Tuesday 20 August 2019




കോര്‍പ്പറേഷന്റെ വരുമാനം വര്‍ദ്ധിച്ചു: മേയര്‍

By Sooraj Surendran .19 Feb, 2019

imran-azhar

 

 

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയുടെ തനതുവരുമാനം വര്‍ദ്ധിച്ചതായി മേയര്‍ വി.കെ. പ്രശാന്ത്. ബജറ്റ് അവതരണത്തിനു മുന്നോടിയായി നടത്തിയ ആമുഖ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ജിഎസ്ടി നടപ്പാക്കിയതിന്റെ ഫലമായി പരസ്യനികുതിയും വിനോദനികുതിയും ഉള്‍പ്പെടെയുള്ള വിഭവസ്രോതസുകള്‍ നിഷ്ടപ്പെട്ടിട്ടു കൂടി 2017-18ല്‍ തനതുവരുമാനം 125.8 കോടി രൂപയായി നിലനിര്‍ത്താന്‍ കഴിഞ്ഞു. ഈവര്‍ഷം തനതുവരുമാനം 178 കോടിയായാണ് വര്‍ദ്ധിച്ചതെന്നും മേയര്‍ പറഞ്ഞു. മാര്‍ച്ചിനു മുമ്പുതന്നെ ഇത്രയധികം വര്‍ദ്ധനവ് നഗരസഭ നടത്തിയത് നികുതിപിരിവിന്റെ ഫലമാണ്. എല്ലാ മേഖലയ്ക്കും പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ബജറ്റാണ് അവതരിപ്പിച്ചത്. ഡിസംബര്‍ മാസത്തില്‍ തന്നെ നഗരസഭയുടെ പദ്ധതിപ്രഖ്യാപനം നടത്തിയിരുന്നു. അതിനാല്‍ സര്‍ക്കാര്‍ പുതുതായി അനുവദിക്കുന്ന തുക ഉപയോഗിച്ചു വേണം ഇപ്പോള്‍ ബജറ്റില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ നടപ്പാക്കാന്‍.

 

സമ്പൂര്‍ണ ഭവനരഹിത നഗരമാണ് കോര്‍പ്പറേഷന്റെ ലക്ഷ്യം. അതിനോടൊപ്പം നഗരസഭ നല്‍കുന്ന വീടുകള്‍ക്ക് സൗരോര്‍ജ പാനലുകളും സ്ഥാപിക്കും. സംസ്ഥാന സര്‍ക്കാരിന്റെ സൗരോര്‍ജ പദ്ധതിയുടെ ചുവടുപിടിച്ചാണ് കോര്‍പ്പറേഷനും ഈ പദ്ധതി നടപ്പാക്കുന്നത്. അതിനു പുറമെ മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനും പ്രത്യേക ഊന്നല്‍ നല്‍കിയിട്ടുണ്ട്. പഞ്ഞമാസത്തില്‍ അവരുടെ കഷ്ടപ്പാടുകള്‍ മനസിലാക്കി അവരുടെ ക്ഷേമത്തിനായി പ്രത്യേക തുക വകയിരുത്തി. നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റില്‍ തിരുവനന്തപുരം നഗരത്തില്‍ ഇ-ബസുകള്‍ക്കായി പ്രത്യേക വിഹിതം അനുവദിച്ചിരുന്നു. അതിന്റെ ചുവടുപിടിച്ചാണ് നഗരത്തില്‍ ഇ-ഓട്ടോറിക്ഷകള്‍ നഗരസഭ നടപ്പാക്കുന്നത്. വനിതകള്‍ക്കും ട്രാന്‍സ്‌ജെന്റേഴ്‌സിനും ഇത് ഏറെ ഉപകാരപ്രദമാകും. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. അതിനു പുറമെ തലസ്ഥാന നഗരം നേരിട്ടുകൊണ്ടിരിക്കുന്ന വായു മലിനീകരണം തടയാനാകും. സര്‍ക്കാരിന്റെ മറ്റൊരു പദ്ധതിയായ സ്മാര്‍ട്ട് ക്ലാസ് റൂം നഗരസഭ വ്യത്യസ്ത തലങ്ങളിലാണ് നടപ്പാക്കുന്നത്. യുപി, എല്‍പി വിഭാഗം സ്‌കൂളുകളെ സ്മാര്‍ട്ടാക്കുകയാണ് നഗരസഭയുടെ ലക്ഷ്യം. കേരളത്തില്‍ ഇതുവരെ വനിതകള്‍ക്കു മാത്രമായി യോഗ സെന്റര്‍ നിലവിലില്ല. തിരുവനന്തപുരം നഗരസഭയുടെ ആഭിമുഖ്യത്തില്‍ അവര്‍ക്കു മാത്രമായി ഒരു യോഗ സെന്റര്‍ സ്ഥാപിക്കും. 15 ഇടങ്ങളിലെങ്കിലും ഈ സെന്റര്‍ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നതെന്നും മേയര്‍ വ്യക്തമാക്കി.


സേവന മേഖലകള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുന്ന ബജറ്റാണ് ഇതെന്ന് ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍. ഹെല്‍ത്തി തിരുവനന്തപുരം വാര്‍ത്തെടുക്കുകയാണ് ഈ ബജറ്റിലൂടെ ലക്ഷ്യമിടുന്നത്. നിരവധി പുതിയ പദ്ധതികള്‍ നഗരസഭ നടപ്പാക്കുന്നുണ്ട്. പട്ടികജാതി കോളനികളുടെ നവീകരണമാണ് പ്രധാനം. അതിന് 12 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. മുന്‍കാലങ്ങളില്‍ പട്ടികജാതി സങ്കേതങ്ങള്‍ രൂപപ്പെടുത്തിയിരുന്നു. അവയില്‍ പലതും ശോച്യാവസ്ഥയിലാണ്. ഇത്തരം സങ്കേതങ്ങളുടെയും കോളനികളുടെയും നവീകരണത്തിനാണ് ഈ തുക വിനിയോഗിക്കുക.