Friday 07 August 2020




നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ല, പോത്തീസിന് പൂട്ടിട്ട് നഗരസഭ...

By online desk.30 Jun, 2020

imran-azhar

 

 

തിരുവനന്തപുരം: പോത്തീസ് ടെക്‌സ്‌റ്റൈല്‍സ് ആന്റ് സൂപ്പര്‍ സ്റ്റോഴ്സിലെ സ്സൂപ്പര്‍ മാര്‍ക്കറ്റ് നഗരസഭ താല്‍ക്കാലികമായി അടച്ചുപൂട്ടി. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പാളയം, ചാല മാര്‍ക്കറ്റുകള്‍ക്കൊപ്പം നഗരത്തിലെ മാളുകളിലെ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്കും തുറന്ന് പ്രവര്‍ത്തിക്കുന്നതിന് നഗരസഭ ക്രമീകരണം ഏര്‍പ്പെടുത്തിയിരുന്നു. ആള്‍ക്കൂട്ടം കുറയ്ക്കുന്നതിന് വേണ്ടിയാണ് നഗരസഭ ഇത്തരമൊരു ക്രമീകരണം ഏര്‍പ്പെടുത്തിയിരുന്നത്. ഇത് ലംഘിച്ച് അവധി ദിവസമായിരുന്ന ഞായറാഴ്ച്ച ദിവസവും പോത്തീസ് തുറന്ന് പ്രവര്‍ത്തിച്ചു. തുടര്‍ന്ന് നഗരസഭ ആരോഗ്യ വിഭാഗം മുന്നറിയിപ്പ് നല്‍കിയെങ്കിലും നിയന്ത്രണങ്ങള്‍ പാലിച്ചില്ല. തുടര്‍ന്നും പോത്തീസിലെ സൂപ്പര്‍മാര്‍ക്കറ്റ് യാതൊരു വിധ നിയന്ത്രണങ്ങളുമില്ലാതെ തുറന്ന് പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നഗരസഭ നടപടിയെടുത്തത്. മേയര്‍ കെ.ശ്രീകുമാറിന്റെ നേതൃത്വത്തില്‍ പോത്തീസില്‍ തിങ്കളാഴ്ച്ച പരിശോധന നടത്തിയിരുന്നു. തുടര്‍ന്നാണ് നിയന്ത്രണങ്ങള്‍ പാലിക്കാതെ തുറന്ന് പ്രവര്‍ത്തിച്ച പോത്തീസിലെ സൂപ്പര്‍ മാര്‍ക്കറ്റ് നോട്ടീസ് നല്‍കി താല്‍ക്കാലികമായി അടച്ചിടാന്‍ നഗരസഭ തീരുമാനിച്ചത്. നേരത്തെയും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ നഗരത്തിലെ പ്രമുഖ സ്ഥാപനങ്ങള്‍ക്കെതിരെ നഗരസഭയുടെ നേതൃത്വത്തില്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.

 

ഇത്തരത്തില്‍ ആള്‍ക്കൂട്ടമുണ്ടെന്ന പരാതിയെ തുടര്‍ന്ന് പേരൂര്‍ക്കട, കുമരിച്ചന്ത മാര്‍ക്കറ്റുകളില്‍ മേയറുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശനം നടത്തി. നിലവിലെ സാഹചര്യത്തില്‍ ഇരു മാര്‍ക്കറ്റുകളിലും പ്രത്യേക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ട തരത്തിലുള്ള സാഹചര്യങ്ങളില്ലെന്നാണ് പരിശോധനയില്‍ മനസ്സിലാക്കാന്‍ കഴിഞ്ഞതെന്ന് മേയര്‍ അറിയിച്ചു. കുമരിച്ചന്ത മാര്‍ക്കറ്റില്‍ പൊലീസിന്റെ നിയന്ത്രണം നിലവിലുണ്ട്. എന്നിരുന്നാലുംപരാതികള്‍ ഉയര്‍ന്ന സ്ഥിതിക്ക് രണ്ട് ദിവസം ഇരു മാര്‍ക്കറ്റുകളിലും ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്താനാണ് നഗരസഭയുടെ തീരുമാനം. ആള്‍ക്കൂട്ടം നിയന്ത്രണാതീതമാണെങ്കില്‍ ചാല,പാളയം മാര്‍ക്കറ്റുകളില്‍ ഏര്‍പ്പെടുത്തിയതിന് സമാനമായ ക്രമീകരണങ്ങള്‍ പേരൂര്‍ക്കട,കുമരിച്ചന്ത മാര്‍ക്കറ്റുകളിലും കൊണ്ടുവരുമെന്ന് മേയര്‍ പറഞ്ഞു. ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ രോഗം പടരുന്ന സാഹചര്യത്തില്‍ വ്യാപാര സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് നഗരസഭയുടെയും പൊലീസിന്റെയും നേതൃത്വത്തില്‍ കര്‍ശന പരിശോധനയാണ് നടക്കുന്നത്.

 

-------------------------------------------------------------------------------------

 

കോറോണിലുമായി ആളെ പറ്റിക്കാനിറങ്ങിയ രാംദേവിനെ പൂട്ടി മഹാരാഷ്ട്ര സർക്കാർ