവിഡ് വരുന്നതിനും പെട്ടെന്നു മൂര്‍ച്ഛിക്കുന്നതിനും മരണ കാരണമാകുന്നതിനും സാദ്ധ്യതകള്‍ ഏറെയാണ്. കോവിഡ് 19 പോലെ മാരകമായ ഒരു വൈറസ് രോഗപ്രതിരോധ ശക്തി കുറഞ്ഞ പ്രമേഹ രോഗിയെ എങ്ങനെയൊക്ക ബാധിക്കുമെന്നു നോക്കാം.പ്രമേഹം ഉള്ള ആളിനും ഇല്ലാത്ത ആളിനും കോവിഡ് രോഗം പകരാനുള്ള സാദ്ധ്യതകള്‍ ഏകദേശം ഒരുപോലെയാണ്. എന്നാല്‍, മറ്റേതൊരു ഇന്‍ഫെക്ഷനെയും പോലെ പ്രതിരോധശക്തി കുറഞ്ഞ പ്രമേഹരോഗിയില്‍ സംക്രമിക്കുന്ന കോവിഡ് 19 പല സങ്കീര്‍ണ്ണതകളും ഉണ്ടാക്കുന്നു. ആഹാരക്രമീകരണവും വ്യായാമവും കൊണ്ടും ഇന്‍സുലിന്‍, ഗുളികകള്‍ മുതലായ ഔഷധങ്ങള്‍ ഉപയോഗിച്ചും നിയന്ത്രിതമായിരുന്ന ബ്ലഡ് ഷുഗര്‍ (രക്തത്തിലെ പഞ്ചസാരയുടെ അളവ്) കൂടുവാനുള്ള സാദ്ധ്യതകള്‍ ഏറെയാണ്. ഈ സന്ദര്‍ഭങ്ങളില്‍ ബ്ലഡ് ഷുഗര്‍ നിയന്ത്രണാധീനമാക്കാന്‍ കൂടുതല്‍ ഇന്‍സുലിന്‍ ഉപയോഗിക്കേണ്ടി വരുന്നു. പ്രമേഹ രോഗത്തിന് അനുസൃതമായ ആഹാരക്രമം പാലിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പച്ചക്കറികള്‍ ധാരാളമായി കഴിക്കുന്നത് നല്ലതാണ്. പുളിയുള്ള ഫലവര്‍ഗങ്ങള്‍ ഓറഞ്ച്, നാരങ്ങാ മുതലായവ കഴിക്കുന്നത് ഏറെ നന്ന്. ബ്ലഡ് ഷുഗര്‍ കുടുന്നതനുസരിച്ച് ക്ഷീണിതനാകുന്ന രോഗിയില്‍ ജലാംശം വളരെ കുറയുന്നു. ധാരാളമായി വെള്ളം കുടിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. പ്രമേഹ രോഗികളില്‍ പലരും വൃക്ക, കരള്‍, ഹൃദയസംബന്ധമായ അസുഖങ്ങള്‍ കുടി ഉള്ളവരായിരിക്കും. അങ്ങനെയുള്ളവരില്‍ കോവിഡ് രോഗ ബാധ ഉണ്ടാക്കാവുന്ന സങ്കീര്‍ണ്ണതകള്‍ പ്രവചനാതീതമാണ്. ആസ്ത്മാ പോലുള്ള ശ്വാസകോശ സംബന്ധമായ അസുഖമുള്ളവരും കാന്‍സര്‍ രോഗികളും കോവിഡ് വരാതെ ഏറെ ശ്രദ്ധിക്കേണ്ടതാണ്. കോവിഡ് രോഗം ബാധിച്ച പ്രമേഹ രോഗികള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് നന്നായിരിക്കും.

 

ശ്രദ്ധിക്കേണ്ടത്


* പ്രമേഹ ചികിത്സക്കുപയോഗിക്കുന്ന ഇന്‍സുലിനും ഗുളികകളും കൂടുതല്‍ കരുതി വയ്ക്കണം. മറ്റു രോഗങ്ങള്‍ക്കുള്ള മരുന്നുകളും കൂടുതലായി കരുതി വയ്്ക്കുക.

 

* ഷുഗര്‍ ടെസ്റ്റ് ചെയ്യുന്നതിനുള്ള ഗ്ലുക്കോമീറ്റര്‍ കരുതണം. ബ്ലഡ് ഷുഗര്‍ ദിവസം പല തവണ ടെസ്റ്റ് ചെയ്യേണ്ടി വരും.

 

