Wednesday 03 June 2020




ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കാനുളള തയാറെടുപ്പുകള്‍ തുടങ്ങി?

By online desk .06 Apr, 2020

imran-azhar

 

 

ന്യൂഡല്‍ഹി : കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 21 ദിവസത്തെ അടച്ചുപൂട്ടല്‍ കാലാവധി കഴിഞ്ഞ് ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കാനുളള തയാറെടുപ്പുകള്‍ റെയില്‍വേ തുടങ്ങി. ഏപ്രില്‍ 15 മുതല്‍ സര്‍വീസ് പുനരാരംഭിക്കാനുളള തയാറെടുപ്പ് നടത്താന്‍ വിവിധ മേഖലകള്‍ക്ക് നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. അതേസമയം സര്‍വീസ് പുനരാരംഭിക്കുന്നതിനെ കുറിച്ച് ഔദ്യോഗികമായി നിര്‍ദ്ദേശങ്ങളൊന്നും നല്‍കിയിട്ടില്ലെന്ന് റെയില്‍ മന്ത്രാലയം വ്യക്തമാക്കി. ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുന്നതിനെ കുറിച്ച് ചില മാദ്ധ്യമ റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ടവര്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദ്ദേശം കൃത്യ സമയത്ത് നല്‍കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.


എന്നാല്‍ ജോലിക്കായി ജീവനക്കാരെ നിയോഗിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി വാര്‍ത്ത ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. ട്രെയിന്‍ സര്‍വീസ് പുനരാരംഭിച്ചാല്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനായി ചെയ്യേണ്ട കാര്യങ്ങള്‍ റെയില്‍ വേ ഉദ്യോഗസ്ഥര്‍ ചര്‍ച്ച ചെയ്തു തുടങ്ങിയെന്നാണ് പി.ടി.ഐ റിപ്പോര്‍ട്ട്. അതേസമയം യാത്ര തീവണ്ടികള്‍ എന്ന് യാത്ര പുനരാരംഭിക്കുമെന്നത് സംബന്ധിച്ച് തീരുമാനമുണ്ടാകാത്ത സാഹചര്യത്തില്‍ സര്‍ക്കാരില്‍ നിന്ന് അനുമതി ലഭിച്ച ശേഷം ഘട്ടം ഘട്ടമായി ഇത് നടപ്പിലാകാനാണ് സാദ്ധ്യതയെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു.