Wednesday 13 November 2019




എലിപ്പനി പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാന്‍ നഗരസഭ

By Sarath Surendran.07 Sep, 2018

imran-azhar

 


തിരുവനന്തപുരം : നഗരസഭ പരിധിയില്‍ എലിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നഗരസഭ ഹെല്‍ത്ത് വിഭാഗവും ആരോഗ്യ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്നതിന് നഗരസഭാ മേയര്‍ അഡ്വ.വി.കെ.പ്രശാന്തിന്റെ നേതൃത്വത്തില്‍ നടന്ന അവലോകന യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി നഗരസഭയിലെ എല്ലാ വാര്‍ഡുകളിലും സെപ്റ്റംബര്‍ 8 ന് മുമ്പ് ഹെല്‍ത്ത് സര്‍ക്കിള്‍തല ശുചിത്വാരോഗ്യ സമിതി യോഗം ചേരും.

 

സെപ്റ്റംബര്‍ 8 ന് എല്ലാ വാര്‍ഡുകളിലും എലിനിയന്ത്രണത്തിന്റെ ഭാഗമായി എലിവിഷം വിതരണം ചെയ്യുന്നതിനും പൊതുസ്ഥലങ്ങളില്‍ ചത്തുകിടക്കുന്ന എലികളെ യഥാസമയം നീക്കം ചെയ്യാനും തീരുമാനിച്ചു. ഇതിനാവശ്യമായ എലിവിഷം ഹെല്‍ത്ത് സര്‍ക്കിളുകള്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്. തീരദേശമേഖലകളിലും കോളനികളിലും ഭവനസന്ദര്‍ശനം നടത്തി എലിപ്പനിയ്‌ക്കെതിരെ ബോധവല്‍ക്കരണ പ്രവര്‍ത്തനം നടത്തും.

 

കുടുംബശ്രീ. ആശാവര്‍ക്കര്‍ ജീവനക്കാര്‍ നഗരസഭ ആരോഗ്യവകുപ്പ് ജീവനക്കാര്‍, ശുചീകരണ തൊഴിലാളികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, റസിഡന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ എന്നിവരുടെ സഹകരണത്തോടെ സെപ്റ്റംബര്‍ 9 മുതല്‍ 15 വരെയുള്ള തീയതികളില്‍ പ്രചരണവാരം സംഘടിപ്പിക്കും. മലിനജലവുമായി സമ്പര്‍ക്കമുണ്ടാവാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കും എലിപ്പനി പ്രതിരോധമരുന്ന് എല്ലാ ആഴ്ചയിലും വിതരണം ചെയ്യണം. വെള്ളക്കെട്ടുള്ള പ്രദേശങ്ങളില്‍ കൊതുകുജന്യ രോഗങ്ങള്‍ തടയുന്നതിന് മലിനജലം ഒഴുകുന്ന പ്രദേശങ്ങളില്‍ സ്‌പ്രേയിംഗ്, ഫോഗിംഗ് സെപ്റ്റംബര്‍ 10 ന് നടത്തുന്നതിന് തീരുമാനിച്ചു.

 

പൊതുസ്ഥലങ്ങളിലുള്ള മാലിന്യം വേര്‍തിരിച്ച് ജൈവമാലിന്യങ്ങള്‍ എയ്‌റോബിക് ബിന്നുകളിലേയ്ക്ക് മാറ്റുന്നതിനും അജൈവമാലിന്യങ്ങള്‍ പുനരുപയോഗത്തിന് കൈമാറുന്നതിനും നടപടി സ്വീകരിച്ചു. പ്രളയബാധിത കിണറുകളിലെ വെള്ളം പരിശോധിച്ച് ആവശ്യമായ അളവില്‍ ക്ലോറിനേഷന്‍ നടത്തുന്നതിനും പൊതുസ്ഥലങ്ങളില്‍ ബ്ലീച്ചിംഗ് പൗഡര്‍ വിതറുന്നതിനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സെപ്റ്റംബര്‍ 15 നകം ഓടകളിലെ മണ്ണ് നീക്കം ചെയ്യുന്നതിനും തീരുമാനിച്ചിട്ടുണ്ട്.

 

യോഗത്തില്‍ നഗരസഭ സെക്രട്ടറി എല്‍.എസ്.ദീപ, ഡി.എം.ഒ യെ പ്രതിനിധീകരിച്ച് ഡോ.നീനറാണി, ഹെല്‍ത്ത് ഓഫീസര്‍ ഡോ.എ.ശശികുമാര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെകടര്‍മാര്‍, ആരോഗ്യവകുപ്പ് ജീവനക്കാര്‍ എന്നിവരും പങ്കെടുത്തു.