Thursday 22 August 2019




ടിക് ടോക്കിനും ഹെലോ ആപ്പിനും ഐടി മന്ത്രാലയത്തിന്റെ നോട്ടീസ്

By online desk.20 Jul, 2019

imran-azhar

 

 

ന്യൂഡല്‍ഹി; ചൈനീസ് കമ്പനി ബൈറ്റ് ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള ടിക് ടോക്, ഹെലോ എന്നീ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ നോട്ടീസ്. ഐടി മന്ത്രാലയത്തിലെ സൈബര്‍ നിയമസുരക്ഷാ വിഭാഗമാണ് നോട്ടീസയച്ചത്. 21 ചോദ്യങ്ങള്‍ക്ക് വിശദീകരണം ആവശ്യപ്പെട്ടുകൊണ്ടുള്ള നോട്ടീസില്‍ വിശദീകരണം തൃപ്തികരമല്ലെങ്കില്‍ നിരോധനം ഏര്‍പ്പെടുത്തുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. വിശദമായ മറുപടിയാണ് കമ്പനികളില്‍ നിന്നും പ്രതീക്ഷിക്കുന്നത്. ജൂലായ് 22 ന് മുമ്പ് മറുപടി നല്‍കണം. ഇത് പരാജയപ്പെട്ടാല്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം കത്തില്‍ മുന്നറിയിപ്പ് നല്‍കുന്നു. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കപ്പെടുമെന്നും സുരക്ഷാ ഭീഷണിയുണ്ടാകുമെന്നും ആരോപിച്ച് സംഘപരിവാര്‍ സംഘടനയായ സ്വദേശി ജാഗ്രണ്‍ മഞ്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരാതി നല്‍കിയതിനു പിന്നാലെയാണ് ഇലക്ട്രോണിക്സ് -ഐടി മന്ത്രാലയത്തിന്റെ നടപടി.

 

രാഷ്ട്രീയ സ്വഭാവമുള്ള 11,000ഓളം മോര്‍ഫ് ചെയ്ത പരസ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നല്‍കുന്നതിന് മറ്റ് മാധ്യമ സ്ഥാപനങ്ങള്‍ക്ക് വന്‍ തുക നല്‍കി എന്ന ആരോപണത്തിലും ഹെലോ മറുപടി പറയണം. കൂടാതെ, കുട്ടികളുടെ സ്വകാര്യത സംബന്ധിച്ച ചില ആശങ്കകളും സര്‍ക്കാര്‍ ഉന്നയിച്ചിട്ടുണ്ട്. ഉപയോക്താക്കളായി ചേരുന്നതിന് രണ്ട് പ്ലാറ്റ്ഫോമുകളിലും 13 വയസാണ് പ്രായം നിശ്ചയിച്ചിട്ടുള്ളത്. ഇന്ത്യയിലെ നിയമ പ്രകാരം 18 വയസിനു താഴെയുള്ളവരെ പ്രായപൂര്‍ത്തിയാകാത്തവര്‍ അഥവാ കുട്ടികള്‍ എന്ന വിഭാഗത്തിലാണ് കണക്കാക്കുന്നത്.


മൂന്നാം കക്ഷി സ്ഥാപനങ്ങള്‍ക്ക് വിവരങ്ങള്‍ കൈമാറുന്നത് സംബന്ധിച്ചും എന്ത് ആവശ്യത്തിനാണ് അത് കൈമാറുന്നതെന്നും വ്യക്തമാക്കാന്‍ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമാകുന്നുവെന്ന ആരോപണത്തിനും വിശദീകരണം നല്‍കണം. ഇന്ത്യന്‍ നിയമങ്ങള്‍ പാലിക്കപ്പെടുന്നതിനായി എടുത്തിട്ടുള്ള നടപടികള്‍, വ്യാജവാര്‍ത്തകള്‍ പരിശോധിക്കുന്നതിനും നീക്കം ചെയ്യുന്നതിനുമുള്ള സംവിധാനം എന്നിവയെ കുറിച്ചും ആരാഞ്ഞിട്ടുണ്ട്.