Saturday 06 June 2020




വധശിക്ഷയ്ക്ക് സ്റ്റേയില്ല; നിർഭയ കേസിലെ പ്രതികളെ വെള്ളിയാഴ്ച തൂക്കിലേറ്റും

By Sooraj Surendran .19 Mar, 2020

imran-azhar

 

 

ന്യൂ ഡൽഹി: നിർഭയ കൂട്ടബലാത്സംഗ കേസിലെ പ്രതികളെ വെള്ളിയാഴ്ച വെളുപ്പിന് 5:30ന് തൂക്കിലേറ്റും. പലതവണ മരണവാറന്റ് മാറ്റിവെച്ചശേഷമാണ് വധശിക്ഷ വെള്ളിയാഴ്ച നടപ്പിലാക്കാനിരിക്കുന്നത്. ജനുവരി 22, ഫെബ്രുവരി 1, മാർച്ച് 3 എന്നീ തീയതികളിൽ മരണവാറന്റ് പുറപ്പെടുവിച്ചിരുന്നെങ്കിലും അവസാന നിമിഷത്തിൽ പ്രതികൾ ഹർജികൾ സമർപ്പിച്ചതിനാൽ വധശിക്ഷ മാറ്റുകയായിരുന്നു. വധശിക്ഷ നടപ്പാക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ പ്രതി മുകേഷ് സിംഗ് സമർപ്പിച്ച ഹർജിയും സുപ്രീംകോടതി തള്ളി. കേസിൽ പുനഃപരിശോധനാ ഹർജിയും, തിരുത്തൽ ഹർജിയും തന്റെ അനുവാദമില്ലാതെ അഭിഭാഷകനാണ് സമർപ്പിച്ചതെന്ന വാദവും കോടതി തള്ളി. അതേസമയം കേസിനാസ്പദമായ സംഭവം നടന്ന ദിവസം താൻ ഡൽഹിയിൽ ഉണ്ടായിരുന്നില്ലെന്നും ഹർജിയിൽ പറയുന്നു. പ്രതികൾക്ക് നിയമപരമായ ഒരു അവകാശവും ബാക്കിനിൽക്കുന്നില്ലെന്നും അതിനാൽ വെള്ളിയാഴ്ച തന്നെ വധശിക്ഷ നടപ്പാക്കുമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ വാദിച്ചു.

 

2012 ഡിസംബർ 16നു രാത്രിയിൽ, മുനീർക്കയിൽ ദ്വാരകയ്ക്ക് അടുത്തുള്ള മഹാവീർ എൻക്ലേവിലേക്കു ബസിൽ പോയ ഫിസിയോതെറപ്പി വിദ്യാർഥിനിയാണു കൊടുംക്രൂരതയ്ക്ക് ഇരയായത്. ഡിസംബർ 29നാണ് വിദ്യാർത്ഥി മരണത്തിന് കീഴടങ്ങിയത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതികളായ പ്രതികളായ മുകേഷ് (29), വിനയ് ശർമ (23), അക്ഷയ് കുമാർ സിങ് (31), പവൻ ഗുപ്ത (22) എന്നിവരാണ് വധശിക്ഷ കാത്ത് കഴിയുന്നത്.