കുട്ടികളിലും യൗവനയുക്തരിലും കാണുന്ന പ്രമേഹത്തെ ടൈപ്പ് 1 ഡയബെറ്റിസ് എന്നും മദ്ധ്യ വയസ്‌കരിലും മുതിര്‍ന്നവരിലും കാണുന്ന പ്രമേഹത്തെ ടൈപ്പ് 2 ഡയബെറ്റിസ് എന്നും പറയുന്നു. ഇതില്‍ ടൈപ്പ് 1 ഡയബെറ്റിസിന് ഇന്‍സുലിന്‍ മാത്രമാണ് ചികിത്സാ വിധി. എന്നാല്‍, ടൈപ്പ് 2 ഡയബെറ്റിസില്‍ ഇന്‍സുലിനും ഗുളികകളും ചികിത്സാവിധികളാണ്. കോവിഡ് ബാധിതരില്‍ ടൈപ്പ് 1 ഡയബെറ്റിസുകാര്‍ക്ക്, ഡയബെറ്റിസ് കീറ്റോഅസിഡോസിസ് എന്ന മാരകമായ സങ്കീര്‍ണ്ണത വരാനുള്ള സാദ്ധ്യത കൂടുതലാണ്. അതിനാല്‍, നാലു മണിക്കൂര്‍ ഇടവിട്ട് ഷുഗര്‍ നോക്കുന്നത് നന്നായിരിക്കും. രക്തത്തിലെ പഞ്ചസാര കൂടുന്നതും കുറയുന്നതും അനുസരിച്ച് ഇന്‍സുലിന്റെ അളവിലും മാറ്റങ്ങള്‍ വരുത്തണം. രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുടുന്നതുപോലെ പ്രാധാന്യമര്‍ഹിക്കുന്നതാണ് കുറയുന്നതും. ഇതിനു ഹൈപ്പോഗ്ലൈസീമിയ എന്നുപറയുന്നു. പ്രമേഹ രോഗികള്‍ മധുരം കലര്‍ന്ന സാധനങ്ങള്‍ എപ്പോഴും അരികെ സൂക്ഷിക്കുന്നത് സുരക്ഷിതമായിരിക്കും. പഞ്ചസാര, തേന്‍, ഗ്ലൂക്കോസ് ടാബ്ലറ്റ്, ഫ്രൂട്ട് ജ്യൂസ് മുതലായവ കരുതാം. ഷുഗര്‍ കുറയുന്ന ലക്ഷണങ്ങള്‍ കണ്ടാല്‍ ഗ്ലുക്കോമീറ്റര്‍ ഉപയോഗിച്ച് പരിശോധിക്കണം. ഷുഗര്‍ കുറവായി കണ്ടാല്‍ മധുര പദാര്‍ത്ഥം ഡോക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള അളവില്‍ ഉപയോഗിക്കുക. വെള്ളം ധാരാളമായി കുടിക്കുക.

 

കോവിഡിനെ അകറ്റിനിര്‍ത്താം

 

* കോവിഡ് രോഗിയില്‍ നിന്നും ബന്ധപ്പെട്ടവരില്‍ നിന്നും അകലം പാലിക്കുക.


* കോവിഡ് രോഗം പടര്‍ന്നു പിടിക്കുമ്പോള്‍ ആരെന്നു നോക്കാതെ എല്ലാവരില്‍ നിന്നും അകലം പാലിക്കുക.


* ഒരാളില്‍ നിന്ന് കുറഞ്ഞത് ഒരു മീറ്റര്‍ അഥവാ മൂന്നടി അകലം പാലിക്കണം.കാരണം കൊറോണ വൈറസ് പടരുന്നത് ഡ്രോപ്ലെറ്റ് ഇന്‍ഫെക്ഷന്‍ മുഖേനയാണ്.കൊറോണ ബാധിതനായ ഒരാള്‍ ചുമയ്ക്കുമ്പോള്‍ അയാളില്‍ നിന്ന് സ്രവത്തിന്റെ അസംഖ്യം ചെറിയ തുള്ളികള്‍ അന്തരീക്ഷത്തിലേയ്ക്ക് വിസര്‍ജിക്കപ്പെടുന്നു.ഈ ആളിനോട് അടുത്തു നില്‍ക്കുന്ന മറ്റൊരാളിന്റെ ശ്വാസ നാളത്തിലേക്ക് ഈ കൊറോണ വൈറസുകള്‍ കടന്നു കയറുന്നു. അങ്ങനെ ആ വ്യക്തിയും കൊറോണ ബാധിതനാകുന്നു. ഇതാണ് ഡ്രോപ് ലെറ്റ് ഇന്‍ഫെക്ഷന്‍. അതിനാല്‍ സുരക്ഷിത അകലം എപ്പോഴും എല്ലാവരുടെയും മനസില്‍ ഉണ്ടായിരിക്കണം.

 

* ഇടവിട്ട് കൈകള്‍ ഇരുപതു സെക്കന്റെങ്കിലും സോപ്പ് ഉപയോഗിച്ച് കഴുകണം. കൈകളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന വൈറസുകളെ നശിപ്പിക്കാന്‍ വേണ്ടിയാണിത്.


* കൈകള്‍ കഴുകാതെ കണ്ണുകള്‍ തിരുമ്മുകയും മൂക്കിലോ ചുണ്ടിലോ തൊടുകയും ചെയ്യരുത്. ഒരു കൊറോണ രോഗി കൈകൊണ്ടു തൊടുന്ന സ്ഥലങ്ങളില്‍ പറ്റി പ്പിടിച്ചിരിക്കുന്ന വൈറസുകള്‍ ആ ഭാഗത്തു തൊടുന്ന ആളിന്റെ കൈ വെള്ളയില്‍ പടരുകയും മുഖം തിരുമ്മുമ്പോള്‍ പകരുകയും ചെയ്യുന്നു.

 

കൂട്ടം കൂടുന്നത് ഒഴിവാക്കുക.

 

* ആവശ്യമില്ലാത്ത യാത്രകള്‍ ഒഴിവാക്കുക.


* ഒഴിവാക്കാന്‍ വയ്യെങ്കില്‍ മാത്രം ആശുപത്രികളില്‍ പോകുക.


* പുറത്തു പോകേണ്ടി വന്നാല്‍ മാസ്‌ക് ഉപയോഗിക്കക.


* വീടും പരിസരവും ശുചിയായി സൂക്ഷിക്കുക.


* ഓര്‍ക്കുക-വൃക്തി ശുചിത്വവും പരിസര ശുചിത്വവും കോവിഡ് 19 എന്ന മഹാമാരിയെ ഒഴിച്ചു നിര്‍ത്താന്‍ ഏറെ അത്യന്താപേക്ഷിതമാണ്.


* കോവിഡ് രോഗത്തിന് ചികിത്സയില്ല.വരാതെ സൂക്ഷിക്കുക മാത്രമാണ് പ്രതിവിധി. സുരക്ഷിതമായ അകലം പാലിക്കുക.