Tuesday 16 July 2019
നഗരത്തിന്റെ മുഖച്ഛായ മാറ്റാനൊരുങ്ങി മാസ്റ്റര്‍പ്ലാന്‍

By Sarath Surendran.11 Oct, 2018

imran-azhar

 

തിരുവനന്തപുരം : നഗരത്തിന്റെ മുഖച്ഛായ മാറ്റാനൊരുങ്ങി മാസ്റ്റര്‍പ്ലാന്‍. ഇരുപത് വര്‍ഷത്തേയ്ക്കുള്ള നഗരത്തിന്റെ വികസനത്തെ നിയന്ത്രിക്കാന്‍ തക്ക വിധത്തിലാണ് നഗരസഭയുടെ മാസ്റ്റര്‍പ്ലാന്‍ തയ്യാറാകുന്നത്. പ്രത്യേക കമ്മിറ്റിയെയും 18 വര്‍ക്കിംഗ് ഗ്രൂപ്പുകളെയും മാസ്റ്റര്‍പ്ലാനിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ചുമതലപ്പെടുത്തും. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഇതിനായി പ്ലാനിംഗ് ടീമിനെയും സര്‍വ്വേകള്‍ ഏകോപിപ്പിക്കുന്നതിനായി മുഖ്യനഗരാസൂത്രണ കാര്യാലയം മേഖലാ നഗരാസൂത്രണ കാര്യാലയം എന്നിവിടങ്ങളില്‍ നിന്നുമുള്ള 10 ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തി കഴിഞ്ഞു. മുന്‍പ് നിരവധി അഴിമതി ആരോപണങ്ങള്‍ക്ക് വിധേയമായ മാസ്റ്റര്‍പ്ലാന്‍ ഇത്തവണ തീര്‍ത്തും ജനകീയമായായിരിക്കും സര്‍വ്വേ പൂര്‍ത്തിയാക്കുകയെന്ന് മേയര്‍ അറിയിച്ചു. ജനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ശേഖരിക്കുന്നതിനായി ഒന്നാം ഘട്ടത്തില്‍ വാര്‍ഡ് തല യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കും. രണ്ടാം ഘട്ടത്തില്‍ മാസ്റ്റര്‍പ്ലാന്‍ ഡ്രാഫ്റ്റ് ചര്‍ച്ച ചെയ്യുന്നതിനായി വീണ്ടും വാര്‍ഡ് തല യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കും. തുടര്‍ന്ന് വെബ്‌സൈറ്റ്, വാട്‌സ് ആപ്പ്, ഇ-മെയില്‍ എന്നിവയിലൂടെ അഭിപ്രായ ശേഖരണം നടത്തും. മാധ്യമങ്ങളില്‍ നിന്നും നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കും.

 

മാസ്റ്റര്‍പ്ലാനിന്റെ ആദ്യഘട്ടമെന്നോണമാണ് ഭൂവിനിയോഗ സര്‍വ്വേയും സാമൂഹ്യ സാമ്പത്തിക സര്‍വ്വേയും നടത്തുന്നത്. സാമൂഹിക സാമ്പത്തിക സര്‍വ്വേയ്ക്കായി എന്‍.എസ്.എസ് ടെക് സെല്ലുമായി കരാറുണ്ടാക്കാനുള്ള നടപടികളും നാഷണല്‍ റിമോട്ട് സെന്‍സിംഗ് സെന്ററിന്റെ സഹായത്തോടെ നഗരത്തിന്റെ ഉപഗ്രഹ ചിത്രങ്ങളും തയ്യാറായി കഴിഞ്ഞു. ചോദ്യാവലിയോട് കൂടിയാവും സര്‍വ്വേ നടത്തുക, ഓരോ വാര്‍ഡില്‍ നിന്നും 250 ഭവനങ്ങളില്‍ നിന്നാണ് സാമൂഹിക-സാമ്പത്തിക സര്‍വ്വേയിലൂടെ വിവരശേഖരണം നടത്തുന്നത്, പൂര്‍ണ്ണമായും മൊബൈല്‍ ആപ്പ് ഉപയോഗിച്ച് ഓണ്‍ലൈന്‍ മുഖേനയാവും വിവരശേഖരണം നടത്തുക. ഭൂവിനിയോഗ സര്‍വ്വേയ്ക്കായി 120 പേരെ സര്‍വ്വെയ്ക്കായി ചുമതലപ്പെടുത്തും 2 പേരടങ്ങുന്ന 60 ടീമുകളെ ഇതിനായി നിയോഗിക്കും. പൈലറ്റ് സര്‍വ്വെ ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്.

