Friday 05 June 2020




പൂജപ്പുരയില്‍ കോവിഡ് 19 പരിശോധനയ്ക്കുള്ള സംവിധാനം

By Online Desk .26 Mar, 2020

imran-azhar

 

തിരുവനന്തപുരം: പൂജപ്പുരയിലെ ബയോമെഡിക്കല്‍ ടെക്നോളജി വിഭാഗത്തില്‍ കോവിഡ് 19 പരിശോധനയ്ക്കുള്ള സംവിധാനം. ദിവസങ്ങള്‍ക്കുള്ളില്‍ ഇവിടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി സ്വീകരിച്ച് തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു.
കോവിഡ് രോഗം പരിശോധിച്ച് അറിയുന്നതിനുള്ള സംവിധാനം, റെസ്പിറേറ്ററി സപ്പോര്‍ട്ട്, ബയോമെറ്റീരിയലുകള്‍, കോവിഡിനുള്ള മോളിക്യുളാര്‍ ബയോളജിക്കല്‍ സൊല്യൂഷന്‍സ് എന്നിവയുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യകള്‍ പ്രാദേശികമായി ലഭ്യമായ ഉത്പാദന സൗകര്യങ്ങളും അസംസ്‌കൃത വസ്തുക്കളും ഉപയോഗിച്ച് തയ്യാറാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലാണ് ബയോമെഡിക്കല്‍ ടെക്നോളജി വിഭാഗം. മുഖം ആവരണം ചെയ്യുന്നതിനുള്ള രണ്ട് ലളിതമായ സാങ്കേതികവിദ്യകളും രോഗികളെ ആശുപത്രിയിലേക്ക് കൊണ്ടുവരുമ്പോഴും മറ്റും വെന്റിലേറ്റിന്റെ സഹായമില്ലാതെ ഉപയോഗിക്കാന്‍ കഴിയുന്ന ഓട്ടോമേറ്റഡ് റെസ്പിറേറ്ററി സപ്പോര്‍ട്ട് എന്നിവയും ഇക്കൂട്ടത്തില്‍പ്പെടുന്നു.
ഇന്‍സ്റ്റിറ്റ്യൂട്ടിലെ കോവിഡ് സെല്‍, സംസ്ഥാന ആരോഗ്യവകുപ്പ് എന്നിവ മുഖാന്തിരം കോവിഡ് ബാധ തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ അച്യുതമേനോന്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സ് സ്റ്റഡീസ് സജീവമാണ്. കോവിഡ് 19 നേരിടുന്നതിന് സംസ്ഥാന സര്‍ക്കാരിനെ പിന്തുണയ്ക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ ഉദ്യമങ്ങളും നിര്‍ദ്ദേശങ്ങളും ആരോഗ്യവകുപ്പിന് അച്യുതമേനോന്‍ സെന്റര്‍ സമര്‍പ്പിക്കുന്നതായിരിക്കും. അടിയന്തിര ചികിത്സ ആവശ്യമുള്ളവരെ ശ്രീചിത്രയില്‍ പ്രവേശിപ്പിക്കുന്നതാണ്. ശ്രീചിത്രയില്‍ ചികിത്സയിലുള്ള രോഗികള്‍ക്കായി നാളെ മുതല്‍ കാര്‍ഡിയോളജി, ന്യൂറോളജി വിഭാഗങ്ങളില്‍ ടെലിമെഡിസിന്‍ കണ്‍സള്‍ട്ടേഷന്‍ ആരംഭിക്കും. ടെലിമെഡിസിന്‍ സൗകര്യം പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ 0471-2524621 (ന്യൂറോളജി), 0471- 2524533 (കാര്‍ഡിയോളജി) എന്നീ നമ്പരുകളില്‍ നിശ്ചിത സമയത്ത് ബന്ധപ്പെടുക.