 

മാസ്റ്റര്‍പ്ലാനിലൂടെ ആസൂത്രണപ്രദേശത്തിന്റെ ഏറ്റവും അനുയോജ്യമായ സ്ഥലവിനിയോഗ ക്രമവും ഭൂവിനിയോഗവും കൃത്യമായി സാധ്യമാകുമെന്നാണ് നഗരസഭയുടെ പക്ഷം. കൂടാതെ വ്യാവസായികം, വാണിജ്യം തുടങ്ങി ഒരു പ്രദേശത്തെ വിവിധ വികസന പ്രവര്‍ത്തനങ്ങളെ പരിസ്ഥിതിയ്ക്ക് ഇണങ്ങുന്ന രീതിയില്‍ സ്ഥാനനിര്‍ണ്ണയം ചെയ്യാന്‍ മാസ്റ്റര്‍പ്ലാനിലൂടെ സാധിക്കുന്നു. നഗരസഭാ പ്രദേശത്തിന്റെ ഭാവി വികസനത്തിനുള്ള ഒരു രേഖാ ചിത്രമാണ് മാസ്റ്റര്‍പ്ലാന്‍ അതിനനുസരിച്ച് രൂപപ്പെടുത്തുന്ന വികസന നിര്‍ദ്ദേശങ്ങളും ഇവയെ സ്ഥാന നിര്‍ണ്ണയം ചെയ്തു കൊണ്ടുള്ള ഭൂവിനിയോഗ മാപ്പും ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ നഗരഗ്രാമാസൂത്രണ ആക്ട് പ്രകാരം ജി.ഐ.എസ്(ജിയോഗ്രഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം) അധിഷ്ഠിത മാസ്റ്റര്‍പ്ലാനായതിനാല്‍ മേഖലാതല വികസന പ്രവര്‍ത്തനങ്ങളെ ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ സാധിക്കുന്നുവെന്നത് പുതിയ മാസ്റ്റര്‍പ്ലാനിന്റെ സവിശേഷതയാണ്. ഇതിലൂടെ പ്രവര്‍ത്തനങ്ങളെ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു.

 

2017 ഡിസംബറിലെ കൗണ്‍സില്‍ തീരുമാനപ്രകാരം മാസ്റ്റര്‍പ്ലാനിന്റെ നടത്തിപ്പിനായി കൃഷി, മത്സ്യമേഖല, വ്യവസായം, കുടിവെള്ളം-സീവറേജ്, ശുചിത്വം-മാലിന്യ സംസ്‌കരണം, പരിസ്ഥിതി, ഗതാഗതം, ഭവനം-ചേരി വികസനം, ടൂറിസം-പൈതൃകം, വിദ്യാഭ്യാസം, ആരോഗ്യം, ദുരന്തനിവാരണം, അടിസ്ഥാന സൗകര്യം, ഊര്‍ജ്ജം, വാണിജ്യം, വ്യാപാരം, സാമൂഹിക-സാംസ്‌കാരികം, നഗരാസൂത്രണം, വനിതാ-ശിശു-ഭിന്നശേഷി-മുതിര്‍ന്ന പൗരര്‍ സൗഹൃദം എന്നിങ്ങനെ 18 വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ക്കാണ് രൂപം കൊടുത്തിട്ടുള്ളത്.